ad
Deshabhimani

'അനശ്വരം ഈ സ്വരം'; ഇന്ത്യയുടെ വാനമ്പാടി മറഞ്ഞിട്ട് നാല് വർഷം

lata mankeshkar
വെബ് ഡെസ്ക്

Published on Feb 06, 2026, 10:27 AM | 2 min read

മുംബൈ: ഇന്ത്യൻ സം​ഗീത ലോകത്തിന് സുവർണയു​ഗം സമ്മാനിച്ച ഇന്ത്യയുടെ വാനമ്പാടി മറഞ്ഞിട്ട് ഇന്ന് നാല് വർഷം. നെഞ്ചിലെ അണുബാധയും ന്യൂമോണിയയും കാരണം 2022 ഫെബ്രുവരി 6ന് 92ാം വയസിലായിരുന്നു അതുല്യ ​ഗായിക ലതാ മങ്കേഷ്കറിന്റ വിയോ​ഗം. മുംബൈയിലെ ബ്രീച്ച്‌ കാൻഡി ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞാണ് മരണത്തിന് കീഴടങ്ങിയത്.


മറാത്ത നാടകവേദിയിലെ ഗായകനായിരുന്ന ദീനനാഥ് മങ്കേഷ്കറുടെ ആറുമക്കളിൽ മൂത്തയാളായി 1929-ൽ ഇൻഡോറിലാണ് ജനനം. അമ്മ ശുദ്ധമാതി. ഹാർദ്ദികാർ എന്ന കുടുംബപ്പേര്, ദീനനാഥിന്റെ സ്വദേശമായ ഗോവയിലെ മങ്കേഷി എന്ന സ്ഥലപ്പേരുമായി ബന്ധപ്പെടുത്തി മങ്കേഷ്കർ എന്നാക്കി. ലതയുടെ ആദ്യ പേര്‌ ഹേമ എന്നായിരുന്നു - പിന്നീട്, ദീനനാഥിന്റെ ഭാവ്ബന്ധൻ എന്ന നാടകത്തിലെ കഥാപാത്രമായ ലതികയുടെ പേരുമായി ബന്ധപ്പെടുത്തി, ലത എന്നു മാറ്റി. ഹൃദ്യനാഥ് മങ്കേഷ്കർ, ആശാ ഭോസ്‌ലേ, ഉഷാ മങ്കേഷ്കർ, മീനാ മങ്കേഷ്കർ എന്നിവരാണ്‌ സഹോദരങ്ങൾ.


പിതാവിൽനിന്നാണ്‌ ലത സംഗീതത്തിന്റെ ബാലപാഠം അഭ്യസിച്ചത്, അഞ്ചാം വയസ്സുമുതൽ പിതാവിന്റെ സംഗീതനാടകങ്ങളിൽ അഭിനയിച്ചു. പതിമൂന്ന് വയസ്സുള്ളപ്പോൾ അച്ഛൻ മരിച്ചു. കുടുംബം പോറ്റാൻ പിന്നെ ലത സിനിമ നടിയായി. 1942-ൽ കിടി ഹസാൽ എന്ന മറാത്തി ചിത്രത്തിൽ ആദ്യമായി പാടി. എന്നാൽ ‘നാച്ചു യാ നാ ഗഡേ്..’ എന്ന ഈ ഗാനം സിനിമയിൽ ഉൾപ്പെടുത്തിയില്ല. 1943-ൽ ഗജാബാഹു എന്ന ചിത്രത്തിലെ മാതാ ഏക് സപൂത് കി ദുനിയാ ബദൽ ദേ തൂ എന്നതാണ്‌ ലതയുടെ ആദ്യ ഹിന്ദി ഗാനം. മജ്‌ബൂർ (1948) എന്ന ചിത്രത്തിലെ മേരാ ദിൽ തോഡാ എന്ന ഗാനം ഗായികയെന്ന നിലയിൽ കൂടുതൽ ശ്രദ്ധേയയാക്കി. 1949 ൽ പുറത്തിറങ്ങിയ മഹൽ എന്ന സിനിമയിലെ ‘ആയേഗാ ആനേവാലാ’ എന്ന ഗാനമാണ്‌ ആദ്യ ഹിറ്റ്‌. ആ വർഷം മാത്രം ഒമ്പത്‌ ചിത്രങ്ങളിൽ പാടി.


