ad
Deshabhimani

'പോളണ്ടിനെക്കുറിച്ച് മിണ്ടരുത്'; പോളണ്ടുകാരനായ കുക്ലിൻസ്കിയെപ്പറ്റിയോ?

the cia book club
avatar
എ കെ രമേശ്‌

Published on Sep 28, 2025, 10:54 PM | 2 min read

പോളണ്ടിനെക്കുറിച്ച് മിണ്ടരുതെന്ന് കേട്ട് കമ്യൂണിസ്റ്റുകാർ പലരും സങ്കോചിച്ചു പോയിട്ടുണ്ട്. എന്നാൽ ആ പറച്ചിൽ കേൾക്കുന്നത്ര നിഷ്ക്കളങ്കമല്ല. പോളണ്ടിനെക്കുറിച്ച് മിണ്ടരുതെന്നേ കേട്ടിട്ടുളളൂ. എന്നാൽ പോളണ്ടുകാരനായ കുക്ലിൻസ്കിയെപ്പറ്റി മിണ്ടിക്കേട്ടിട്ടുണ്ടോ? സത്യത്തിൽ കുക്ലിൻസ്കിയെപ്പറ്റി മിണ്ടരുത് എന്നാണ് മുതലാളിത്തവാദികൾക്ക് പറയാനുണ്ടായിരുന്നത്.


സിഐഎയെക്കുറിച്ച് പറയാൻ തുടങ്ങി നോക്ക്. അപ്പോഴാണ് സാമാന്യബോധം നിങ്ങളെ കൊഞ്ഞനം കുത്താൻ തുടങ്ങുക. എന്നാൽ സോഷ്യലിസ്റ്റ് പോളണ്ടിനെ അട്ടിമറിച്ച് മുതലാളിത്തം സ്ഥാപിച്ചതിനു പിന്നിലുള്ള കാണാപ്പുറങ്ങൾ കാണാൻ തുടങ്ങുമ്പോഴോ? അത് കാണണമെന്നുണ്ടോ?

വായിച്ചു നോക്കൂ, The CIA Book club. എഴുതിയത് ഗാർഡിയൻ പത്രത്തിൻ്റെ ഇൻ്റർനാഷണൽ ന്യൂസ് തലവനായിരുന്ന ചാർലി ഇംഗ്ലീഷ്. വില 18.99 പൗണ്ട്. ആമസോൺ വഴി വില കുറച്ചു കിട്ടും.


പോളണ്ടിൽ സോളിഡാരിറ്റിയും ലാ വലേസയും പ്രക്ഷോഭം തുടങ്ങിയപ്പോൾ അതിനെ തകർക്കാൻ നിശാനിയമം വേണമെന്ന് ശഠിച്ചതും നടപ്പാക്കാൻ നേതൃത്വം നൽകിയതും കുക്ലിൻസ്കിയും കൂട്ടരുമാണ്. എന്നാൽ വിവരം തത്സമയം സിഐഎക്ക് കൈമാറിയതും ഇതേ കുക്ലിൻസ്കിയാണ്. അതറിഞ്ഞതുകൊണ്ട് വേണ്ടും വിധം പ്ലാൻ ചെയ്യാൻ അമേരിക്കൻ ചാരസംഘടനക്ക് കഴിയുകയും ചെയ്തു. കുക്ലിൻസ്കി പോളീഷ് പട്ടാളത്തിൽ കേണലായിരുന്നു.


