സ്വതന്ത്ര സോഫ്റ്റ്‍വെയറിന്റെ പ്രയോക്താവ്; വി എസിന് ശ്രദ്ധാഞ്ജലിയുമായി ഐ ടി സ്ഥാപനം

കൊച്ചി : സ്വതന്ത്ര സോഫ്റ്റ്‌വെയർ മേഖലയെ പൊതുമേഖലയും സർക്കാരുമായും ബന്ധിപ്പിച്ച മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഐ എം നേതാവുമായ വി എസ് അച്യുതാനന്ദന് ഐടി സംരംഭകരുടെ ആദരം. സോഫ്റ്റ്വെയർ ഡെവലപ്മെന്റ് കമ്പനിയായ ഫെയർകോഡ് ആണ് ശ്രദ്ധേയമായ രീതിയിൽ സ്വതന്ത്ര സോഫ്റ്റ്‍വെയറിന്റെ പ്രയോക്താവ് കൂടിയായ വി എസിന് ആദരമർപ്പിക്കുന്നത്. 10 പൊതുകാര്യ സ്‌ഥാപനങ്ങൾക്ക് സൗജന്യമായി സ്വതന്ത്ര സോഫ്ട്‍വെയറുകൾ ലഭ്യമാക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് ഫെയർകോഡ് സിടിഒ രജിത്ത് രാമചന്ദ്രൻ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. വി എസിനെ സംബന്ധിച്ചിടത്തോളം സോഫ്റ്റ്വെയർ നയം എന്നത് സ്വാതന്ത്ര്യത്തിന്റെ മറ്റൊരു നിർവചനമായിരുന്നുവെന്നും വി എസിന്റെ നേതൃത്വത്തിൽ സ്വന്തന്ത്ര സോഫ്റ്റ്വെയർ മേഖലയിൽ കേരളം കൈവരിച്ച നേട്ടങ്ങൾ വലുതാണെന്നും കുറിപ്പിൽ പറയുന്നു.
14,000 സ്‌കൂളുകൾ തദ്ദേശീയമായി രൂപകൽപന ചെയ്ത സോഫ്റ്റ്‍വെയറിലാണ് പ്രവർത്തിക്കുന്നത്. കെഎസ്ഇബിയുടെ സർവെയിങ്, ബില്ലിംഗ്, തുടങ്ങിയ തന്ത്ര പ്രധാനമായ മേഖലകളിൽ Orumanet പോലത്തെ സോഫ്റ്റ്‍വെയർ നടപ്പിലാക്കിയതോടെ വെണ്ടർ ലോക്കിൻ ഒഴിവാക്കിയത് വഴി കോടിക്കണക്കിന് രൂപയാണ് ഖജനാവിന് ലാഭിക്കാനായത്. CMS(Content Management System), ERP (Enterprise Resource Planning) സോഫ്റ്റ്‍വെയറുകളുടെ സ്വതന്ത്ര പതിപ്പായ Payload CMS, ERPNext തുടങ്ങിയവയാണ് തീർത്തും സൗജന്യമായി 10 പൊതുകാര്യ സ്‌ഥാപനങ്ങളിൽ ഇംപ്ലിമെന്റ് ചെയ്യുന്നതെന്ന് ഫെയർകോഡ് അറിയിച്ചു. സ്വതന്ത്ര സോഫ്റ്റ്‍വെയർ തന്ന അവസരങ്ങൾക്കും അതിന് വഴി വച്ച പ്രിയ വി എസിനുമുള്ള ശ്രദ്ധാഞ്ജലിയാണ് ഈ സംരംഭമെന്നും ഫെയർകോഡ് ടീം വ്യക്തമാക്കി.
