03 June Saturday

അധ്യാപക നിയമനം: ഹൈക്കോടതി വിധി ഉയർത്തുന്ന പ്രശ്നങ്ങൾ... ജിതിൻ ​ഗോപാലകൃഷ്ണൻ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Thursday Nov 17, 2022

കണ്ണൂർ സർവകലാശാലയിൽ പ്രിയ വർഗീസിനെ അസോസിയേറ്റ് പ്രൊഫസറായി നിയമിക്കാനുളള ശുപാർശ പുന:പരിശോധിക്കാൻ ഹൈക്കോടതിയുടെ ഉത്തരവ്‌ വന്നതിന് പിന്നാലെ യുജിസി നോട്ടിഫിക്കേഷനുമായി ബന്ധപ്പെട്ട് വലിയ ചർച്ചയാണ് നടക്കുന്നത്. ഹൈക്കോടതി വിധി ഉയർത്തുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ജിതിൻ ​ഗോപാലകൃഷ്‌ണൻ എഴുതുന്നു.

2018 ലെ യുജിസി നോട്ടിഫിക്കേഷൻ പ്രകാരം സർവ്വകലാശാലകളിലെ അസോസിയേറ്റ് പ്രൊഫസർ തസ്‌തികയിലേക്കുള്ള യോഗ്യതാ മാനദണ്ഡം ഇത്രയുമാണ്:

"A minimum of eight years of experience of teaching and / or research in an academic / research position equivalent to that of Assistant Professor in a University, College or Accredited Research Institution/industry with a minimum of seven publications in the peer reviewed/UGC listed journals and a total research score of Seventy Five (75) as per the criteria given in the Appendix III, Table 2."

അതായത്, പ്രിയാ വർഗ്ഗീസിന് 8 വർഷം  "teaching and/or research experience" ഉണ്ടോ എന്നതാണ് കണ്ണൂർ യൂണിവേഴ്സിറ്റി കേസിലെ പ്രധാന വിഷയം. ഇവിടെ "teaching and/or research experience" എന്നതിനെ കേവലം "അധ്യാപന പരിചയം" എന്ന് തർജമ ചെയ്താണ് ചാനലുകൾ പ്രിയാ വർഗ്ഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ട കേസിലെ വിധി വിശകലനം ചെയ്യുന്നത്. അത് പോട്ടെ. കാതലായ വിഷയത്തിലേക്ക് വരാം. യുജിസി നോട്ടിഫിക്കേഷൻ ഉയർത്തിക്കാട്ടി PhD ഗവേഷണകാലം അദ്ധ്യാപന പരിചയമായി കണക്കാക്കാൻ കഴിയില്ല എന്നതാണ് പരാതിക്കാരുടെ പ്രധാന വാദം.

എന്നാൽ സജീവ സർവീസിൽ ഉള്ളവരുടെ ലീവ് അല്ലാതെയുള്ള PhD കാലയവിലെ ഗവേഷണപരിചയവും ടീച്ചിങ്/റിസേർച്ച് എക്സ്പീരിയൻസായി പരിഗണിക്കുമെന്ന് 2018 നോട്ടിഫിക്കേഷൻ തന്നെ സ്പഷ്ടമാക്കിയിട്ടുണ്ട്. അത് ഇങ്ങനെയാണ്:

"The period of time taken by candidates to acquire M.Phil. and/or Ph.D. Degree shall not be considered as teaching/ research experience to be claimed for appointment to the teaching positions. Further the period of active service spent on pursuing Research Degree simultaneously with teaching assignment without taking any kind of leave shall be counted as teaching experience for the purpose of direct recruitment/ promotion."

