ad
Deshabhimani

വി ഡി സതീശൻ പൂർണമായും ഒരു സംഘപരിവാറുകാരനായി പ​രിണമിച്ചു: ആദർശ് എം സജി

adarsh m saji against vd satheesan

വി ഡി സതീശൻ, ആദർശ് എം സജി

വെബ് ഡെസ്ക്

Published on Jul 13, 2025, 05:10 PM | 2 min read

തിരുവനന്തപുരം: കേരളം ആർജിച്ചെടുത്ത പുരോഗമന - മതനിരപേക്ഷ കാഴ്ചപാടുകളെ അധികാരഭ്രമത്താൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഒറ്റുകൊടുക്കുകയാണെന്ന് എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് ആദർശ് എം സജി. സതീശനെ ഇന്ന് താങ്ങിനിർത്തുന്നത് മതവർഗീയ ശക്തികളാണ്. ഉന്നത വിദ്യാഭ്യാസമേഖലയെ കാവിവൽക്കരിക്കാൻ ശ്രമിക്കുന്ന ഗവർണർക്കെതിരെ ഒരു വാക്ക് പോലും ഉരിയാടാൻ പ്രതിപക്ഷനേതാവിനാകുന്നില്ല. വിദ്യാഭ്യാസമേഖലയുടെ കാവിവൽക്കരണത്തിനും കച്ചവടവൽക്കരണത്തിനും എതിരെയുള്ള എസ്എഫ്ഐയുടെ പ്രതിരോധത്തെ ഗുണ്ടായിസമായാണ് സതീശന് തോന്നുന്നതെങ്കിൽ അദ്ദേഹം പൂർണമായി ഒരു സംഘപരിവാറുകാരനായി പരിണമിച്ചിരിക്കുന്നുവെന്നും ആദർശ് ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.


ആദർശ് എം സജിയുടെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം


ഭരണഘടന പദവിയുടെ അന്തസത്തയ്ക്ക് നിരക്കാത്തവിധത്തിൽ ഈ നാട്ടിലെ സകലകാര്യങ്ങളിലും ഇടപെട്ട് ഇവിടുത്തെ വിദ്യാഭ്യാസരംഗവും ഭരണനിർവ്വഹണവും കുളമാക്കുക എന്നതാണ് രാജ്ഭവനിൽ താമസിക്കുന്ന ആർ എസ് എസുകാരൻ രാജേന്ദ്ര അർലേക്കർ നടപ്പാക്കാൻ ശ്രമിക്കുന്ന അജണ്ട. സർക്കാർ നാമനിർദ്ദേശം ചെയ്ത ഒന്നാം റാങ്കുകാരും കലാപ്രതിഭകളുമടങ്ങുന്ന വിദ്യാർത്ഥിപ്രതിനിധികളെ ഒഴിവാക്കി ആർ എസ് എസിന്റെ കാര്യാലയത്തിൽ നിന്നുള്ള പട്ടികയിലുള്ള സംഘിക്കുഞ്ഞുങ്ങളെ സെനറ്റിൽ കയറ്റിയ ആരിഫ് മുഹമ്മദ് ഖാൻ നമ്മുടെ സർവകലാശാലകളിലെ വിസി തസ്തികകളിലടക്കം മോഹനൻ കുന്നുമ്മലിനെപ്പോലെയുള്ള യോഗ്യതയില്ലാത്ത സംഘപരിവാർ അനുകൂലികളെ നിയമിക്കുകയും ചെയ്തിരുന്നു. ഇതിന് കുടപിടിച്ച് കൊടുത്തത് "സേവ് യൂണിവേഴ്സിറ്റി ഫോറം" എന്ന ഉടായിപ്പ് സംവിധാനത്തിന്റെ നേതാവായ ആർ എസ് ശശികുമാറും, എസ് യു സി ഐ നേതാവ് ഷാജർഖാനും ഉൾപ്പടെ ഉള്ളവരാണ്. കോൺഗ്രസുകാരനായ ശശികുമാറും ആർ എസ് എസും തമ്മിലുള്ള ഈ അന്തർധാര കേവലമായ ഒരു വ്യക്തിയുടേത് മാത്രമല്ല.


ശാഖക്ക് കാവൽ നിന്നതിന്റെ ഓർമകളിൽ ജീവിക്കുന്ന കെ സുധാകരനും, ആർ എസ് എസുകാരുടെ ഗുരുജിയായ ഗോൾവാൾക്കറിന് മുന്നിൽ കുമ്പിട്ടു നിന്ന വി.ഡി സതീശനും, ഏത് നിമിഷവും താമര കുമ്പിളിനുള്ളിലെ മൂലപ്രതിഷ്ഠയിൽ വിലയം പ്രാപിക്കാനൊരുങ്ങുന്ന ശശി തരൂരും നേതൃത്വം നൽകുന്ന കേരളത്തിലെ കോൺഗ്രസിൽ നിന്ന് മതനിരപേക്ഷതയുടെ മുദ്രാവാക്യം എന്നേ നഷ്ടപ്പെട്ടിരിക്കുന്നു.


