29 May Monday

ജസ്റ്റിസ്‌ ചന്ദ്രു ശരിക്കും കമ്യൂണിസ്റ്റുകാരനല്ലേ? സിപിഐ എം വിട്ടുപോയോ? കാരണം? - അഭിവാദ്‌ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Nov 9, 2021

2019 ഡിസംബറിൽ കൊച്ചിയിൽ ചേർന്ന ഓൾ ഇന്ത്യ ലോയേഴ്‌സ്‌ യൂണിയൻ അഖിലേന്ത്യാ സമ്മേളനം ജ. കെ ചന്ദ്രു ഉദ്‌ഘാടനം ചെയ്യുന്നു (ഫയൽ ചിത്രം)

അഭിവാദ്‌

അഭിവാദ്‌

എസ്എഫ്ഐ തമിഴ്‌നാട് സംസ്ഥാന പ്രസിഡന്റും സിഐടിയു, സിപിഐ എം പ്രവർത്തകനും അഭിഭാഷക സംഘടനയുടെ നേതാവുമെല്ലാമായിരുന്ന സഖാവ് ചന്ദ്രുവിന്റെ കമ്യൂണിസ്റ്റ്‌ ഭൂതകാലം നിഷേധിക്കാനാണ് ചിലരുടെ ശ്രമം. ഇതിനവർ ആശ്രയിക്കുന്നത് സിപിഐ എം 1988ൽ അദ്ദേഹത്തെ പുറത്താക്കിയിരുന്നു എന്ന വാദമാണ്. ഇതിനുശേഷം സിപിഐ എമ്മും ചന്ദ്രുവും ശത്രുതയിലായിരുന്നു എന്നും അതുകൊണ്ട് രാജാക്കണ്ണിന്റെ കേസിൽ സിപിഐ എമ്മിന് ഒരു പങ്കുമില്ലെന്നും ചിത്രീകരിക്കാനാണ് ഈ പ്രചാരണം. സിപിഐ എമ്മിന്റെയും വർഗ-ബഹുജന സംഘടനകളുടെയും വേദികളിൽ തമിഴ്‌നാട്ടിലെ പുരോഗമന പ്രസ്ഥാനങ്ങൾ മുൻകൈയെടുക്കുന്ന സമരമുഖങ്ങളിൽ ഇന്നും സ്ഥിരം സാന്നിധ്യമായ വ്യക്തിയെപ്പറ്റിയാണ് ഈ കെട്ടുകഥ എന്നോർക്കണം!.‐ പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റി വിദ്യാർഥി അഭിവാദ്‌ എഴുതുന്നു.

ടി ജെ ജ്ഞാനവേൽ സംവിധാനം ചെയ്‌ത് സൂര്യ നായകനായ 'ജയ് ഭീം' എന്ന തമിഴ് ചിത്രത്തിൽ സിപിഐ എമ്മിനും ചെങ്കൊടിക്കും കിട്ടുന്ന ദൃശ്യത കേരളത്തിലെ കമ്യൂണിസ്റ്റ്‌ വിരുദ്ധരെ ഏറെ അലോസരപ്പെടുത്തുന്നുണ്ട്. ജസ്‌റ്റിസ് ചന്ദ്രു(സൂര്യ അവതരിപ്പിച്ച അഡ്വ. ചന്ദ്രു എന്ന കഥാപാത്രം) രചിച്ച് LeftWord books പ്രസിദ്ധീകരിച്ച ‘Listen to My Case- When Women Approach the Courts of Tamil Nadu’ എന്ന പുസ്‌തകത്തിൽ പ്രതിപാദിക്കുന്ന സംഭവമാണ് സിനിമയുടെ ഇതിവൃത്തം. എസ്എഫ്ഐ തമിഴ്‌നാട് സംസ്ഥാന പ്രസിഡന്റും സിഐടിയു, സിപിഐ എം പ്രവർത്തകനും അഭിഭാഷക സംഘടനയുടെ നേതാവുമെല്ലാമായിരുന്ന സഖാവ് ചന്ദ്രുവിന്റെ കമ്യുണിസ്റ്റ്‌ ഭൂതകാലം നിഷേധിക്കാനാണ് ചിലരുടെ ശ്രമം. ഇതിനവർ ആശ്രയിക്കുന്നത് സിപിഐ എം 1988ൽ അദ്ദേഹത്തെ പുറത്താക്കിയിരുന്നു എന്ന വാദമാണ്. ഇതിനുശേഷം സിപിഐ എമ്മും ചന്ദ്രുവും ശത്രുതയിലായിരുന്നു എന്നും അതുകൊണ്ട് രാജാക്കണ്ണിന്റെ കേസിൽ സിപിഐ എമ്മിന് ഒരു പങ്കുമില്ലെന്നും ചിത്രീകരിക്കാനാണ് ഈ പ്രചരണം. സിപിഐ എമ്മിന്റെയും വർഗ-ബഹുജന സംഘടനകളുടെയും വേദികളിൽ തമിഴ്‌നാട്ടിലെ പുരോഗമന പ്രസ്ഥാനങ്ങൾ മുൻകൈയെടുക്കുന്ന സമരമുഖങ്ങളിൽ ഇന്നും സ്ഥിരം സാന്നിധ്യമായ വ്യക്തിയെപ്പറ്റിയാണ് ഈ കെട്ടുകഥ എന്നോർക്കണം!

