ad
Deshabhimani

ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്ന് ജ്യോതിക; ജന്തർമന്തർ പ്രക്ഷോഭത്തിന് പിന്തുണ

Jyotika on jantar Mantar Protest

ജ്യോതിക (ഇടത്) | PHOTO CREDIT: INSTA/jyotika, ജന്തർമന്തറിലെ പ്രക്ഷോഭത്തിൽ നിന്ന് (വലത്)

വെബ് ഡെസ്ക്

Published on Jul 25, 2026, 11:03 AM | 2 min read

ചെന്നൈ: നീറ്റ് പരീക്ഷാക്രമക്കേടിൽ കേന്ദ്രവിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് നടി ജ്യോതിക. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് ജന്തർമന്തറിൽ വിദ്യാർഥികളും യുവജനങ്ങളും തുടരുന്ന പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ചത്. പുതുതലമുറയെ ഓർത്ത് അഭിമാനം കൊള്ളുന്നുവെന്നും, നാം ആണ് ഇന്ത്യ എന്ന് തെളിയിച്ചതിനും ഭയമില്ലാത്തവരാക്കിയതിനും നന്ദി പറയുന്നുവെന്നും ജ്യോതിക പോസ്റ്റിൽ കുറിച്ചു.


ജ്യോതികയുടെ പ്രതികരണം


‘ധർമേന്ദ്ര പ്രധാൻ സ്ഥാനമൊഴിയുക, രാജിവയ്ക്കുക.

വിദ്യാർഥികൾക്കും നമ്മുടെ രാജ്യത്തിന്റെ ഭാവിതലമുറയ്ക്കുമൊപ്പം ഞാൻ നിൽക്കുന്നു.

ഞാൻ ഉത്തരവാദിത്തത്തിനൊപ്പം നിൽക്കുന്നു.

ജനാധിപത്യ ഇന്ത്യക്ക് വേണ്ടി നിലകൊള്ളുന്നു.

വിദ്യാഭ്യാസ പരിഷ്കരണത്തിന് വേണ്ടി നിലകൊള്ളുന്നു.

സോനം വാങ്ചുക്...

അഭിജിത് ദിപ്കെ, സൗരവ് ദാസ്, നിങ്ങളെപ്പോലെയുള്ള മക്കളെ വളർത്താൻ കഴിയുന്ന അമ്മമാരാകാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.

മറയില്ലാതെ കാര്യങ്ങൾ തുറന്നുപറയുന്ന ‘ജെൻസി’ തലമുറയെ ഓർത്ത് അഭിമാനിക്കുന്നു.

'നമ്മൾ' ആണ് ഇന്ത്യ എന്ന് നിങ്ങൾ തെളിയിച്ചു,

സമ്മർദ്ദങ്ങളെ തകർത്തെറിഞ്ഞതിന് നന്ദി. ഞങ്ങളെ നിർഭയരാക്കിയതിന് നന്ദി.

ജയ് ഹിന്ദ്,’

-ജ്യോതിക കുറിച്ചു.





അതേസമയം, സിജെപിയും ഇടതുപക്ഷ വിദ്യാർഥി സംഘടനകളും കൊളുത്തിവിട്ട പ്രക്ഷോഭത്തീ രാജ്യമാകെ പടർന്നതോടെ നിലപാടില്‍ അയവ് വരുത്തിയിരിക്കുകയാണ് കേന്ദ്രസർക്കാർ. ജന്തർമന്തറിലേക്ക് പതിനായിരങ്ങൾ അണിമുറിയാതെ ഒഴുകിയതോടെ രണ്ട് പ്രധാന ആവശ്യം അംഗീകരിക്കാൻ മോദി സർക്കാർ നിർബന്ധിതമായി. എന്നാൽ, ധർമേന്ദ്ര പ്രധാൻ രാജിവയ്‌ക്കണമെന്ന പ്രധാന ആവശ്യം അംഗീകരിക്കാത്തതിനാൽ പ്രക്ഷോഭം തീവ്രമാകും. 26 ദിവസം നീണ്ട നിരാഹാര സമരം വ്യാഴാഴ്‌ച രാത്രി വൈകി സോനം വാങ്‌ചുക് അവസാനിപ്പിച്ചിരുന്നു.


ചോദ്യച്ചോർച്ചയെത്തുടർന്ന്‌ ആത്മഹത്യചെയ്‌ത കുട്ടികളുടെ കുടുംബാംഗങ്ങൾക്ക്‌ ഒരുകോടി ര‍‍ൂപ നൽകാമെന്നും പ്രതിഷേധക്കാർക്കെതിരെ നിയമനടപടി എടുക്കില്ലെന്നും കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബിലെ ചർച്ചയിൽ കേന്ദ്രം ഉറപ്പുനൽകി. കേന്ദ്ര മന്ത്രിമാരായ ജെ പി നദ്ദയും ജിതേന്ദ്ര സിങ്ങും സിജെപി വക്താക്കളായ അശുതോഷ്‌ രംഗ, സ‍ൗരവ്‌ ദാസ്‌ എന്നിവരുമായാണ്‌ ചർച്ച നടത്തിയത്‌. പ്രധാൻ രാജിവയ്‌ക്കുന്നതിൽ തീരുമാനമെടുക്കാൻ ശനിയാഴ്‌ച വരെ സമയം അനുവദിക്കണമെന്ന്‌ മന്ത്രിമാർ ആവശ്യപ്പെട്ടു. ചർച്ച ശനിയാഴ്‌ചയും തുടരും.


എൻടിഎ ഉദ്യോഗസ്ഥരായ 47 പേരെ നീക്കിയെന്നും റിപ്പോർട്ടുണ്ട്‌. ചോദ്യചോർച്ച കേസുകളിൽ ശിക്ഷ കടുപ്പിച്ചുള്ള ഭേദഗതി ബില്ലിന്‌ വെള്ളിയാഴ്‌ച ചേർന്ന കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നൽകി.


കേന്ദ്രമന്ത്രിമാരായ ജെ പി നദ്ദ, ജിതേന്ദ്ര സിങ്‌ എന്നിവരുമായുള്ള ചർച്ചയ്‌ക്ക്‌ ശേഷം വ്യാഴാഴ്‌ച രാത്രി ഏറെ വൈകിയാണ്‌ വാങ്‌ചുക്ക്‌ നിരാഹാരം അവസാനിപ്പിച്ചത്‌. പ്രതിഷേധക്കാർക്കെതിരെ പ്രതികാര നടപടികളും കേസുമുണ്ടാകില്ല. ആത്മഹത്യചെയ്‌തവരുടെ കുടുംബങ്ങൾക്ക്‌ ധനസഹായം, പാർലമെന്റിൽ വിശദചർച്ച, സംഭവിച്ച കാര്യങ്ങൾക്ക് പൂർണ ഉത്തരവാദിത്വം എന്നീ ഉറപ്പുകളാണ്‌ കേന്ദ്രം രേഖാമൂലം നൽകിയത്‌. രാജി സംബന്ധിച്ച്‌ ഉറപ്പുനൽകാൻ സർക്കാരിന്‌ സാധിച്ചില്ലെന്ന്‌ വാങ്‌ചുക് പറഞ്ഞു. ​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home