പിന്നീട്‌ തിരിഞ്ഞു നോക്കേണ്ടി വന്നില്ല. എന്നും ആരാധക മനസ്സിൽ ഇടംനേടിയ ഒരുപിടി മികച്ച ഗാനങ്ങളുമായി ലതാ മങ്കേഷ്‌ക്കറുടെ ജൈത്രയാത്രയായിരുന്നു. ഗുലാം ഹൈദർ, ഖേം ചന്ദ്‌, മദൻ മോഹൻ, എസ്‌ ഡി ബർമ്മൻ, ആർ ഡി ബർമ്മൻ, ജയ്‌ദേവ്‌, ശ്യാം സുന്ദർ, കല്ല്യാൺജി – ആനന്ദ്‌ജി, ലക്ഷ്‌മികാന്ത്‌ പ്യാരേലാൽ, എ ആർ റഹ്മാൻ എന്നിങ്ങനെ നിരവധി സംഗീതഞ്ജരുടെ ആയിരക്കണക്കിനു ഗാനങ്ങൾ ആലപിച്ചു. 15 ഭാഷകളിലായി നാല്പതിനായിരത്തോളം സിനിമാഗാനങ്ങൾ പാടി. ലോകത്തിലേറ്റവും കൂടുതൽ ഗാനങ്ങൾ റെക്കോർഡ് ചെയ്യപ്പെട്ടവരുടെ കൂട്ടത്തിൽ ലത മങ്കേഷ്കറുണ്ട്.


മലയാളത്തിന്റെ ‘കദളി ചെങ്കദളി‘


മലയാളത്തിൽ ഒരു ഗാനം മാത്രമാണ്‌ ആലപിച്ചത്‌. ‘നെല്ല്' (1974) എന്ന ചിത്രത്തിലെ ‘കദളി കൺകദളി ചെങ്കദളി’. എന്നാൽ 1957ൽ റീലീസായ തസ്‌ക്കരവീരനിൽ ‘കഭി ഘാമോഷ്‌ രഹ്‌ത്തെ ഹേ’ എന്ന മുഴുനീള ഹിന്ദി ഗാനം പാടി. 1974 ൽ എസ്‌ ഡി ബർമൻ സംഗീതസംവിധാനം നിർവഹിച്ച അയലത്തെ സുന്ദരി എന്ന സിനിമയിൽ കിഷോർ കുമാറിനൊപ്പം ‘കോരാ കഗാസ്‌’ എന്ന ഹിന്ദി ഗാനവും.


1972, 1974, 1990 വർഷങ്ങളിൽ മികച്ച ഗായികയ്ക്കുള്ള ദേശീയ അവാർഡ്‌ ലതാ മങ്കേഷ്‌ക്കറിനു ലഭിച്ചു. 1974ൽ റോയൽ ആൽബർട്ട്‌ ഹാളിൽ സംഗീതം അവതരിപ്പിച്ച ആദ്യ ഇന്ത്യൻ വംശജയായി. നാലു ഫിലിം ഫെയർ അവാർഡുകളും രണ്ട്‌ ഫിലിംഫെയർ പ്രത്യേക പുരസ്‌ക്കാരവും 1993ൽ ഫിലിം ഫെയർ ലൈഫ്‌ടൈം അവാർഡും നേടി. മഹാരാഷ്‌ട്ര സർക്കാരിന്റെ മികച്ച ഗായികയ്ക്കും സംഗീത സംവിധാനത്തിനുമുള്ള അവാർഡ്‌ ലഭിച്ചു. 1997ൽ മഹാരാഷ്‌ട്ര ഭൂഷൺ , 2001 ൽ മഹാരാഷ്‌ട്ര രത്ന അവാർഡും കരസ്ഥമാക്കി. ആലാപത്തിനു പുറമേ ‘ആനന്ദ്‌ഗൻ’ എന്ന പേരിൽ മറാത്തി ചിത്രങ്ങൾക്കു വേണ്ടി ലത ഗാനരചന നടത്തിയിരുന്നു.


1969ൽ പദ്‌മഭൂഷൺ, 1989ൽ ദാദാ സാഹേബ്‌ ഫാൽക്കേ അവാർഡ്‌, 1999 പദ്‌മവിഭൂഷൺ എന്നിവ ലഭിച്ചു. 1999-ൽ രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്‌തു. 2001ൽ ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതിയായ ഭാരതരത്നം നൽകി രാജ്യം ആദരിച്ചു. തൊണ്ണൂറു വയസ്സു തികയുന്ന വേളയിൽ ‘ഭാരതത്തിന്റെ രാഷ്‌ട്രപുത്രി’ എന്ന ബഹുമതി നടാടെ ലതയെ തേടിയെത്തി. 2004 ൽ പുറത്തിറങ്ങിയ യാഷ് ചോപ്രയുടെ ‘വീർ സാര’യിലാണ് അവസാനമായി പാടിയത്. ന്യൂയോർക്കിലേത്‌ ഉൾപ്പെടെ 6 സർവകലാശാലകൾ ഡോക്ടറേറ്റ് നൽകി ആദരിച്ചിട്ടുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home