പ്രതിപക്ഷ നേതാവായി വി ഡി സതീശൻ അവരോധിക്കപ്പെട്ടതു മുതൽ കേരളത്തിലെ കോൺഗ്രസിന്റെ അധഃപതനത്തിന്റെ ഗതിവേഗം വർധിച്ചിരിക്കുകയാണ്. അധികാരത്തിന്റെ അപ്പക്കഷണങ്ങൾക്കായി എന്തും ചെയ്യും എന്ന മനോനിലയിലേക്ക് അദ്ദേഹം മാറിയിരിക്കുന്നു.‌ വി.ഡി സതീശനാണോ, വി ഡി സവർക്കറാണോ പ്രതിപക്ഷനേതാവ് എന്ന സംശയം ജനങ്ങൾക്ക് തോന്നിത്തുടങ്ങിയിട്ടും കുറച്ച് നാളുകളായി.

അദ്ദേഹത്തിനെ ഇന്ന് നയിക്കുന്നത് ഇടതുപക്ഷ വിരുദ്ധതയും, മുഖ്യമന്ത്രി കസേര എന്ന മലർപൊടിക്കാരന്റെ പകൽസ്വപ്നവും മാത്രമാണ്. കേരളം ഇന്നുവരെ ആർജിച്ചെടുത്ത പുരോഗമന - മതനിരപേക്ഷ കാഴ്ചപാടുകളെ ഈ അധികാര ഭ്രമത്തിന്റെ ഭാഗമായി അദ്ദേഹം ഒറ്റുകൊടുത്തു കൊണ്ടിരിക്കുകയാണ്. അദ്ദേഹത്തെ ഇന്ന് താങ്ങിനിർത്തുന്നത് മതവർഗ്ഗീയ ശക്തികളാണ്. അദ്ദേഹത്തിന്റെ ഒരു കൈയ്യിൽ സംഘപരിവാറും, മറ്റൊരു കൈയിൽ ജമാത്തെ ഇസ്ലാമിയുമാണ്. രണ്ടും മതരാഷ്ട്രവാദം ഉയർത്തി രാജ്യത്ത് മതരാഷ്ട്രം സ്ഥാപിക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നവർ.


ഗോവയിൽ നിന്ന് ഗവർണ്ണറായി രാജേന്ദ്ര വിശ്വനാഥ അർലേക്കർ വരുന്നതിനും വളരെ മുൻപ് തന്നെ ആർ.എസ്.എസ് 'ഭാരതാംബ' എന്ന് വിളിക്കുന്ന ആ കാവിക്കൊടിപിടിച്ച സ്ത്രീയുടെയും, ആർ.എസ്.എസ് ആചാര്യൻ ഗോൾവാൾക്കറുടെയും ചിത്രങ്ങൾക്ക് മുന്നിൽ കുമ്പിട്ടു പൂജിച്ച വ്യക്തിയാണ് അദ്ദേഹം. അതുകൊണ്ടുതന്നെയാണ് രാജ്യത്തിന് തന്നെ മാതൃകയായി മാറിയ കേരളത്തിലെ ഉന്നത വിദ്യാഭ്യാസമേഖലയെ കാവിവൽക്കരിക്കാനും, സംഘപരിവാറിന്റെ ചൊൽപ്പടിയിൽ നിർത്താനും ശ്രമിക്കുന്ന ഗവർണ്ണർക്കെതിരെ ഒരു വാക്ക് പോലും ഉരിയാടാതെ നിൽക്കുന്നതും, ഈ സംഘപരിവാർവൽക്കരണത്തെ പ്രതിരോധിക്കുന്ന എസ്.എഫ്.ഐ ക്കാരെ ഗുണ്ടകൾ എന്ന് വിളിക്കാൻ പാകത്തിലേക്ക് അദ്ദേഹത്തിന്റെ മനോനില മാറിയതും.


രാജ്യത്തും, കേരളത്തിലും വിദ്യാഭ്യാസ മേഖലയിലെ കാവിവൽക്കരണത്തെയും, കച്ചവടവൽക്കരണത്തെയും, കേന്ദ്രീകരണത്തെയും ശക്തമായി പ്രതിരോധിക്കുന്ന സംഘടനയാണ് എസ്എഫ്ഐ. ഈ പ്രതിരോധത്തെ ഗുണ്ടായിസമായാണ് താങ്കൾക്ക് തോന്നുന്നതെങ്കിൽ താങ്കൾ പൂർണ്ണമായി ഒരു സംഘപരിവാറുകാരനായി പരിണമിച്ചിരിക്കുന്നു. അതുകൊണ്ട് താങ്കളെപ്പോലുള്ള ഒരു സംഘപരിവാറുകാരന്റെ ജൽപ്പനങ്ങൾ ഞങ്ങൾ അവജ്ഞയോടെ തള്ളിക്കളയുകയാണ്. കേരളത്തിന്റെ മതനിരപേക്ഷ വിദ്യാഭ്യാസത്തെ സംരക്ഷിക്കാൻ ജീവൻ കൊടുത്തും ഈ വിദ്യാർത്ഥി സംഘടന മുന്നിൽ കാണും.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home