ഫെയർകോഡ് സിടിഒ രജിത്ത് രാമചന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
നമുക്കെന്താണ് സമൂഹത്തിന് വേണ്ടി ചെയ്യാൻ കഴിയുക എന്ന ചിന്തയിൽ നിന്ന് ആണ് പല ആശയങ്ങളും രൂപംകൊള്ളുന്നത്. കേവലം ഹോബിയിസ്റ്റുകളും ടെക്കികളും മാത്രം പരിചയിച്ചിരുന്ന സ്വതന്ത്ര സോഫ്റ്റ്‌വെയർ മേഖലയെ പൊതുമേഖലയും സർക്കാരുമായും ബന്ധിപ്പിച്ചത് വി എസ് എന്ന ക്രാന്ത ദർശിയായ വിപ്ലവികാരിയുടെ ദീർഘ ദർശനം തന്നെയാണ്. കുത്തകകളോടും, മൂലധന ശക്തികളോടും സന്ധിയില്ലാ സമരം ജീവിതാവസാനം വരെ ചെയ്ത സഖാവിനെ സംബന്ധിച്ചിടത്തോളം സോഫ്റ്റ്വെയർ നയം എന്നത് സ്വാതന്ത്ര്യത്തിന്റെ മറ്റൊരു നിർവചനം മാത്രമായിരുന്നു. ആ ധൈഷണികമായ നേതൃത്വത്തിൽ നമ്മൾ സ്വന്തന്ത്ര സോഫ്റ്റ്വെയർ മേഖലയിൽ കൈവരിച്ച നേട്ടങ്ങൾ ചില്ലറയല്ല. ഇന്ന് 14,000 സ്‌കൂളുകൾ നമ്മൾ തദ്ദേശിയമായി രൂപകൽപന ചെയ്ത സോഫ്ട്‍വെയറിലാണ് പ്രവർത്തിക്കുന്നത്. അതേപോലെ കെഎസ്ഇബിയുടെ സർവെയിങ്, ബില്ലിംഗ്, തുടങ്ങിയ തന്ത്ര പ്രധാനമായ മേഖലകളിൽ Orumanet പോലത്തെ സോഫ്ട്‍വെയർ നടപ്പിലാക്കിയതോടെ വെണ്ടർ ലോക്കിൻ ഒഴിവാക്കിയത് വഴി കോടിക്കണക്കിന് രൂപയാണ് ഖജനാവിന് ലാഭിക്കാൻ ആയത്.
തിരുവനന്തപുരത്ത് നടന്ന ഒരു അന്താരാഷ്ട്ര സ്വതന്ത്ര സോഫ്റ്റ്‌വെയർ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സ്വതന്ത്ര software-ന്റെ രാഷ്ട്രീയ-സാമൂഹ്യ പ്രാധാന്യം ഊന്നിപ്പറഞ്ഞിരുന്നു: "സ്വതന്ത്ര സോഫ്റ്റ്‌വെയർ ജനാധിപത്യത്തിന്റെ വികാസത്തിലെ ഒരു ശക്തമായ പാഠമാണ്. ഡിജിറ്റൽ സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള എല്ലാ ചൂഷണങ്ങൾക്കെതിരേയും ഇത് ഒരു ശക്തമായ ആയുധമായി പ്രവർത്തിക്കുന്നു."
സ്വകാര്യതയും സ്വാതന്ത്ര്യവും സംരക്ഷിക്കുന്ന പോരാട്ടത്തിൽ സ്വതന്ത്ര സോഫ്റ്റ്‌വെയർ-ന്റെ പങ്ക് അദ്ദേഹം എടുത്തുചൂണ്ടി: "പുതിയ ഡിജിറ്റൽ സാങ്കേതികവിദ്യ സ്വകാര്യത മോഷ്ടിക്കാനും സ്വാതന്ത്ര്യം നിഷേധിക്കാനും ഉപയോഗിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ആയുധമാണ്. അതിനാൽ, സ്വകാര്യതയും സ്വാതന്ത്ര്യവും സംരക്ഷിക്കുന്ന പോരാട്ടത്തിൽ സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ ഉപയോഗത്തിനും വികസനത്തിനും ഒരു പ്രധാന പങ്കുണ്ട്."
