print edition തോട്ടിൻകരയിൽ വിമാനമിറങ്ങാൻ താവളമുണ്ടാക്കും

സ്ഥാനാർഥി സാറാമ്മ
ആദിത്യ എസ്
Published on Dec 07, 2025, 12:00 AM | 5 min read
‘‘കുരുവിപ്പെട്ടി നമ്മുടെ പെട്ടി
കടുവാപ്പെട്ടിക്കോട്ടില്ല,
വോട്ടില്ലാ വോട്ടില്ല വോട്ടില്ല
കടുവാപ്പെട്ടിക്കോട്ടില്ല...’’
അടൂർ ഭാസി പാടി അഭിനയിച്ച ഈ ഗാനം ഓരോ തെരഞ്ഞെടുപ്പുകാലത്തും ചിരിയും ഒപ്പം ചിന്തയും നിറയ്‌ക്കുന്നു. സ്ഥാനാർഥിയായ സാറാമ്മ ജയിച്ചാൽ പഞ്ചായത്തിൽ വരാൻ പോകുന്ന മാറ്റങ്ങളാണ് തുടർ വരികളിൽ.
‘‘തോട്ടുംകരയില്‍ വിമാനമിറങ്ങാന്‍
താവളമുണ്ടാക്കും,
കൃഷിക്കാര്‍ക്ക് കൃഷിഭൂമി
പണക്കാര്‍ക്ക് മരുഭൂമി...
എന്‍ജിഒമാര്‍ക്കെല്ലാം ഇന്നത്തെ ശമ്പളം
നാല് നാലിരട്ടി...’’
തദ്ദേശ തെരഞ്ഞെടുപ്പ് വാതിലിൽ വന്നുനിൽക്കുമ്പോൾ ഇപ്പോഴും നമ്മുടെ പ്രചാരണങ്ങളിൽ ഇൗ ഗാനത്തിന്റെ മേമ്പൊടി നിറയുന്നുണ്ട്. സ്ഥാനാർഥിയെക്കുറിച്ച് അടൂർ ഭാസി വർണിക്കുന്നത് കാഴ്‌ചക്കാരിൽ ഉണർത്തുന്ന ചിരി മായുന്നതേയില്ല.
‘‘കണ്ടാലഴകുള്ള സാറാമ്മ
കല്യാണം കഴിയാത്ത സാറാമ്മ
നാട്ടുകാരുടെ സാറാമ്മ
നമ്മുടെ നല്ലൊരു സാറാമ്മ
സാറാമ്മ സാറാമ്മ
നമ്മുടെ സ്ഥാനാർഥി സാറാമ്മ
കുരുവിപ്പെട്ടി നമ്മുടെ പെട്ടി
കടുവാപ്പെട്ടിക്കോട്ടില്ല
വോട്ടില്ലാ വോട്ടില്ല വോട്ടില്ല
കടുവാപ്പെട്ടിക്കോട്ടില്ല...’’
വയലാർ രാമവർമയാണ് ഗാനമെഴുതിയത്. എൽ പി ആർ വർമയുടെ സംഗീതം.
1966ൽ ജയമാരുതി പ്രൊഡക്‌ഷൻസിന്റെ ബാനറിൽ ടി ഇ വാസുദേവനാണ് "സ്ഥാനാർഥി സാറാമ്മ' സിനിമ നിർമിച്ചത്. മുട്ടത്ത് വർക്കിയുടെ മനോഹരമായ കഥയെ എസ്എൽ പുരം സദാനന്ദൻ തിരക്കഥയെഴുതി സുന്ദരമാക്കി. കെ എസ് സേതുമാധവൻ സംവിധാനം ചെയ്ത ഇൗ ചിത്രത്തിൽ പ്രേംനസീർ, ഷീല, അടൂർ ഭാസി, പങ്കജവല്ലി, ജി കെ പിള്ള, നെല്ലിക്കോട് ഭാസ്കരൻ, ശങ്കരാടി തുടങ്ങിയവരാണ് അഭിനയിച്ചത്. പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രചാരണരംഗത്തെ ആവേശവും ചിഹ്നങ്ങളെക്കുറിച്ചുള്ള പരാമർശങ്ങളും എതിരാളിയെ കണക്കിന് കളിയാക്കുന്നതുമെല്ലാം കുരുവിപ്പെട്ടി പാട്ടിലുണ്ട്. അതിലേറ്റവും ചിരിപ്പിക്കുന്ന മറ്റൊരു കാര്യം അടൂർഭാസിയുടെ കളംമാറ്റി ചവിട്ടലാണ്. സാറാമ്മയ്‌ക്കായി പാടിയ പാട്ട് എതിർസ്ഥാനാർഥി ജോണിക്കുട്ടിക്കായും ചില്ലറ മാറ്റം വരുത്തി പാടുന്നുണ്ട്.
