തലൈവർ ഇക്കണോമി ക്ലാസിൽ; യാത്രക്കാർക്ക് ആദ്യം ഞെട്ടൽ; ശേഷം കൈവീശിയുള്ള സ്നേഹം

പനാജി: ഗോവയിലേക്കുള്ള വിമാനത്തിലെ ഇക്കണോമി ക്ലാസിലെ യാത്രക്കാർക്ക് കിട്ടിയ സർപ്രൈസ് അടുത്തിടെ ആർക്കും ലഭിച്ച് കാണില്ല. സീറ്റിലിരിപ്പുറപ്പിച്ച് നേരെ നോക്കുമ്പോൾ സൂപ്പർസ്റ്റാർ രജനീകാന്ത് തൊട്ടു മുന്നിൽ. തലൈവരെ അടുത്ത് കണ്ടതിൽ ജീവനക്കാരുൾപ്പടെയുള്ളവർ ആവേശത്തിൽ ചിത്രങ്ങൾ പകർത്തുന്നത് വീഡിയോയിലുണ്ട്. വിമാനത്തിലേക്ക് കയറുമ്പോൾ രജനീകാന്ത് യാത്രക്കാരെ കൈവീശി കാണിക്കുന്നുണ്ട്. ആരവങ്ങളോടെയാണ് യാത്രക്കാർ താരത്തെ സ്വീകരിച്ചത്. സീറ്റിലിരുന്ന ശേഷവും അദ്ദേഹം തിരിഞ്ഞ് നോക്കി ചിരിക്കുന്നു.
പുതിയ ചിത്രം 'ജയിലർ 2'ന്റെ ഷൂട്ടിങ്ങിനായാണ് തമിഴകത്തിന്റെ മിന്നും താരം ഗോവയിലേക്ക് പുറപ്പെട്ടത്. ബിസിനസ് ക്ലാസിൽ യാത്രചെയ്യുന്നതാണ് താരങ്ങളുടെ പതിവ്. അത്കൊണ്ട് തന്നെ രജനീകാന്ത് ഇക്കണോമി ക്ലാസ് തെരഞ്ഞെടുത്തതിനെ അഭിനന്ദിച്ചും നിരവധി പേർ രംഗത്തെത്തി. മുൻനിരയിലെ ജനലിനോട് ചേർന്നായിരുന്നു രജനീകാന്തിന്റെ സീറ്റ്.
ചിത്രീകരണത്തിനായി താരം കേരളത്തിലുമെത്തിയിരുന്നു. അട്ടപ്പാടിയിലായിരുന്നു മുൻപ് ചിത്രത്തിന്റെ ഷൂട്ടിങ്. നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്ത് സൂപ്പർ ഹിറ്റായ ജയിലറിന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണമാണ് ഇപ്പോൾ പുരോഗമിക്കുന്നത്.










0 comments