ഇതിലെ ആദ്യഭാഗമാണ് സേവ് യൂണിവേഴ്സിറ്റി ഫോറം പോലുള്ളവർ സെലക്റ്റീവായി ഉയർത്തിക്കാട്ടുന്നത്. സർവ്വീസിൽ ഇല്ലാത്തതും റെഗുലർ മോഡിൽ PhD ചെയ്തവരുമായ ഉദ്യോഗാർത്ഥികളുടെ ഗവേഷണ കാലയളവിനെ അദ്ധ്യാപന/ഗവേഷണ പരിചയമായി കണക്കാക്കില്ല എന്നാണ് മുകളിൽ ഉദ്ധരിച്ച പാരഗ്രാഫിലെ ആദ്യഭാഗം പറയുന്നത് (അസിസ്റ്റന്റ് പ്രൊഫസർ തസ്തികളിലേക്ക് അപേക്ഷിക്കുന്ന ഫ്രഷ് കാൻഡിഡേറ്റ്സിനെയാണ് ഇവിടെ ഉദ്ദേശിച്ചത്). എന്നാൽ ആക്റ്റീവ് സർവ്വീസിൽ ഉള്ളവർക്ക് ആ ഭാഗത്തെ പരാമർശം ഒരിക്കലും ബാധകമല്ല എന്നാണ് യുജിസി നോട്ടിഫിക്കേഷന്റെ സ്പിരിറ്റ്‌. സർവ്വീസിൽ നിന്നുകൊണ്ട് ലീവ് അല്ലാതെ ഡെപ്യൂട്ടേഷൻ രീതിയിൽ ഗവേഷണം പൂർത്തിയാക്കാനെടുക്കുന്ന സമയം അധ്യാപന/ഗവേഷണ പരിചയമായി കണക്കാക്കാം എന്നുതന്നെയാണ് യുജിസി നോട്ടിഫിക്കേഷൻ പറയുന്നത്.

പ്രിയാ വർഗ്ഗീസ് ഗവേഷണം ചെയ്തത് യുജിസിയുടെ തന്നെ Faculty Development Program (FDP) അഥവാ Teacher Fellowship വഴിയാണ്. യുജിസി കോളേജ് അദ്ധ്യാപകർക്ക് FDP വഴി Teacher Fellowship നൽകുന്നത് ഡെപ്യൂട്ടേഷൻ രീതിയിലാണ്. യുജിസിയുടെ പത്താം പദ്ധതി ഗൈഡ്ലൈനിലെ സെക്ഷൻ 3.8 ൽ അദ്ധ്യാപകർക്ക് നൽകുന്ന Study Leave പോലെയേയല്ല FDP എന്ന് വ്യക്തമാക്കുന്നുണ്ട്. എന്നാൽ FDP വഴിയുള്ള ഗവേഷണ കാലയളവ് കേവലം "സ്റ്റഡി ലീവ്" ആണെന്നാണ് സേവ് യൂണിവേഴ്സിറ്റി ഫോറം ഉൾപ്പെടെയുള്ളവർ ഉയർത്തിക്കാട്ടുന്നത്. അത് വസ്തുതാവിരുദ്ധമായ വാദമാണ്.

ഡെപ്യൂട്ടേഷൻ സമയത്ത് സർവീസ് ഇൻക്രിമെന്റും സീനിയോറിട്ടിയും അടക്കം സംരക്ഷിച്ചുകൊണ്ടാണ് FDP കാലയളവിൽ അദ്ധ്യാപകന് ശമ്പളം കിട്ടുന്നത്. അതായത് ഒരർത്ഥത്തിലും അധ്യാപകന് സീനിയോറിറ്റി നഷ്ടമാവുന്നില്ല. FDP വഴിയുള്ള ഗവേഷണ കാലയളവ് എല്ലാ ബെനഫിറ്റ്സും സംരക്ഷിക്കുന്ന സർവീസ് കാലയളവുതന്നെയാണ് എന്നാണ് യുജിസി പറയുന്നത്. ഒരു അദ്ധ്യാപകൻ സർവീസിൽ കയറി PhD ചെയ്യാൻ ലീവ് എടുക്കുന്നതുപോലെയല്ല FDP എന്നതാണ് വസ്തുത. സജീവ സർവീസ് ആയാണ് FDP യെ യുജിസി പരിഗണിക്കുന്നത് എന്ന് യുജിസി തന്നെ പുറത്തിറക്കിയ FDP ഗൈഡ് ലൈനുകളിൽ വ്യക്തമാണ്.