എന്താണ് വസ്‌തുത ?

രാജീവ് ഗാന്ധിയുടെ ശ്രീലങ്കൻ തമിഴ് പ്രശ്നത്തിലെ ഇടപെടലിനെതിരെ തീവ്രമായ നിലപാട് സ്വീകരിച്ചതാണ് അഡ്വ. ചന്ദ്രുവിനെ സിപിഐ എമ്മിൽ നിന്ന് പുറത്താക്കാൻ കാരണം. ശ്രീലങ്കൻ തമിഴരുടെ അവകാശങ്ങൾക്കും സ്വയം നിർണയാവകാശത്തിനും വേണ്ടി ആദ്യ കാലം മുതൽ പാർട്ടി നിലപാടെടുത്തിട്ടുണ്ട്. എങ്കിലും, തമിഴ് മിലിട്ടന്റ് ചെറുത്ത് നിൽപ്പും ശ്രീലങ്കൻ സൈനിക നടപടികളും ചേർന്ന് കലുഷിതമായ ഒരു പശ്ചാത്തലത്തിൽ,  ശ്രീലങ്കൻ സർക്കാർ യു എസ്- ബ്രിട്ടീഷ് സാമ്രാജ്യത്വ ശക്തികളുമായും ഇസ്രായേൽ ചാര സംഘടനയായ മൊസാദുമായും സൈനിക സഹകരണത്തിലേക്ക് നീങ്ങിക്കൊണ്ടിരുന്ന സാഹചര്യത്തിലാണ് ഇന്ത്യയുടെ തൊട്ടയൽരാജ്യവും ചേരിചേരാ പ്രസ്ഥാനത്തിന്റെ(NAM) ആരംഭം മുതലുള്ള അംഗരാഷ്ട്രവുമായ ശ്രീലങ്കയിലേക്ക് ഇന്ത്യൻ സമാധാന പരിപാലന സേനയെ(Indian Peace Keeping Force- IPKF) അയക്കുന്നതിനെ സിപിഐ എം അനുകൂലിച്ചത് എന്നാണ് മനസിലാക്കുന്നത്.

ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്ക് സാമ്രാജ്യത്വ സേനയ്ക്ക് വാതിൽ തുറന്നിടാതിരിക്കുക, സാമ്രാജ്യത്വ വിരുദ്ധ പാരമ്പര്യം ഉള്ള, NAM സ്ഥാപകാംഗമായ ശ്രീലങ്ക സാമ്ര്യാജ്യത്വ പക്ഷത്തേക്ക് എത്തുന്നത് തടയുക എന്നീ ലക്ഷ്യങ്ങളും ഈ നിലപാട് സ്വീകരിക്കുന്നതിൽ ഘടകങ്ങളായിരുന്നു. സൈനിക ഏറ്റുമുട്ടൽ പരമാവധി ഒഴിവാക്കിക്കൊണ്ട്, നിരായുധീകരണവും സമാധാനം പുനഃസ്ഥാപിക്കലും ഇന്ത്യൻ വംശജരുടെ പ്രശ്നങ്ങൾക്ക് സമാധാനപരമായ പരിഹാരം കാണലുമായിരുന്നു IPKF നെ ശ്രീലങ്കയിലേക്ക് അയക്കാനുള്ള തീരുമാനത്തിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങൾ. എന്നാൽ, പിന്നീട് രാജീവ് ഗാന്ധിയുടെ ഏകപക്ഷീയമായ നിർദ്ദേശ പ്രകാരം, ഇന്ത്യൻ സൈന്യം കടുത്ത സൈനിക നടപടികളിലേക്ക് നീങ്ങിയതിന്റെ ഭാഗമായി ശ്രീലങ്കൻ തമിഴ് വിഭാഗത്തിന് നേരെയുണ്ടായ മനുഷ്യാവകാശ ലംഘനങ്ങളെ സിപിഐ എം തുറന്നെതിർത്തിട്ടുണ്ട്. എന്നാൽ ആദ്യഘട്ടത്തിൽ, സിപിഐ എമ്മിന്റെ ഔദ്യോഗിക നിലപാടിന് വിരുദ്ധമായി, ശ്രീലങ്കയിലേക്ക് സമാധാന സേനയെ അയക്കാനുള്ള രാജീവ് ഗാന്ധിയുടെ തീരുമാനത്തിനെതിരെ അഡ്വ. ചന്ദ്രു പ്രതിഷേധയോഗം സംഘടിപ്പിച്ചു. ഇതിനെത്തുടർന്നാണ് സിപിഐ എം അദ്ദേഹത്തിന് എതിരെ അച്ചടക്ക നടപടി സ്വീകരിച്ചത്.