‘കണ്ടാലഴകുള്ള ജോണിക്കുട്ടി
കല്യാണം കഴിയാത്ത ജോണിക്കുട്ടി
നാട്ടുകാരുടെ ജോണിക്കുട്ടി
നമ്മുടെ നല്ലൊരു ജോണിക്കുട്ടി
ജോണിക്കുട്ടി ജോണിക്കുട്ടി
നമ്മുടെ സ്ഥാനാർഥി ജോണിക്കുട്ടി’.
പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രമേയമായി വന്ന എത്രയോ മലയാളസിനിമകളും ഗാനങ്ങളുമുണ്ട്. ‘പഞ്ചവടിപ്പാലം' സിനിമ ഇക്കാര്യത്തിൽ മലയാളത്തിലെ ക്ലാസിക്കാണ്. വേളൂർ കൃഷ്ണൻകുട്ടിയുടെ ‘പാലം അപകടത്തിൽ’ എന്ന കഥയെ ആസ്പദമാക്കി 1984-ൽ കെ ജി ജോർജ് സംവിധാനം ചെയ്‌ത ചിത്രമാണ് പഞ്ചവടിപ്പാലം. ഒരു പാലം നിർമാണവുമായി ബന്ധപ്പെട്ട് നടക്കുന്ന രാഷ്ട്രീയനാടകങ്ങളും അഴിമതികളും ഹാസ്യരൂപത്തിൽ അവതരിപ്പിക്കുന്നതാണ് സിനിമ. ഭരത് ഗോപിയുടെ ദുശ്ശാസനക്കുറുപ്പും നെടുമുടി വേണുവിന്റെ- ശിഖണ്ഡിപ്പിള്ളയും സുകുമാരിയുടെ പഞ്ചവടി റാഹേലും തിലകന്റെ -ഇസ്സഹാക്ക് തരകനും ജഗതിയുടെ ആബേലും ശ്രീനിവാസന്റെ- കാതൊരയനും ശ്രീവിദ്യയുടെ- മണ്ഡോദരിയമ്മയും വേണു നാഗവള്ളിയുടെ ജീമൂതവാഹനനും ആലുംമൂടന്റെ- യൂദാസ് കുഞ്ഞും ഇന്നസെന്റിന്റെ ബറാബാസും കൽപ്പനയുടെ -അനാർക്കലി എന്ന കഥാപാത്രത്തെയുമൊക്കെ മലയാളി എങ്ങനെ മറക്കാനാണ്.

ഗാന്ധിമതി ഫിലിംസ് നിർമിച്ച ‘പഞ്ചവടിപ്പാല’ത്തിന്റെ തിരക്കഥയും സംവിധായകൻതന്നെയായിരുന്നു. സംഭാഷണമെഴുതിയത് കാർട്ടൂണിസ്റ്റ് യേശുദാസൻ. ആക്ഷേപഹാസ്യത്തിന്റെ കൂരമ്പുകൾ കുത്തിക്കയറുന്ന ഗാനങ്ങളും പഞ്ചവടിപ്പാലത്തെ ശ്രദ്ധേയമാക്കി. ഇന്നും പലേടത്തും കേൾക്കുന്ന മുദ്രാവാക്യസദൃശമായ വരികൾ എഴുതിയത് ചൊവ്വല്ലൂർ കൃഷ്‌ണൻകുട്ടിയാണ്.