" The teacher will continue to receive full salary (with usual increments and protection of seniority) from the Parent Institution during the period of Teacher Fellowship."
(Section 3.1.10 "Guidelines for the Special Scheme of Faculty Development Program for Colleges for the Twelfth Plan, 2012-2017)

ചുരുക്കിപ്പറഞ്ഞാൽ, FDP ഗവേഷണകാലം teaching and/or research experience ആയി കണക്കാക്കാൻ കഴിയില്ല എന്ന വാദം നിലനിൽക്കുന്നതല്ല. പ്രിയാ വർഗ്ഗീസ് കണ്ണൂർ സർവ്വകലാശാലയിൽ സ്റ്റുഡന്റ്സ് സർവീസ് ഡയറക്ടർ & NSS കോ ഓർഡിനേറ്റർ പദവികളിൽ ഡെപ്യൂട്ടേഷനിൽ ജോലി ചെയ്തിരുന്ന കാലയളവും ചട്ടങ്ങൾക്ക് വിരുദ്ധമായി അദ്ധ്യാപകകാലയളവായി കണക്കാക്കി എന്നാണ് മറ്റൊരാക്ഷേപം. എന്നാൽ 2018 ലെ യുജിസി ഗസറ്റ് നോട്ടിഫിക്കേഷൻ അധ്യാപന/ഗവേഷണ പരിചയത്തെ നിർവ്വചിക്കുന്ന ഭാഗം ഈ വാദത്തെയും തള്ളിക്കളയുന്നുണ്ട്.

ഡെപ്യൂട്ടേഷനിൽ പോകുന്ന അധ്യാപകർക്ക് പ്രൊമോഷൻ നിഷേധിക്കപ്പെടരുതെന്നും ഡെപ്യൂട്ടേഷൻ കാലയളവ് അദ്ധ്യാപക/ഗവേഷണ പരിചയമായി കണക്കാക്കുമെന്നും യുജിസി ചട്ടങ്ങളിൽ കൃത്യമായി പറയുന്നുണ്ട്. 2018 യുജിസി നോട്ടിഫിക്കേഷനിലെ അപ്പന്റിക്സ് II, ടേബിൾ 1 ൽ Assessment Criteria and Methodology for University / College Teachers എന്ന ശീർഷകത്തിനു ചുവടെ (പേജ് നമ്പർ 74) അനുബന്ധമായി ഇങ്ങനെ പറയുന്നു:

"For the purpose of assessing the grading of Activity at Serial No. 1 and Serial No. 2, all such periods of duration which have been spent by the teacher on different kinds of paid leaves such as Maternity Leave, Child Care Leave, Study Leave, Medical Leave, Extraordinary Leave and Deputation shall be excluded from the grading assessment. The teacher shall be assessed for the remaining period of duration and the same shall be extrapolated for the entire period of assessment to arrive at the grading of the teacher. The teacher on such leaves or deputation as mentioned above shall not be put to any disadvantage for promotion under CAS due to his/her absence from his/her teaching responsibilities subject to the condition that such leave/deputation was undertaken with the prior approval of the competent authority following all procedures laid down in these regulations and as per the acts, statutes and ordinance of the parent institution."

അതായത് മതിയായ അനുമതികളോടെ ഡെപ്യൂട്ടേഷനിൽ പോകുന്ന അധ്യാപകർക്ക് ഒരു കാരണവശാലും പ്രൊമോഷൻ നിഷേധിക്കപ്പെടരുത് എന്ന് വ്യക്തമായി യുജിസി നിഷ്കർഷിക്കുന്നുണ്ട്. ഡെപ്യൂട്ടേഷൻ ഒഴിച്ചുള്ള കാലയളവിലെ അദ്ധ്യാപന മികവ് എക്ട്രാപൊലേറ്റ് ചെയ്താവണം മൊത്തം അധ്യാപന പ്രകടനം വിലയിരുത്തേണ്ടതെന്നും യുജിസി നിർദേശിക്കുന്നുണ്ട്.