പാർട്ടി അംഗമായിരുന്ന അഡ്വ. ചന്ദ്രുവിനെ സിപിഐ എം പ്രാഥമികാംഗത്വത്തിൽ നിന്ന് പുറത്താക്കി. ഇക്കാര്യം കൊണ്ടാണ് തന്നെ പുറത്താക്കിയത് എന്ന് അദ്ദേഹം Bar & Bench ന് നൽകിയ പഴയ അഭിമുഖത്തിൽ പറയുന്നുണ്ട്. (അദ്ദേഹം പാർട്ടി വിട്ടു എന്നല്ല, പുറത്താക്കി എന്ന് തന്നെയാണ് പറയുന്നത്) ദളിത്-ആദിവാസി അവകാശ സമരങ്ങളിലെ ഇടപെടലോ, ജാതിപ്രശ്‌നത്തെ അഡ്രസ് ചെയ്യുന്നതിലെ അഭിപ്രായ വ്യത്യാസമോ അല്ല കാരണം. ഈ സംഭവം ഉയർത്തിക്കാട്ടി അങ്ങനെ ഒരു 'ധ്വനി' കൊണ്ടുവരാൻ ശ്രമിക്കുന്നവരുടെ താല്പര്യങ്ങൾ വ്യക്തമാണ്.

വാസ്‌തവത്തിൽ ഈ അച്ചടക്ക നടപടിക്ക് ശേഷവും ഏതൊരു ഉത്തമ കമ്യൂണിസ്റ്റിനെയും പോലെ, ദളിത്-ആദിവാസി അവകാശങ്ങൾക്കായും കർഷക-തൊഴിലാളി സമരങ്ങളിലും തമിഴ് നാട്ടിലെ ജാതിക്കെതിരായ പോരാട്ട മുഖങ്ങളിലുമെല്ലാം പാർട്ടിക്കൊപ്പം നിന്ന് പോരാടുകയാണ് അഡ്വ. ചന്ദ്രു ചെയ്‌തത്.  ജഡ്‌ജി ആകും വരെയും വിരമിച്ചതിന് ശേഷവുമെല്ലാം അദ്ദേഹം സിപിഐ എമ്മിനോടും ഇടതുപക്ഷ-പുരോഗമന പ്രസ്ഥാനങ്ങളോടുമെല്ലാം അടുപ്പം സൂക്ഷിച്ചു; ചൂഷിത  വിഭാഗങ്ങളുടെ അവകാശങ്ങൾക്കായി യോജിച്ച് പ്രവർത്തിച്ചു. 2018ൽ പോണ്ടിച്ചേരി സെൻട്രൽ യൂണിവേഴ്‌സിറ്റിയിലെ സ്റ്റുഡന്റസ് കൗൺസിൽ തെരഞ്ഞെടുപ്പിൽ ആദ്യമായി എസ്എഫ്ഐ ഒറ്റയ്ക്ക് മത്സരിച്ച് വിജയിച്ചപ്പോൾ ഉദ്‌ഘാടനച്ചടങ്ങിനെത്തിയ ജസ്റ്റിസ് ചന്ദ്രുവിനെപ്പറ്റി ഞങ്ങളുടെ മുൻ ബാച്ചുകളിലെ സഖാക്കൾ ആവേശപൂർവം സംസാരിച്ചതോർക്കുന്നു. എസ്എഫ്ഐ, സിപിഐ എം, ട്രേഡ് യൂണിയൻ പ്രവർത്തന കാലത്തെ അനുഭവങ്ങൾ തന്നിലെ നീതിബോധത്തെ സ്വാധീനിച്ചതായും അത് പിന്നീട് അഭിഭാഷകനായും ന്യായാധിപനായും പ്രവർത്തിക്കുന്ന ഘട്ടത്തിൽ നീതിയുടെ പക്ഷത്ത് നിലയുറപ്പിക്കാൻ സഹായിച്ചതായും ന്യൂസ് മിനിറ്റിന് കഴിഞ്ഞ ദിവസം നൽകിയ അഭിമുഖത്തിലും ജസ്റ്റിസ്‌ ചന്ദ്രു അടിവരയിടുന്നു.