നിശാ നിയമം നടപ്പാവാൻ തുടങ്ങും മുമ്പേ തടി സലാമത്താക്കുന്നതാണ് നല്ലത് എന്ന് മൂപ്പർക്ക് തോന്നി. കക്ഷിക്ക് മാത്രമല്ല, സിഐഎക്കും തോന്നി. കുക്ലിൻസ്കിയും ഭാര്യയും രണ്ടു മക്കളും മുൻനിശ്ചയിച്ച ഒരിടത്തെത്തുന്നു. അവരെയും റാഞ്ചി അമേരിക്കൻ ഏജൻ്റുമാർ തങ്ങളുടെ എംബസിയിലെത്തിക്കുന്നു. അവിടെ നിന്നും അവരെ ചാക്കിൽ കെട്ടി പെട്ടിയിലാക്കി ഡിക്കിയിലിട്ട് വാൻ കുതിക്കുന്നു. കിഴക്കൻ ജർമ്മനിയുടെ അതിർത്തിയിലെത്തിയപ്പോഴാണ് ഡ്രൈവർ അതിർത്തി സൈന്യത്തോട് തർക്കിക്കുന്ന ശബ്ദം ചാക്കിൽ കിടന്ന് കുക്ലിൻസ്കി കേൾക്കുന്നത്. ബോർഡർ കൺട്രോളിൽ വാനിൻ്റെ നമ്പർ രജിസ്റ്റർ ചെയ്തിരുന്നില്ല. അതാണ് പ്രശ്നം. വാഹനം സർച്ച് ചെയ്യാൻ അത് മതി. പക്ഷേ ഡ്രൈവറുടെ പ്രത്യുൽപ്പന്ന മതിത്വം കാരണം സംശയമവശേഷിപ്പിക്കാതെ വാൻ കടന്നു പോയി. പിടിക്കപ്പെട്ടിരുന്നെങ്കിൽ കുക്ലിൻസ്കിക്ക് വധശിക്ഷ ഉറപ്പായിരുന്നേനേ. നാടുകടന്ന കുക്ലിൻസ്കി കൂറുമാറി മറുപുറത്തെത്തി എന്ന് മനസ്സിലായതോടെ, ദേശദ്രോഹക്കുറ്റത്തിന് വധശിക്ഷ തീർപ്പായി.


പിന്നെ കുക്ലിൻസ്കിയെപ്പററി മിണ്ടിയിട്ടില്ലാരും. പക്ഷേ The CIA Book club ഇതുപോലുള്ള ഒട്ടനേകം കഥകൾ വെളിപ്പെടുത്തുന്നുണ്ട്. സോഷ്യലിസ്റ്റ് ബ്ലോക്ക് ശക്തമായിരുന്ന കാലത്ത് അതിനെ ദുർബലപ്പെടുത്താൻ വോയ്സ് ഓഫ് അമേരിക്കയുടെ അതിശക്തമായ പ്രക്ഷേപണനിലയങ്ങൾ കമ്യൂണിസ്റ്റ് വിരുദ്ധ ആശയ പ്രചാരണം നടത്തിയ കഥ നമുക്കറിയാം. എന്നാൽ വലിയ ബലൂണുകളിലായി കമ്യൂണിസ്റ്റ് വിരുദ്ധ സാഹിത്യം അതിർത്തിക്കപ്പുറത്തേക്ക് കൂറ്റൻ ബലൂണുകളിലാക്കി അയച്ച കഥ മിണ്ടിയിട്ടുണ്ടോ പണ്ടാരെങ്കിലും? കേട്ടിട്ടുണ്ടോ നമ്മൾ? Animal Farm ൻ്റെ 2,60,000 കോപ്പികളാണ് ഇങ്ങനെ അതിർത്തിക്കപ്പുറത്തേക്കെത്തിച്ചത്. കോടിക്കണക്കിന് ലഘുലേഖകൾ, കമ്യൂണിസ്റ്റ് വിരുദ്ധ ആശയങ്ങളുമായി സോഷ്യലിസ്റ്റ് ലോകത്തേക്കെത്തിച്ചതിൻ്റെ വിശദാംശങ്ങൾ- വായിക്കാം The CIA Book club ൽ. ഇപ്പോൾ രാജ്യത്തുയരുന്ന കമ്യൂണിസ്റ്റ് വിരുദ്ധ ആശയപ്രചാരണത്തിൻ്റെ കാണാച്ചരടുകൾ തിരിച്ചറിയാൻ ഈ പുസ്തകം നിങ്ങളെ സഹായിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home