ഇന്നത്തെ വിധി ദൂരവ്യാപകമായ പ്രത്യാഘാതമാണ് അക്കാദമിക രംഗത്ത് സൃഷ്ടിക്കാൻ പോകുന്നത്. സ്റ്റുഡന്റ്സ് സർവീസ് ഡയറക്ടർ പോലുള്ള തസ്തികകൾ അക്കാദമിക് തസ്തികകളല്ല എന്ന വിലയിരുത്തൽ മികച്ച അക്കാദമിക് അഡ്മിനിസ്‌ട്രേറ്റർമാരുടെ അഭാവം സൃഷ്ടിക്കും. നോൺ അക്കാദമിക് തസ്തികകൾ എന്ന് വിവക്ഷിക്കപ്പെടുന്ന സർവ്വകലാശാലകളിലെ രജിസ്ട്രാർ, കൺട്രോളർ ഓഫ് എക്സാമിനേഷൻ മുതലായ പദവികളോട് ഇനിമുതൽ അധ്യാപകർ മുഖം തിരിഞ്ഞുനിൽക്കും. പ്രൊഫസർ പോസ്റ്റിലേക്കും മറ്റുമുള്ള ഭാവി പ്രൊമോഷനെ ഈ തസ്തികളിലെ സർവീസ് ബാധിക്കുമെന്നതിനാൽ മികച്ച അക്കാദമിക് വ്യക്തിത്വങ്ങളെ ഈ തസ്തികളിൽ ലഭ്യമല്ലാത്ത അവസ്ഥയുണ്ടാകും.

ഉദാഹരണത്തിന് ഏതെങ്കിലും അഡ്മിനിസ്ട്രേറ്റീവ് പദവിയിൽ നിശ്ചിതകാലം ജോലി ചെയ്ത ഒരു അസിസ്റ്റന്റ് പ്രൊഫസർ/ അസോസിയേറ്റ് പ്രൊഫസർക്ക് ആ കാലയളവ് ഒഴിച്ചുള്ള സർവീസ് മാത്രമേ അസോസിയേറ്റ് പ്രൊഫസർ/പ്രൊഫസർ തസ്തികയിലേക്കുള്ള അദ്ധ്യാപക പരിചയമായി ഉപയോഗിക്കാൻ കഴിയുകയുള്ളൂ. അഞ്ചുവർഷം റെജിസ്ട്രാറായി ജോലി ചെയ്ത ഒരു പ്രൊഫസർ പിന്നീട് വൈസ് ചാൻസലർ പദവിയിലേക്ക് അപേക്ഷിക്കുന്നു എന്ന് കരുതുക. പത്തുവർഷത്തെ പ്രൊഫസർഷിപ്പാണ് വൈസ് ചാൻസലർ പോസ്റ്റിലേക്കുള്ള യോഗ്യത. ഇന്നത്തെ വിധി അനുസരിച്ചാണെങ്കിൽ രെജിസ്ട്രാർ പദവിയിലെ അഞ്ചുവർഷം ഒഴിച്ചുള്ള കാലത്തെ പ്രൊഫസർ തസ്തികയിലെ സർവീസ് മാത്രമേ വൈസ് ചാൻസലർ നിയമനത്തിനുള്ള അദ്ധ്യാപക പരിചയമായി കണക്കാക്കാൻ കഴിയുകയുള്ളൂ എന്ന നിലവരും. ഈ ഒരവസ്‌ഥ സർവ്വകലാശാലകളിലെ അക്കാദമിക് അഡ്മിനിസ്ട്രേഷനെ പ്രതികൂലമായി ബാധിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top