1988ൽ സിപിഐ എമ്മിൽ നിന്ന് പുറത്താക്കപ്പെട്ടെങ്കിലും ജയ് ഭിം സിനിമയിൽ പ്രതിപാദിക്കപ്പെട്ട രാജാക്കണ്ണ് കേസ് 1993ൽ അദ്ദേഹത്തിന്റെ അടുത്തെത്തുന്നത് സിപിഐ എം വഴിയാണ്. സിപിഐ എമ്മിന്റെ താലൂക്ക് സെക്രട്ടറി സഖാവ് ഗോവിന്ദനാണ് ഈ കേസിലെ രാഷ്ട്രീയക്കാരനായ ഒരേയൊരു സാക്ഷി (P.W.17).
വിധിയില്‍ ഇങ്ങനെ കാണാം : // P.W.17 is a member of the Taluk Committee of Marxist communist party of India. He knows P.W.1, the deceased, P.W.3 and their family for the past twenty years. He would depose that on 20.3.1993, a van halted near the house of P.W.1 and A.1 alighted from the said van....പിന്നെ രാജക്കണ്ണിനെ തേടി സ്റ്റേഷനില്‍ പോയതും മറ്റും സഖാവ് വിശദീകരിയ്ക്കുന്നു. (ജയ്‌ ഭീം സിനിമയിലും ഈ കഥാപാത്രത്തെയും മുഹൂർത്തങ്ങളും കാണാം)
അന്നത്തെ ജില്ലാ സെക്രട്ടറിയും ഇന്ന് സംസ്ഥാന സെക്രട്ടറിയും ആയ സ. കെ ബാലകൃഷ്ണനും അന്നത്തെ സംസ്ഥാന സെക്രട്ടറി സ. ജി രാമകൃഷ്ണനും എല്ലാം ഈ വിഷയം ഏറ്റെടുത്ത് രാജാകണ്ണിന്റെ ഭാര്യയ്ക്ക് നിയമ സഹായത്തിനായി അഡ്വ. ചന്ദ്രുവിന് കേസ് കൈമാറുകയായിരുന്നു.

സിനിമയിൽ കമ്യുണിസ്റ്റ്‌ പാർട്ടിക്ക് ലഭിക്കുന്ന ദൃശ്യതയെപ്പറ്റി ജസ്റ്റിസ് ചന്ദ്രു കഴിഞ്ഞ ദിവസം ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ ഇങ്ങനെ പറയുന്നു- ‘ഇടതു പാർട്ടികളാണ് ഇത്തരം വിഷയങ്ങളോട് ഏറ്റവും പ്രതിബദ്ധതയുള്ളവർ. അതിനാൽ സ്വാഭാവികമായും അവരുടെ ദൃശ്യത (ചിത്രത്തിൽ) കൂടുതലാണ്.’ അച്ചടക്ക നടപടിക്ക് ശേഷവും സിപിഐ എമ്മും അഡ്വ. ചന്ദ്രുവും തമ്മിലുണ്ടായിരുന്ന, ഇന്നും തുടരുന്ന ബന്ധം എന്തെന്ന് ഇതിൽ നിന്നെല്ലാം വ്യക്തമാണ്.

