ഒരേ കാലഘട്ടത്തിൽ തുടങ്ങി, എന്നിട്ടും ഇന്ത്യ ചൈനയെക്കാൾ ഒരുപാട് പിന്നിൽ; ഒപ്പത്തിനൊപ്പം കേരളം മാത്രം

ഒരേ കാലഘട്ടത്തിൽ ഏകദേശം ഒരേ ആളോഹരി വരുമാനത്തില്‍ തുടങ്ങിയ ഇന്ത്യയുടെയും ചൈനയുടെയും വികസനങ്ങൾ പകലും രാത്രിയും പോലെ വ്യത്യസ്തമെന്ന് പറയുന്ന വീഡിയോ വൈറലാവുകയാണ്. വികസനത്തിന്റെ കാര്യത്തിൽ ഇന്ത്യ ഏറെ പിന്നിലാണെന്നും ചൈനയ്ക്കൊപ്പം നിൽക്കുന്നത് കേരളം മാത്രമാണെന്നുമാണ് വീഡിയോയിൽ പറയുന്നത്. socialista.champagne എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്ന് യുവതി പങ്കുവെച്ച വീഡിയോയിലാണ് ഇരു രാജ്യങ്ങളിലെ സാമ്പത്തിക-സാമൂഹിക വികസന സൂചകങ്ങളെ മുൻനിർത്തി വിശകലനം നടത്തിയിരിക്കുന്നത്.
സമാനമായ കൊളോണിയൽ ചരിത്രവും വലിയ ജനസംഖ്യയുമുള്ള ഇരുരാജ്യങ്ങളും 1950-കളിൽ ഒരേ നിലയിലാണ് തുടങ്ങിയത്. എന്നാൽ ഇന്ന് ബൂർഷ്വാ ജനാധിപത്യത്തേക്കാൾ സോഷ്യലിസ്റ്റ് ആസൂത്രണം എത്രത്തോളം മികച്ചതാണെന്ന് തെളിയിക്കുന്നതാണ് ഇരുരാജ്യങ്ങളുടെയും യാഥാർത്ഥ്യമെന്ന് വീഡിയോ ചൂണ്ടിക്കാണിക്കുന്നു.
കമ്യൂണിസ്റ്റ് പാർടിയുടെ നേതൃത്വത്തിൽ നടന്ന കൃത്യമായ ഭരണവും ഇടതുപക്ഷ ബദലുമാണ് ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി കേരളത്തെ ഈ സമാനതകളില്ലാത്ത നേട്ടത്തിലേക്ക് നയിച്ചതെന്ന് വീഡിയോയിൽ യുവതി പറയുന്നു. കമ്യൂണിസ്റ്റ് ഭരണത്തിന് കീഴിൽ നടന്ന കൃത്യമായ ഭൂപരിഷ്കരണവും മികച്ച സാമൂഹിക നയങ്ങളുമാണ് കേരളത്തെ അതിദരിദ്രരില്ലാത്ത കേരളമാക്കാൻ സഹായിച്ചത്. ഒപ്പം സാക്ഷരത വർദ്ധിപ്പിക്കാനും പൊതുജനാരോഗ്യത്തിൽ വലിയ മുന്നേറ്റം ഉണ്ടാക്കാനും കമ്യൂണിസ്റ്റ് ഭരണത്തിലൂടെ കേരളത്തിന് സാധിച്ചു. എന്നാൽ പണമൊഴുക്കി ആളുകളെ സ്വാധീനിക്കാൻ കഴിയുന്ന ബൂർഷ്വാ ജനാധിപത്യ വ്യവസ്ഥയുടെ പോരായ്മകൾ കാരണം ഈ വികസന മാതൃക മുന്നോട്ട് കൊണ്ടുപോകുന്നവർക്ക് പലപ്പോഴും അധികാരം നഷ്ടമാകാറുണ്ടെന്നും വീഡിയോയിൽ പറയുന്നു.
ഇതേ പോലെ തന്നെ ചൈനീസ് കമ്യൂണിസ്റ്റ് പാർടിക്ക് കീഴിൽ ചൈന വലിയ പുരോഗതിയാണ് കൈവരിച്ചതെന്നും വീഡിയോയിലുണ്ട്. ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെയോ വിദേശ സഹായമോ കൊണ്ടല്ല ചൈന ഇത് നേടിയത്. പ്രധാന വ്യവസായങ്ങളുടെ പൊതു ഉടമസ്ഥതയും കൃത്യമായ ഭൂപരിഷ്കരണവും വഴി ചൈനയിൽ 80 കോടിയിലധികം ആളുകളെയാണ് ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റിയത്. സാർവത്രിക ആരോഗ്യ പരിരക്ഷ മുതൽ രാജ്യവ്യാപകമായ ദാരിദ്ര്യ നിർമ്മാർജ്ജനം വരെയുള്ള അവരുടെ നയങ്ങൾ ജനങ്ങളെ സേവിക്കുന്നതിൽ അധിഷ്ഠിതമാണ്.
