കൊപ്പക്കബാനയിൽ ഷക്കീറയുടെ സംഗീത വിസ്മയം; 30 വർഷത്തെ കടപ്പാട് വീട്ടി ഗായിക

റിയോ ഡി ജനീറോ: ബ്രസീലിലെ വിശ്വപ്രസിദ്ധമായ കൊപ്പക്കബാന ബീച്ചിനെ ആവേശക്കടലാക്കി മാറ്റി കൊളംബിയൻ പോപ്പ് ഗായിക ഷക്കീറയുടെ സംഗീതനിശ. ശനിയാഴ്ച രാത്രി ഈ മെഗാ ഷോയിൽ ഏകദേശം 20 ലക്ഷത്തോളം ആരാധകരാണ് ഒത്തുചേർന്നത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ സൗജന്യ സംഗീത നിശയായി ഈ സന്ദര്‍ഭം രേഖപ്പെടുത്തിയതായി റിയോ ഡി ജനീറോ മേയർ എഡ്വേർഡോ കവലിയർ പ്രതികരിച്ചു.
ഷക്കീറയുടെ അവിസ്മരണീയമായ തിരിച്ചുവരവാണ് ബ്രസീൽ ആഘോഷിച്ചത്. 30 വർഷങ്ങൾക്ക് മുമ്പ്, തന്റെ 18-ാം വയസ്സിൽ ബ്രസീലിലെത്തിയ കാലത്തെ ഷക്കീറ വേദിയിൽ സ്മരിച്ചു. "അന്ന് നിങ്ങളോടൊപ്പം ഒരു പാട്ട് എങ്കിലും പാടണമെന്ന് സ്വപ്നം കണ്ടാണ് ഞാൻ ഇവിടെ വന്നത്, ഇന്ന് ഈ ജനസമുദ്രം കാണുമ്പോൾ ജീവിതം മാന്ത്രികമായി തോന്നുന്നു," എന്ന് താരം വികാരാധീനയായി.
ഷക്കീറയെ ലോകത്തിൽ പാട്ടാക്കിയ നാട്
ഷക്കീറ ഒരു ബ്രസീൽ സ്വദേശിയല്ല, മറിച്ച് കൊളംബിയക്കാരിയാണ്. എന്നാൽ ബ്രസീലുകാർ അവളെ സ്വന്തം നാട്ടുകാരിയെപ്പോലെയാണ് കാണുന്നത്.
ഗായിക എന്ന നിലയിൽ പരാജയത്തിന്റെ വക്കിലായിരുന്ന ഷക്കീറയെ ലോകം അറിയുന്നതിന് മുൻപേ ഇരുകൈയ്യും നീട്ടി സ്വീകരിച്ചത് ബ്രസീൽ ആയിരുന്നു. അവളുടെ കരിയർ രക്ഷിച്ച "Pies Descalzos" എന്ന ആൽബം വൻ വിജയമാക്കിയത് ഇവിടുത്തെ ആരാധകരാണ്. തനിക്ക് ലഭിച്ച സ്നേഹത്തിന് പകരമായി ആരാധകരോട് സംസാരിക്കാൻ വേണ്ടി ഷക്കീറ സ്വയം പോർച്ചുഗീസ് ഭാഷ പഠിച്ചു. ഇന്നും ഒരു ബ്രസീൽ സ്വദേശിയെപ്പോലെ അവൾ ഈ ഭാഷ സംസാരിക്കുന്നു.
കരിയർ കെട്ടിപ്പടുത്ത മണ്ണിലേക്ക് മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം എത്തിയപ്പോൾ അവര്‍ പാടാനായി തെരഞ്ഞടുത്തത് അധികവും സ്ത്രീപക്ഷ രചനകളാണ്. "നമ്മൾ സ്ത്രീകൾ ഓരോ തവണ വീഴുമ്പോഴും കൂടുതൽ വിവേകത്തോടെയാണ് എഴുന്നേൽക്കുന്നത്," എന്ന താരത്തിന്റെ വാക്കുകൾ ആരാധകർ ഹർഷാരവത്തോടെയാണ് സ്വീകരിച്ചത്.

ആരാധകരുടെ പ്രിയപ്പെട്ട ഗാനങ്ങളായ "Hips Don't Lie", "La Tortura", "La Bicicleta" എന്നിവയ്ക്കൊപ്പം തന്റെ പുതിയ ആൽബമായ Las Mujeres Ya No Lloran (സ്ത്രീകൾ ഇനി കരയില്ല) എന്നതിലെ ഗാനങ്ങളും ഷക്കീറ ആലപിച്ചു.
ഈ സംഗീതനിശയിലൂടെ റിയോ നഗരത്തിന് ഏകദേശം 1300 കോടിയിലധികം രൂപയുടെ (155 Million USD) സാമ്പത്തിക നേട്ടം ഉണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. മുൻ വർഷങ്ങളിൽ മഡോണയും ലേഡി ഗാഗയും ഇതേ വേദിയിൽ പരിപാടികൾ അവതരിപ്പിച്ചിരുന്നു.
സംഗീത പാരമ്പര്യങ്ങളുടെയും ലയം
ഷക്കീറയുടെ മുഴുവൻ പേര് ഷക്കീറ ഇസബെൽ മെബാറക് റിപോൾ (Shakira Isabel Mebarak Ripoll) എന്നാണ്. ഈ പേരിൽ തന്നെ അവളുടെ സാംസ്കാരിക പശ്ചാത്തലം അടങ്ങിയിട്ടുണ്ട്.പിതാവ് വില്യം മെബാറക് ചാദിദ് വഴിയുള്ള ലെബനീസ്പാരമ്പര്യവും മാതാവ് നിദിയ റിപോൾ ടോറാഡോ വഴിയുള്ള സ്പാനിഷ്/കാറ്റലൻ പാരമ്പര്യവും. സംഗീത പാരമ്പര്യത്തിന്റെയും പ്രശസ്തമായ ധാരകൾ ഇവരിലൂടെ സമന്വയിക്കുന്നു. ഈ വൈവിധ്യമാർന്ന പശ്ചാത്തലമാണ് ഷക്കീറയുടെ സംഗീതത്തിൽ മിഡിൽ ഈസ്റ്റേൺ ബെല്ലി ഡാൻസും ലാറ്റിൻ പോപ്പും ഒരുപോലെ ഇഴചേരാൻ കാരണം എന്ന് വിലയിരുത്തപ്പെടുന്നു. അങ്ങിനെ, കൊപ്പക്കബാനയിൽ തടിച്ചുകൂടിയ ദശലക്ഷക്കണക്കിന് ആളുകൾക്ക് അവൾ ഒരു വെറും ഗായിക മാത്രമല്ല, മറിച്ച് ആഗോളതലത്തിൽ അവരുടെ തനതന് സംഗീത പാരമ്പര്യത്തിന്റെ പുതുലോക തുടര്‍ച്ചയുമാണ്.











0 comments