‘‘നാണയം കണ്ടാല്‍ നക്കിയെടുക്കും
നാണമില്ലാത്തോരിസഹാക്കേ
കേട്ടാല്‍ കുളിക്കണം നിങ്ങടെ തട്ടിപ്പും
നാട്ടില്‍ പാട്ടല്ലേ മൂരാച്ചി
ഓംകാരപ്പൊരുളാണേ സത്യം ഞങ്ങള്‍
ഓടിയൊളിക്കുമെന്നോര്‍ക്കേണ്ടാ
പള്ളിപ്പടയുടെ മൂച്ചൊന്നും നോക്കേണ്ട
പിള്ളേച്ചന്‍തന്നെ നയിച്ചാട്ടെ’’
എം ബി ശ്രീനിവാസന്റെ സംഗീതത്തിൽ പിറന്ന പാട്ടുകളിൽ മറ്റൊന്ന് ഇങ്ങനെയാണ്,
‘‘പടക്കുറുപ്പേ ജേതാവേ
പഞ്ചായത്തിന്‍ നേതാവേ
പടയണിവന്നാലും ചെമ്പടവന്നാലും
പപ്പടംപോലെ പൊടിച്ചോളാം
മണ്ഡോദരിയുടെ മാനം കാക്കാന്‍
നേരിട്ടു വെട്ടിമരിച്ചോളാം
ആര്‍ഷസംസ്കാരസംപൂജ്യനാം സ്വാമി
ശീര്‍ഷാസനാനന്ദ സ്വാമി
അമ്പുകളെടുക്കു വമ്പുകളൊടുക്കു
അവതാരമായ് വന്ന് ഞങ്ങളെ നയിക്കൂ’’
പഞ്ചായത്തും പഞ്ചായത്ത് തെരഞ്ഞെടുപ്പും പ്രമേയമായി വന്ന നിരവധി സിനിമകൾ മലയാളത്തിലുണ്ട്. 1998ൽ അലി അക്ബർ സംവിധാനം ചെയ്‌ത ‘ഗ്രാമപഞ്ചായത്ത്’ സിനിമ ഒരു കോമഡി-നാടക ചിത്രമാണ്. ഗ്രാമപഞ്ചായത്തും ഗ്രാമീണജീവിതത്തിലെ സൗഹൃദങ്ങളും പ്രശ്‌നങ്ങളും ഇതിൽ പ്രധാന വിഷയമാണ്. ജഗദീഷ്, രാജൻ പി ദേവ്, ജഗതി ശ്രീകുമാർ, കാവേരി തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കൾ. ഗ്രാമീണജീവിതത്തിന്റെയും പഞ്ചായത്തുഭരണത്തിന്റെയും പ്രാധാന്യം വിളിച്ചോതുന്ന "നമ്മൾക്കൊരു ഗ്രാമപഞ്ചായത്ത്...’ എന്ന ഗാനം ഇൗ ചിത്രത്തിലാണ്.
പഞ്ചായത്ത് അധികൃതർക്കെതിരെയുള്ള ഗ്രാമീണരുടെ പ്രതിഷേധം പ്രധാന പ്രമേയമാക്കി 2024ൽ ഒരു സിനിമ വന്നു, മണികണ്ഠൻ പട്ടാമ്പി, സലിം ഹസ്സൻ എന്നിവർ ഒരുക്കിയ ‘പഞ്ചായത്ത് ജെട്ടി’. മതിയായ പൊതുഗതാഗത സൗകര്യങ്ങളുടെയും ശ്മശാനസൗകര്യങ്ങളുടെയും കുറവ് കാരണം ‘കുടുംഗശേരി' എന്ന സാങ്കൽപ്പിക ഗ്രാമത്തിലെ ജനങ്ങൾ നേരിടുന്ന പ്രശ്‌നങ്ങളാണ് ഈ ഹാസ്യചിത്രത്തിൽ അവതരിപ്പിച്ചത്. സലിം ഹസ്സൻ, സലിംകുമാർ, മണികണ്ഠൻ പട്ടാമ്പി, രചന നാരായണൻകുട്ടി തുടങ്ങിയവരായിരുന്നു അഭിനയിച്ചത്.

മഞ്ജു വാര്യർ ‘സുനന്ദ’ എന്ന പഞ്ചായത്ത് മെമ്പറായി എത്തുന്ന ചിത്രമാണ് 2022-ൽ പുറത്തിറങ്ങിയ ‘വെള്ളരിപ്പട്ടണം’. മഹേഷ് വെട്ടിയാർ സംവിധാനം ചെയ്‌ത ഈ ചിത്രവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ രാഷ്ട്രീയവും അധികാര വടംവലികളുമൊക്കെ പ്രധാന പ്രമേയമാക്കുന്നു. മഞ്ജു വാര്യർ അവതരിപ്പിച്ച സുനന്ദ എന്ന കഥാപാത്രം ഒരു പഞ്ചായത്ത് മെമ്പറാണ്. സൗബിൻ ഷാഹിർ അവതരിപ്പിച്ച സുരേഷ് എന്ന കഥാപാത്രം സുനന്ദയുടെ സഹോദരനാണ്. ഇരുവരും ഒരേ രാഷ്ട്രീയപാർടിയിൽ പ്രവർത്തിക്കുന്നവരാണ്. എന്നാൽ, അവർക്കിടയിലെ ആശയപരമായ വ്യത്യാസങ്ങളും പ്രാദേശികരാഷ്ട്രീയത്തിലെ അധികാരമോഹങ്ങളും ഉണ്ടാക്കുന്ന പ്രശ്‌നങ്ങളാണ് കഥയെ മുന്നോട്ടുനയിക്കുന്നത്. പഞ്ചായത്ത് ഭരണസമിതിയിലെ അഴിമതി, സമൂഹമാധ്യമത്തിലൂടെയുള്ള വിമർശങ്ങൾ, ഗ്രാമത്തിലെ അടിസ്ഥാനസൗകര്യങ്ങളെച്ചൊല്ലിയുള്ള തർക്കങ്ങൾ തുടങ്ങിയ സമകാലികവിഷയങ്ങൾ ഈ സിനിമ ചർച്ച ചെയ്യുന്നു. ‘വെള്ളരിപ്പട്ടണം' എന്നത് ഒരു സാങ്കൽപ്പിക ഗ്രാമമാണ്.