അതേ സമയം മേൽപ്പറഞ്ഞ രാജീവ് ഗാന്ധിയെയും അദ്ദേഹത്തിന്റെ ഭാര്യയും സന്തതികളും ആയതുകൊണ്ട് മാത്രം നേരിട്ട് കോൺഗ്രസിന്റെ തലപ്പത്തും ഭാവി പ്രധാനമന്ത്രിമാരായും എല്ലാം അവരോധിക്കപ്പെട്ടവരെയും ആരാധിക്കുന്ന ചില മാന്യർ ‘ജസ്റ്റിസ് ചന്ദ്രു സിപിഎം വിട്ടത്‌ എന്തിന്?’ എന്നെല്ലാം വലിയ ചോദ്യങ്ങളുമായി ഇറങ്ങിയത് കാണുന്നു. ഇരുളർ വിഭാഗത്തിൽപ്പെട്ട പട്ടിക വർഗ്ഗ കുടുംബത്തിന് നീതി ലഭിക്കാനായി നടന്ന പോരാട്ടത്തിൽ സിപിഐ എമ്മിന് ഒരു പങ്കുമില്ലെന്ന് സ്ഥാപിക്കാനുള്ള പാഴ്ശ്രമം. അതിന് ഇക്കഥയൊന്നും മതിയാകില്ല. ജസ്റ്റിസ് ചന്ദ്രുവും പോരാട്ടത്തിന് നേതൃത്വം കൊടുത്ത മറ്റു സഖാക്കളും ജീവനോടെയുണ്ട്. തമിഴ്‌നാട്ടിലെ സമൂഹ്യനീതിക്കായുള്ള പോരാട്ടങ്ങളുടെ ചരിത്രത്തിൽ സുപ്രധാനമായി എഴുതി ചേർക്കപ്പെട്ട ഈ കേസിന്റെ വിധിപ്പകർപ്പിൽ പോലും സിപിഐ എമ്മിനെ പങ്ക് അടയാളപ്പെടുത്തപ്പെട്ടിട്ടുണ്ട്. കോൺഗ്രസ്- ജമാഅത്തെ ഇസ്‌ലാമി-സംഘി-സ്വത്വവാദ സോഷ്യൽ മീഡിയ ഹാൻഡിലുകളിലെ പ്രോപ്പഗൻഡ പോസ്റ്റുകളല്ല ചരിത്രത്തിന്റെ അവലംബം. ഇൻസ്റ്റയിൽ നാല് സ്ലൈഡ് വച്ച് മൂന്ന് പോസ്റ്റ് ഇട്ടാൽ മായുന്നതല്ല ആ ചരിത്രമെന്ന്!

രാജീവ് ഗാന്ധിയുടെ തീരുമാനത്തിനെതിരെ കൂടുതൽ തീവ്രമായ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചതിനെ തുടർന്ന് അച്ചടക്ക നടപടിക്ക് വിധേയനായ, എന്നിട്ടും അന്നുമിന്നും സിപിഐ എം സഹയാത്രികനായി തുടരുന്ന കമ്യൂണിസ്റ്റ്കാരനെ ഉയർത്തിക്കാട്ടി സിപിഐ എമ്മിനെ ചോദ്യം ചെയ്യുകയാണ് 'രാജീവ്ജിയുടെ കോൺഗ്രസ് പാർട്ടി'ക്കാർ. ഈ കോൺഗ്രസ് സൈബർ പോരാളികളുടെ കാപട്യം എത്ര പരിതാപകരമെന്ന് നോക്കൂ!

ഈ ചെറിയ കുറിപ്പ് എഴുതാൻ ജസ്റ്റിസ് ചന്ദ്രു Bar & Bench നു 2013ൽ നൽകിയ അഭിമുഖം മുഴുവനായും വായിച്ചു. ജയ് ഭീം സിനിമ ഇറങ്ങിയതിനു ശേഷം ന്യൂസ് മിനിറ്റിനും ഇന്ത്യൻ എക്‌സ്പ്രസിനും നൽകിയ അഭിമുഖങ്ങൾ വായിച്ചു. ശ്രീലങ്കൻ തമിഴ് പ്രശ്‌നത്തെ പറ്റി 1985ൽ സിപിഐ എം പ്രസിദ്ധീകരണമായ 'ദി മാർക്‌സിസ്റ്റ്'ൽ വന്ന പാർട്ടി നിലപാട് വിശദീകരിക്കുന്ന ലേഖനം വായിച്ചു. സ. Sreekumar Sekharന്റെ പോസ്റ്റിൽ നിന്ന് രാജാക്കണ്ണ് കേസിലെ വിധിപ്പകർപ്പിലെ പ്രസ്‌തുത ഭാഗങ്ങളും ലഭിച്ചു.  എന്നാൽ കോൺഗ്രസുകാർക്ക് ഏതെങ്കിലും വിഷയത്തിൽ പ്രതികരിക്കാൻ ഇതിന്റെ ആവശ്യം വരില്ല. അവരുടെ പാർട്ടിയുടെ മുൻനിലപാട് എന്തായിരുന്നെന്നോ എന്തുകൊണ്ടായിരുന്നെന്നോ അവരുടെ പാർട്ടി പിന്നീട് ആ നിലപാട് തിരുത്തിയോ എന്നൊന്നും ആലോചിക്കേണ്ട ആവശ്യം വരുന്നില്ല. അതൊന്നും അവരെ ബാധിക്കുന്ന പ്രശ്‌നമല്ല. ഇപ്പൊ ഈ നിമിഷത്തിൽ അവരുടെ തലയിലുദിക്കുന്നതാണ് 'ജ്ഞാനം' എന്നാണ് 'പുരോഗമന കൊങ്ങി'കളുടെ ഭാവം. അതേത് വിഷയമായാലും അങ്ങനെ തന്നെ.

