രണ്ടാം ലോകമഹായുദ്ധ സ്മാരകത്തിന് മുന്നിൽവച്ച് നൃത്തം; സമൂഹമാധ്യമങ്ങളിൽ വൻ പ്രതിഷേധം

വാഷിംഗ്ടൺ: സമൂഹമാധ്യമത്തിൽ വലിയ വിവാദത്തിന് തിരികൊളുത്തി അമേരിക്കയിലെ ചരിത്രപ്രധാനമായ രണ്ടാം ലോകമഹായുദ്ധ സ്മാരകത്തിന് മുന്നിലെ ടിക് ടോക് വീഡിയോ ചിത്രീകരണം. രണ്ടുപേർ ചേർന്ന് നൃത്തം ചെയ്യുന്നതാണ് മധു രാജു എന്ന ടിക് ടോക് ഉപയോക്താവ് പങ്കുവെച്ച വീഡിയോയിലുള്ളത്. ചരിത്രപരമായി ഏറെ പ്രാധാന്യമുള്ള ഇത്തരം സ്ഥലങ്ങളിൽ ഇത്തരത്തിലുള്ള വിനോദങ്ങൾ നടത്തുന്നത് അങ്ങേയറ്റം അനുചിതമാണെന്ന തരത്തിലാണ് ചർച്ചകൾ.
വീഡിയോ എക്സിൽ വീണ്ടും പങ്കുവെക്കപ്പെട്ടതോടെയാണ് വിമർശനങ്ങൾ ശക്തമായത്. "ഇത് വാഷിംഗ്ടൺ ഡിസിയിലെ രണ്ടാം ലോകമഹായുദ്ധ സ്മാരകമാണ്. ചില സ്ഥലങ്ങൾ ബഹുമാനം അർഹിക്കുന്നു" എന്ന കുറിപ്പോടെയാണ് വീഡിയോ വൈറലായത്. വീഡിയോയ്ക്ക് താഴെ അമേരിക്കക്കാരും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരും രൂക്ഷമായ പ്രതികരണങ്ങളുമായി രംഗത്തെത്തി.
"രണ്ടാം ലോകമഹായുദ്ധത്തിൽ സേവനമനുഷ്ഠിച്ച എല്ലാ അമേരിക്കക്കാരോടും അവരുടെ കുടുംബങ്ങളോടും കാണിക്കുന്ന അങ്ങേയറ്റത്തെ അനാദരവാണിത്" എന്ന് ഒരു ഉപയോക്താവ് കുറിച്ചു. "എന്റെ അമ്മാവൻ ഇൻഡ്യാനപൊളിസിൽ വെച്ചാണ് മരിച്ചത്. ഇത് എന്നെ വളരെയധികം വേദനിപ്പിക്കുന്നു" എന്നാണ് മറ്റൊരാൾ പ്രതികരിച്ചത്.
"ഇത്തരത്തിലുള്ള പെരുമാറ്റം അംഗീകരിക്കാനാവില്ല, ഇവർ അല്പമെങ്കിലും ലജ്ജിക്കണം. ഒരു സൈൻ ബോർഡ് പോലും വായിക്കാൻ അറിയാത്ത ഇവരെങ്ങനെയാണ് വലിയ പ്രതിഭകളാണെന്ന് അവകാശപ്പെടുന്നത്?" എന്നും സോഷ്യൽ മീഡിയയിൽ ചോദ്യങ്ങൾ ഉയരുന്നു.
"ഞാൻ പൂർണ്ണമായും നിങ്ങളോട് യോജിക്കുന്നു. ഇത് അങ്ങേയറ്റം അസംബന്ധമായ പെരുമാറ്റമാണ്. ഞാൻ ഇന്ത്യയിൽ നിന്നുള്ള ആളാണ്, ഇവരെ ഓർത്ത് ഞാൻ ലജ്ജിക്കുന്നു" എന്നാണ് ഒരു ഇന്ത്യക്കാരൻ കുറിച്ചത്. വീഡിയോ ചിത്രീകരിക്കാൻ മറ്റ് നിരവധി സ്ഥലങ്ങൾ ലഭ്യമായിരിക്കെ യുദ്ധസ്മാരകം തന്നെ തിരഞ്ഞെടുത്തത് അനാദരവാണെന്ന് ഭൂരിഭാഗം ആളുകളും അഭിപ്രായപ്പെട്ടു.










0 comments