ഒരു കൗതുകത്തിന് ഫുഡ് ഡെലിവറിക്കിറങ്ങി; ഏഴാം ദിവസം ഒരുലക്ഷത്തിലേറെ രൂപ സമ്പാദിച്ച് കാനഡയിലെ ഇന്ത്യൻ ദമ്പതികൾ

കാനഡയിൽ ഒരാഴ്ച ഫുഡ് ഡെലിവറി ജോലി ചെയ്താൽ എത്ര രൂപ സമ്പാദിക്കാനാകും? വെറുതെയൊരു കൗതുകത്തിന് പരീക്ഷണത്തിനിറങ്ങിയ ഇന്ത്യൻ ദമ്പതികൾക്ക് ഏഴ് ദിവസം കൊണ്ട് ലഭിച്ചത് ഒരുലക്ഷത്തിലേറെ രൂപ. കാനഡയിൽ താമസിക്കുന്ന റുമാനും തരുണുമാണ് വ്യത്യസ്തമായ പരീക്ഷണത്തിലൂടെ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിയത്. ജോലി ചെയ്തതും ലഭിച്ച വരുമാനവും ചെലവുകളുമെല്ലാം ഇൻസ്റ്റഗ്രാം വീഡിയോകളിലൂടെ പങ്കുവച്ചതോടെ ഇവരുടെ അനുഭവം ചർച്ചയായി.
കാനഡയിലെ ഫുഡ് ഡെലിവറി ജോലിയുടെ സാധ്യതകൾ നേരിട്ടറിയുകയായിരുന്നു ഇരുവരുടെയും ലക്ഷ്യം. ഇതിനായി ഊബർ ഈറ്റ്സിൽ (Uber Eats) ഡെലിവറി പാർട്ണർമാരായി രജിസ്റ്റർ ചെയ്തു. ഒരാഴ്ചയ്ക്കുള്ളിൽ ഒരുലക്ഷം രൂപ സമ്പാദിക്കാനാകുമോ എന്നതായിരുന്നു പരീക്ഷണം. ദിവസവും പത്തുമണിക്കൂർ വീതം ഇരുവരും ഭക്ഷണവിതരണം നടത്തി. ഏഴാം ദിവസം കണക്കുകൂട്ടിയപ്പോൾ ആകെ വരുമാനം 1,447 കനേഡിയൻ ഡോളർ (ഏകദേശം 1.02 ലക്ഷം രൂപ)
എന്നാൽ ഈ തുക മുഴുവൻ ലാഭമല്ലെന്ന് ദമ്പതികൾ വ്യക്തമാക്കുന്നു. ദിവസവും ശരാശരി 35 കനേഡിയൻ ഡോളറാണ് ഇന്ധനത്തിന് ചെലവായത്. ഏഴ് ദിവസം കൊണ്ട് 245 ഡോളർ, അതായത് ഏകദേശം 17,300 രൂപ. ഇന്ധനച്ചെലവ് മാത്രം കുറച്ചാൽ ഏകദേശം 84,700 രൂപ ബാക്കി. മറ്റു ചെലവുകളും കണക്കിലെടുത്താൽ യഥാർഥ സമ്പാദ്യം ഇനിയും കുറയും. ചെലവ് പരമാവധി കുറയ്ക്കാൻ ജോലി ദിവസങ്ങളിൽ ഭക്ഷണം വീട്ടിൽനിന്ന് കൊണ്ടുപോകാനും ഇരുവരും ശ്രദ്ധിച്ചു.
ഇത്രയും വരുമാനം ലഭിച്ചെങ്കിലും ഫുഡ് ഡെലിവറി തങ്ങളുടെ സ്ഥിരം ജോലിയല്ലെന്ന് റുമാനും തരുണും പറയുന്നു. ഒരാഴ്ച രസകരമായൊരു പരീക്ഷണം നടത്തുക മാത്രമായിരുന്നു ലക്ഷ്യം. എന്നാൽ ഈ ഏഴ് ദിവസങ്ങൾ ഡെലിവറി തൊഴിലാളികളുടെ ജോലിയെക്കുറിച്ച് പല കാര്യങ്ങളും മനസ്സിലാക്കാൻ സഹായിച്ചെന്നും ഇരുവരും വ്യക്തമാക്കി.
പത്തോ പതിനൊന്നോ മണിക്കൂർ ജോലി ചെയ്യാൻ തയ്യാറുള്ള ഒരാൾക്ക് ഒരു ദിവസം ഏകദേശം 200 കനേഡിയൻ ഡോളർ സമ്പാദിക്കാനാകുമെന്നാണ് തരുണിന്റെ വിലയിരുത്തൽ. എന്നാൽ എല്ലാ ദിവസവും ഇത്രയും തുക ലഭിക്കണമെന്നില്ല. ഓർഡറുകളുടെ എണ്ണം, യാത്ര ചെയ്യേണ്ട ദൂരം, ജോലി ചെയ്യുന്ന സമയം എന്നിവയെല്ലാം വരുമാനത്തെ ബാധിക്കും.
ഓർഡർ ലഭിച്ചാലുടൻ സ്വീകരിക്കുന്നതല്ല ബുദ്ധിയെന്നും ദമ്പതികൾ പറയുന്നു. ചിലപ്പോൾ വളരെ ദൂരം സഞ്ചരിക്കേണ്ടിവരും. പക്ഷേ അതിനനുസരിച്ചുള്ള പ്രതിഫലം ലഭിക്കണമെന്നില്ല. തുടക്കത്തിൽ ഏത് ഓർഡർ സ്വീകരിക്കണം, ഏത് ഒഴിവാക്കണം എന്നതിൽ ആശയക്കുഴപ്പമുണ്ടാകും. കുറച്ചുദിവസം കഴിയുമ്പോൾ ഇക്കാര്യത്തിൽ ധാരണ ലഭിക്കുമെന്നും ഇവർ പറയുന്നു.
നഗരമധ്യത്തിൽ കൂടുതൽ ഓർഡറുകളും വരുമാനസാധ്യതയും ഉണ്ടെങ്കിലും വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള ബുദ്ധിമുട്ടാണ് പ്രധാന പ്രശ്നം. ഗ്രാമപ്രദേശങ്ങളിൽ ചിലപ്പോൾ മികച്ച പ്രതിഫലം ലഭിക്കുന്ന ഓർഡറുകൾ വേഗത്തിൽ കിട്ടും. എന്നാൽ അവിടെ ദിവസവും ലഭിക്കുന്ന ഓർഡറുകളുടെ എണ്ണം കുറവായിരിക്കും.
ഒരുലക്ഷം രൂപ സമ്പാദിച്ചെന്നതിനപ്പുറം ആ പണം നേടാൻ എത്ര സമയം ജോലി ചെയ്യേണ്ടിവന്നു, എത്ര ദൂരം സഞ്ചരിക്കേണ്ടിവന്നു, എത്ര രൂപ ചെലവായി എന്നതുകൂടിയാണ് ദമ്പതികൾ തങ്ങളുടെ വീഡിയോകളിലൂടെ പങ്കുവയ്ക്കുന്നത്. വിദേശത്തെ ഫുഡ് ഡെലിവറി ജോലിയെക്കുറിച്ച് ആലോചിക്കുന്നവർക്ക് ഈ അനുഭവം ഉപകാരപ്പെടുമെന്ന പ്രതീക്ഷയും ഇവർക്കുണ്ട്.








0 comments