പഞ്ചായത്ത് ഭരണസമിതിയിലെ ചില തമാശകളും അഴിമതിയുടെ നേരിയ സൂചനകളും പ്രാദേശിക രാഷ്ട്രീയത്തിലെ ചില പൊള്ളത്തരങ്ങളും ഹാസ്യരൂപേണ ചർച്ച ചെയ്‌ത സിനിമയാണ് 2024ൽ പുറത്തിറങ്ങിയ ‘ജഗദമ്മ ഏഴാംക്ലാസ് ബി’. പാൻ -പഞ്ചായത്ത് സിനിമ എന്ന നിലയിൽ ശ്രദ്ധിക്കപ്പെട്ട ഒരു ആക്ഷേപഹാസ്യ ചിത്രമായി നിരൂപകർ ഇതിനെ വിലയിരുത്തി. ശിവാസാണ് സംവിധായകൻ. ശ്രീനിവാസൻ, ധർമജൻ ബോൾഗാട്ടി, വൈഷ്ണവി കൗണ്ടന്യ തുടങ്ങിയവരാണ് അഭിനയിച്ചത്. സിനിമയിലെ പ്രധാന കഥാപാത്രമായ കൃഷ്ണൻനായർ എന്ന അധ്യാപകൻ പഞ്ചായത്തുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സജീവമായി ഇടപെടുന്ന ആളാണ്. ഒരു സ്കൂളും അവിടത്തെ വിദ്യാർഥികളുമാണ് കഥയിലെ മറ്റൊരു പ്രധാന പശ്ചാത്തലം.
എ കെ സാജൻ സംവിധാനം ചെയ്ത മമ്മൂട്ടിച്ചിത്രം ‘പുതിയ നിയമം’ പഞ്ചായത്ത് ഭരണത്തെക്കുറിച്ചല്ലെങ്കിലും നായകൻ പഞ്ചായത്ത് പ്രസിഡന്റാണ്. 2016ൽ പുറത്തിറങ്ങിയ ചിത്രത്തിൽ മമ്മൂട്ടി അഭിനയിച്ച ലൂയിസ് പോത്തൻ എന്ന കഥാപാത്രം പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ട്. ഈ തെരഞ്ഞെടുപ്പും അതുമായി ബന്ധപ്പെട്ട സാമൂഹിക ഇടപെടലുകളും കഥയുടെ ഒരു ഭാഗമായി കടന്നുവരുന്നു. നയൻതാരയാണ് നായിക. "തിരഞ്ഞെടുപ്പ് വന്നു...’ എന്ന ഗാനമാണ് പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ പ്രചാരണപശ്ചാത്തലം. രാഷ്ട്രീയചിഹ്നങ്ങളെക്കുറിച്ചുള്ള പരാമർശങ്ങളും ഈ ഗാനത്തിലുണ്ട്.