മറ്റൊന്നോർത്താൽ, woke ആയി അഭിനയിക്കുന്ന കോൺഗ്രസുകാരുടെ കാര്യം കഷ്‌ടം തന്നെയാണ്. അവർ എഴുതുന്ന ഓരോ വാചകത്തിലും പരസ്‌പര വിരുദ്ധമായ വസ്‌തുതകൾ മുഴച്ചുനിൽക്കും. അതില്ലാതെ ഒരു വാചകം പോലും എഴുതി മുഴുമിക്കാനാവില്ല. പോക്കിരി പോലുള്ള വിജയ് സിനിമകളിലെ വടിവേലു കഥാപാത്രം പോലെ മെയിൻ പ്ലോട്ടുമായി ബന്ധമില്ലാതെ കോമാളിത്തരം കാട്ടാനുള്ള റോളുകൾ മാത്രമാണ് കോൺഗ്രസ് ഐടി സെൽ ഇവർക്ക് കൊടുക്കുന്നത്. എന്നാൽ എന്ത് ആൾമാറാട്ടം നടത്തി വന്നാലും തലയിലെ കുടുമ നോക്കി വടിവേലുവിനെ തിരിച്ചറിയും പോലെ, 'woke/സ്വതന്ത്രചിന്ത/ദളിത്പക്ഷ/സ്ത്രീപക്ഷ' മുഖംമൂടിയണിഞ്ഞാലും ഇവരെയും കൈയോടെ പിടിക്കുമെന്നുറപ്പ്. ഡയറക്ടർ സാറിനോട്(കൊങ്ങി ഐടി സെൽ) നല്ലൊരു ക്യാരക്‌ടർ റോൾ ചോദിച്ച് വാങ്ങി ഈ കോമാളിവേഷം അവസാനിപ്പിക്കാനുള്ള ബുദ്ധി ഏതെങ്കിലും കാലത്ത് അവർക്കുണ്ടാകട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം. (സംഘി, ജമാഅത്തെ ഇസ്ലാമി ടീമുകളോട് ഒന്നും പറയാനില്ല. കോൺഗ്രസിനെ പ്രതീക്ഷയായും കമ്യുണിസ്റ്റ് പാർട്ടികളെ മുഖ്യശത്രുവായും കാണുന്ന പ്രത്യേകയിനം ദളിത് സ്വത്വാദികളോടും.)

സിപിഐ എമ്മിന് ജാതി പ്രശ്‌നത്തെ അഭിസംബോധന ചെയ്യുന്നതിൽ ആത്മാർഥത ഇല്ലെന്നും കോൺഗ്രസിനാണ് അതുള്ളതെന്നും വാദിച്ച് ഈ പോസ്റ്റിലും തർക്കിക്കാൻ വരുന്നവരോട് ഒരു വിനീതമായ അഭ്യർത്ഥന കൂടിയുണ്ട്. സ്വതന്ത്ര ഇന്ത്യയിൽ ജാതിവിവേചനത്തിനെതിരെ കോൺഗ്രസ് നേതൃത്വം നൽകി വിജയിപ്പിച്ച ഒരു പ്രക്ഷോഭം അറിയുമെങ്കിൽ പറയുക. എനിക്കറിയാത്തതുകൊണ്ടാണ്. ഉണ്ടാവാം. നിങ്ങൾ അത് പറഞ്ഞാൽ നമുക്ക് ചർച്ച തുടങ്ങാം. ഏതായാലും സ്വതന്ത്ര ഇന്ത്യയിൽ ജാതിവിവേചനം നിലനിൽക്കുന്നില്ലെന്ന് നിങ്ങൾ പറയില്ലെന്ന് വിശ്വസിക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top