'രാജി കൊണ്ട് മാത്രം തീരുന്നില്ല'; ജീവനൊടുക്കിയ വിദ്യാര്‍ഥികളുടെ ചിത്രമുയര്‍ത്തി അഭിജീത് ദീപ്കെ, ആവശ്യങ്ങളിലുറച്ച് സിജെപി

ന്യൂഡൽഹി : വിദ്യാർഥി - യുവജന പ്രക്ഷേഭത്തിന് മുന്നിൽ മുട്ടുമടക്കി രാജി വെച്ച കേന്ദ്ര മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയിൽ പ്രതികരിച്ച് സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെ. ഇത് ജനാധിപത്യമാണെന്ന് പറഞ്ഞ അഭിജീത് ദീപ്കെ മറ്റ് ആവശ്യങ്ങൾ കൂടി കേന്ദ്രം അംഗീകരിക്കണമെന്ന് അറിയിച്ചു.
ആത്മഹത്യ ചെയ്ത വിദ്യാർഥികളുടെ ചിത്രത്തെ നോക്കി അവർക്ക് നീതി ലഭിച്ചുവെന്നും കുട്ടികൾക്ക് ആദരാജ്ഞലി നേരുന്നുവെന്നും പറഞ്ഞു. 'ഈ സർക്കാരിൽ രാജിയുണ്ടാകില്ലെന്നാണ് അവർ പറഞ്ഞിരുന്നത്. എന്നാൽ ഞങ്ങളത് നേടി. ധർമേന്ദ്ര പ്രധാൻ രാജി വെച്ചു. രാജി കൊണ്ട് മാത്രം കാര്യങ്ങൾ തീരുന്നില്ലെന്നും ഞങ്ങൾ ഉന്നയിച്ച മറ്റ് ആവശ്യങ്ങളിൽ ഇപ്പോഴും ഉറച്ചുനിൽക്കുന്നുവെന്നും' അഭിജീത് ദീപ്കെ പ്രതികരിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
'ഞങ്ങൾക്ക് രണ്ട് ആവശ്യങ്ങൾ കൂടിയുണ്ട്. അല്ലാതെ വെറുതെ ഞങ്ങൾ സമരം ഉപേക്ഷിച്ച് പോകില്ല. നീറ്റിൽ മനംനൊന്ത് ജീവനൊടുക്കിയ വിദ്യാർഥിതകളുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ സർക്കാർ നഷ്ടപരിഹാരം നൽകണം. മറ്റൊന്ന് കഴിഞ്ഞ 20 -ാം തീയതി പ്രതിഷേധക്കാർക്കെതിരെ ഗുണ്ടകളെ പോലെ പെരുമാറിയ പൊലീസുകാർക്കെതിരെ നടപടി സ്വീകരിക്കണം, അഭിജീത് ദീപ്കെ വ്യക്തമാക്കി'. സമരക്കാർക്കെതിരെ ചുമത്തിയിരിക്കുന്ന കേസുകൾ പിൻവലിക്കണമെന്നും ദീപ്കെ ആവശ്യപ്പെട്ടു.
ധർമേന്ദ്ര പ്രധാന്റെ രാജി പ്രഖ്യാപനത്തിന് പിന്നാലെ ജന്തർ മന്ദിറിൽ സിജെപി പ്രവർത്തകർ ആർപ്പുവിളികളുമായി വിജയം ആഘോഷിക്കുകയാണ്. രാജ്യതലസ്ഥാനത്ത് വീണ്ടും ദേശീയ ഗാനം മുഴങ്ങി. 35 ദിനങ്ങൾ തുടർച്ചയായി നടന്ന ഒരു സമരവേദിയിൽ ജനഗണമന ഉയർന്നു കേട്ടു. ധർമേന്ദ്ര പ്രധാന്റെ രാജി വാർത്ത എത്തിയപ്പോൾ ആയിരങ്ങൾ ആനന്ദക്കണ്ണീർ പൊഴിച്ചു. ചിലർ പാട്ട് പാടിയും നൃത്തം ചെയ്തുമാണ് സമര വിജയം ആഘോഷിച്ചത്. തങ്ങളുടെ ഭാവി സുതാര്യമാക്കാൻ രാജ്യത്തെ യുവജനങ്ങൾ ഒത്തുകൂടിയപ്പോൾ കേന്ദ്രത്തിന് വഴങ്ങേണ്ടിവന്നു. സമാധാനപരമായി മാർച്ച് ചെയ്ത തങ്ങളെ തല്ലിച്ചതച്ച പൊലീസനോട് നന്ദി അറിയിച്ചാണ് ചില യുവജനങ്ങൾ ആഘോഷത്തിൽ പങ്കുകൊണ്ടത്. സമരവേദിയിൽ വികാരഭരിതരായി സംസാരിക്കുകയും വിദ്യാർഥി പ്രക്ഷോഭങ്ങൾ ഇനിയുമുണ്ടാകുമെന്ന് വ്യക്തമാക്കുകയും ചെയ്തു.










0 comments