ഈ ഒരു നിശ്ശബ്ദ വിപ്ലവത്തിന്റെ ഗുണഭോക്താക്കളാണ് ഇന്നത്തെ യുവ ടെക്കി സമൂഹം. തനിക്ക് പറ്റാവുന്ന പോലെ അത് തിരിച്ചു നൽകാൻ ഇറങ്ങുകയാണ് ഞങ്ങൾ Faircode. വളരെയധികം ഡിമാന്റുള്ള CMS(Content Management System), ERP (Enterprise Resource Planning) സോഫ്ട്‍വെയറുകളുടെ സ്വതന്ത്ര പതിപ്പായ Payload CMS, ERPNext തുടങ്ങിയ സോഫ്റ്റ്‌വെയറുകൾ തീർത്തും സൗജന്യമായി 10 പൊതുകാര്യ സ്‌ഥാപനങ്ങൾക്ക് implement ചെയ്യാൻ ഞങ്ങൾ തീരുമാനിച്ചിരിക്കുന്നു.
സ്വന്തന്ത്ര സോഫ്റ്റ്‌വെയർ ഞങ്ങൾക്ക് തന്ന അവസരങ്ങൾക്കും, അതിന് വഴി വച്ച സഖാവിനുമുളള്ള ശ്രദ്ധാഞ്ജലിയാണ് ഈ സംരംഭം.
എന്താണ് ചെയ്യാൻ പോകുന്നത് എന്ന് കൂടി വ്യക്തമാക്കാം. Payload CMS ഞങ്ങൾ ചെയ്തതിൽ പ്രധാന client ദേശാഭിമാനി ഓൺലൈൻ ആണ്. അതുപോലെ large scale CMS platform ചെയ്ത് കൊടുക്കും. ERPNext കേരളത്തിൽ തന്നെ വളരെ പ്രധാനപ്പെട്ട കമ്പനികളിൽ ഞങ്ങൾ ചെയ്ത ERP software ആണ്. വയനാട് ചെയ്തതും ERPNext ആണ്. ഈ അഞ്ച് മേഖലകളിൽ ഉള്ള സ്ഥാപനങ്ങൾക്ക് ആണ് സൗജന്യമായി ചെയ്യാൻ ഉദ്ദേശിക്കുന്നത്.
1. Government departments
2. Semi-government institutions
3. Non-profit organizations
4. Startups
5. Public Sector Undertakings (PSUs)
2008-ൽ ഞാൻ എഞ്ചിനീയറിംഗ് പഠിച്ച് ഇറങ്ങിയ വർഷമാണ് Free Software Foundation founder Richard Stallman തിരുവനന്തപുരത്ത് Free software meet inaugurationന് സഖാവ് വി എസ്സിന്റെ കൂടെ വന്നത്. അന്നത് എന്തിനായിരുന്നു എന്ന് എന്നെപ്പോലെ പലർക്കും മനസ്സിലായി കാണില്ല. സഖാവ് ഇ കെ നായനാർ ഇന്ത്യയിലെ ആദ്യത്തെ IT park, ടെക്നോപാർക്ക് തുടങ്ങിയപ്പോഴും, എന്തിന് കൊറോണ വന്ന് ലോക്ക്ഡൗൺ ആയപ്പോൾ ആദ്യം മൊബൈൽ network providers-ന്റെ യോഗം എന്തിനാണ് സഖാവ് പിണറായി വിജയൻ ഇവന്മാരെ മീറ്റിങ്ങിന് വിളിച്ചതെന്നും മനസ്സിലായത് കുറച്ച് നാളുകൾക്ക് ശേഷമാണ്. അതിശയിപ്പിക്കുന്ന തരത്തിൽ ഇത്രയും ദീർഘവീക്ഷണം ഉള്ള ഭരണാധികാരികൾ മറ്റ് ഏതെങ്കിലും സംസ്ഥാനം ഭരിച്ചിട്ടുണ്ടോ എന്ന് തന്നെ സംശയം ആണ്. ഈ മൂവ്മെന്റിന്റെ ഭാഗമായ മറ്റ് പ്രധാന വ്യക്തികളെയും സംഘടനകളെയും പേര് എടുത്ത് പറഞ്ഞില്ലെങ്കിലും ഓർക്കുന്നു.











0 comments