'4 കിലോമീറ്റർ യാത്ര ചെയ്യാൻ 45 മിനിറ്റ്"; വലിയതോതില്‍ നികുതി നൽകിയിട്ടും ബംഗളൂരുവിലെ ട്രാഫിക് ദുരിതമെന്ന് ടെക്കി

ബംഗളൂരു: കനത്ത തുക നികുതിയായി ഈടാക്കിയിട്ടും ബംഗളൂരു നഗരത്തിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഗൂഗിളിലെ സോഫ്റ്റ്‌വെയർ എഞ്ചിനീയറുടെ ഇൻസ്റ്റാഗ്രാം വീഡിയോ. വെങ്കിടേഷ് ഡി എന്ന ടെക്കിയാണ് ഓഫീസിലേക്കുള്ള തന്റെ ദുരിതയാത്ര പങ്കുവെച്ച് രംഗത്തെത്തിയത്. സാധാരണ ഗതിയിൽ വെറും 10 മിനിറ്റ് കൊണ്ട് ബൈക്കിൽ സഞ്ചരിക്കാവുന്ന 4 കിലോമീറ്റർ ദൂരം പിന്നിടാൻ തനിക്ക് 45 മിനിറ്റോളം ട്രാഫിക്കിൽ കിടക്കേണ്ടി വന്നുവെന്ന് വെങ്കിടേഷ് വീഡിയോയിൽ പറയുന്നു.
വരുമാനത്തിന്റെ 30 ശതമാനത്തിലധികം നികുതിയായി നൽകിയിട്ടും തങ്ങൾക്ക് ലഭിക്കുന്നത് തകർന്ന റോഡുകളും ശ്വാസം മുട്ടിക്കുന്ന ട്രാഫിക് ബ്ലോക്കുമാണെന്ന് അദ്ദേഹം നിരാശയോടെ വ്യക്തമാക്കുന്നു. 'രാവിലെ 10 മണിക്ക് വീട്ടിൽ നിന്നിറങ്ങി ഓഫീസിലെത്തുമ്പോൾ 10.45 ആയി. നമ്മൾ അടയ്ക്കുന്ന നികുതിപ്പണം ഒക്കെ എങ്ങോട്ടാണ് പോകുന്നത് സഹോദരാ? ചില മാസങ്ങളിൽ എന്റെ ശമ്പളത്തേക്കാൾ കൂടുതൽ തുക ഞാൻ ട്രാഫിക് ഫൈനായും നികുതിയായും അടച്ചിട്ടുണ്ട്. എന്റെ മാത്രം അവസ്ഥയല്ല ഇത്, ലക്ഷക്കണക്കിന് ആളുകളാണ് പ്രതിദിനം ഈ നരകം അനുഭവിക്കുന്നത്,' വെങ്കിടേഷ് വീഡിയോയിൽ കൂട്ടിച്ചേർത്തു.
വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ ഐടി നഗരത്തിലെ ട്രാഫിക് ദുരിതത്തെക്കുറിച്ച് സമാനമായ നിരവധി പ്രതികരണങ്ങളാണ് വരുന്നത്. കനത്ത നികുതി നൽകിയിട്ടും മോശം ഇൻഫ്രാസ്ട്രക്ചർ നൽകുന്നതിലുള്ള പൊതുജനങ്ങളുടെ രോഷം ഇതോടെ വീണ്ടും ചർച്ചയായിരിക്കുകയാണ്. മെട്രോ വികസനവും ട്രാഫിക് മാനേജ്‌മെന്റ് ആപ്പുകളും വന്നിട്ടും അശാസ്ത്രീയമായ നഗരാസൂത്രണവും വാഹനങ്ങളുടെ അമിത വർദ്ധനവും കാരണം ബംഗളൂരുവിലെ യാത്രാക്ലേശം പരിഹാരമില്ലാതെ തുടരുകയാണ്.











0 comments