പൊതുജനാരോഗ്യത്തിനായി ചൈന ജിഡിപിയുടെ 7 ശതമാനം ചിലവഴിക്കുമ്പോൾ ഇന്ത്യ ചെലവഴിക്കുന്നത് 1 മുതൽ 2 ശതമാനം വരെ മാത്രമാണ്. ഇന്ത്യ ഇപ്പോഴും മുതലാളിത്തത്തിന്റെ പിടിയിലാണ്. ജിഡിപി ഉയരുമ്പോൾ പോലും രാജ്യത്ത് പോഷകാഹാരക്കുറവ് വ്യാപകമാണ്. ജാതി അധിഷ്ഠിത ചൂഷണങ്ങൾ ഇന്നും തുടരുന്നു. ഇന്ത്യയിൽ 1991-ൽ നടപ്പിലാക്കിയ നവലിബറൽ നയങ്ങൾ കാരണം ഒരു ചെറിയ വിഭാഗം മുതലാളിമാർ മാത്രമാണ് സമ്പന്നരായത്. ഇത് ദശലക്ഷക്കണക്കിന് സാധാരണക്കാരെയാണ് ശുദ്ധജലമോ സ്കൂളുകളോ ഇല്ലാത്ത അവസ്ഥയിലേക്ക് തള്ളിവിട്ടത്.
ഇരുരാജ്യങ്ങളും തമ്മിലുള്ള മറ്റ് വികസന സൂചകങ്ങളിലെ വലിയ വ്യത്യാസങ്ങളും വീഡിയോയിൽ കൃത്യമായി അക്കമിട്ട് വ്യക്തമാക്കുന്നുണ്ട്. ചൈനയിലെ ശരാശരി ആയുർദൈർഘ്യം ഇന്ത്യയേക്കാൾ 9 വർഷം കൂടുതലാണ്. ശിശുമരണനിരക്കിൽ ചൈനയിൽ 1,000 കുട്ടികളിൽ 4 ആണെങ്കിൽ ഇന്ത്യയിൽ ഇത് 28 ആണ്. അതേസമയം കോരളത്തിൽ ഇത് വെറും 5 മാത്രമാണ്. വികസിത രാജ്യമായ അമേരിക്കയിലെ നിരക്കിനേക്കാൾ (5.6) കുറവാണിത്. നവജാതശിശുക്കളുടെ മരണനിരക്ക് ഇന്ത്യയിൽ ദേശീയ ശരാശരി 18 ആയിരിക്കുമ്പോൾ കേരളത്തിൽ ഇത് 4ൽ താഴെ മാത്രമാണ്.
ഒരു ലക്ഷം പ്രസവങ്ങളിൽ ചൈനയിൽ 14 അമ്മമാർ മരണപ്പെടുമ്പോൾ ഇന്ത്യയിൽ ഈ നിരക്ക് 90 ആണ്. കേരളത്തിൽ മാതൃമരണ നിരക്ക് വെറും 24 മാത്രമാണ്. ചൈനയിൽ സാക്ഷരതാ നിരക്ക് 100 ശതമാനത്തോടടുക്കുന്നു.
ഇന്ത്യയുടെ വികസനം ഉന്നത വർഗ്ഗത്തിന്റെ താല്പര്യങ്ങൾക്കനുസരിച്ച് ചിതറിക്കിടക്കുമ്പോൾ ചൈനയുടെ കേന്ദ്രീകൃത ഭരണകൂടം ദീർഘകാല സാമൂഹിക വികസനത്തിലാണ് ശ്രദ്ധിക്കുന്നത്. സാധാരണക്കാരുടെ താല്പര്യങ്ങൾക്കനുസരിച്ച് പ്രവർത്തിച്ച വർഗസമീപനമാണ് ചൈനയ്ക്കും പ്രാദേശിക തലത്തിൽ കമ്യൂണിസ്റ്റ് പാർടി നയിച്ച കേരളത്തിനും വലിയ വികസനം സാധ്യമാക്കിയത്. കമ്യൂണിസ്റ്റ് ഭരണത്തിന്റെ വികസന മാതൃകകൾ വ്യക്തമാക്കുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ഷെയർ ചെയ്യപ്പെടുന്നുണ്ട്.










0 comments