2006ൽ എം പത്മകുമാർ സംവിധാനം ചെയ്‌ത പൃഥ്വിരാജ് ചിത്രം ‘വർഗം’ പഞ്ചായത്ത് പ്രസിഡന്റുമായി ബന്ധപ്പെട്ട സിനിമയാണ്. ഇതിൽ പ്രതിനായകനാണ് പഞ്ചായത്ത് പ്രസിഡന്റ്. 2013ൽ രാജേഷ് കൃഷ്ണൻ സംവിധാനം ചെയ്‌ത ‘ആറ് സുന്ദരിമാരുടെ കഥ’, ഒരു പഞ്ചായത്ത് തെരഞ്ഞെടുപ്പും അതിനു ചുറ്റും നടക്കുന്ന സംഭവങ്ങളുമാണ്. ജനങ്ങളുടെ പങ്കാളിത്തവും ഒരുകൂട്ടം സ്ത്രീകൾ തെരഞ്ഞെടുപ്പിൽ ഇടപെടുന്നതുമെല്ലാം ചിത്രീകരിച്ചിരിക്കുന്നു. ലക്ഷ്മി ഗോപാലസ്വാമി, ലെന, നയന എൽസ തുടങ്ങിയവരാണ് അഭിനയിച്ചത്. പഞ്ചായത്ത് ഭരണസമിതിയും സ്വകാര്യ ബസ് മുതലാളിയും തമ്മിലുള്ള പ്രശ്നങ്ങളും തർക്കങ്ങളും പ്രധാന പ്രമേയമാക്കി മുകേഷ്, സരയൂ, ഉർവശി തുടങ്ങിയവർ അഭിനയിച്ച സിനിമയാണ് ‘മൈ ബസ്’. 2014ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിന്റെ സംവിധായകൻ അനിൽ കുമാറായിരുന്നു.
അതേവർഷം ജിബു ജേക്കബ് സംവിധാനം ചെയ്‌ത ‘വെള്ളിമൂങ്ങ’ മാമച്ചൻ എന്ന ഒരു രാഷ്ട്രീയപ്രവർത്തകനെ കേന്ദ്രീകരിച്ചാണ് മുന്നോട്ടുപോകുന്നത്. തന്റെ രാഷ്ട്രീയലാഭങ്ങൾക്കും വ്യക്തിപരമായ ആഗ്രഹങ്ങൾക്കുംവേണ്ടി മാമച്ചൻ നടത്തുന്ന തന്ത്രങ്ങളും അതുമായി ബന്ധപ്പെട്ട തമാശകളുമാണ് സിനിമയുടെ കാതൽ. തന്റെ പാർടിക്കുവേണ്ടി സ്ഥാനാർഥികളെ നിർത്തുന്നതും അവരുടെ പരാജയംപോലും ലാഭമാക്കുന്നതും വലിയ തമാശയാണ്. തന്റെ സ്ഥാനാർഥി ജയിക്കില്ലെന്ന് ഉറപ്പുള്ളപ്പോൾ, മറ്റു പാർടിക്കാർക്ക് വോട്ടുകച്ചവടം ചെയ്ത് പണം സമ്പാദിക്കുന്ന മാമച്ചന്റെ തന്ത്രങ്ങൾ വളരെ ഹാസ്യാത്മകമായി അവതരിപ്പിക്കുന്നു. മാമച്ചൻ വർഷങ്ങളായി മത്സരരംഗത്തുണ്ടെങ്കിലും തുടർച്ചയായി പരാജയപ്പെടുന്നയാളാണ്. പ്രാദേശികരാഷ്ട്രീയത്തിലെ ഇരട്ടത്താപ്പുകൾ വളരെ രസകരമായി ഈ സിനിമ അവതരിപ്പിച്ചു. പഞ്ചായത്ത് ഓഫീസിലെ ജീവനക്കാരുടെയും അവിടത്തെ മന്ദഗതിയിലുള്ള ഭരണരീതിയുടെയും ചിത്രീകരണം നർമം നിറഞ്ഞതാണ്. തന്റെ വഴിക്ക് ഒരു ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കാൻ മാമച്ചൻ നടത്തുന്ന നെട്ടോട്ടവും കക്കൂസ് നിർമാണംപോലുള്ള പദ്ധതികളിൽ നടത്തുന്ന ചെറിയ തട്ടിപ്പുകളും ചിരിക്ക് വകനൽകുന്നു. പഞ്ചായത്ത് ഭരണത്തിലെ സഹായിയും സഹായിക്കുന്നവനും തമ്മിലുള്ള ബന്ധം, ചെറിയ നേട്ടങ്ങൾക്കുവേണ്ടിയുള്ള തന്ത്രങ്ങൾ, പ്രാദേശിക രാഷ്ട്രീയനേതാക്കളുടെ അതിജീവനരീതികൾ എന്നിവയെല്ലാം ‘വെള്ളിമൂങ്ങ' ചിരിപ്പിക്കുന്നു.

ലാൽ ജോസ് അണിയിച്ചൊരുക്കിയ ‘എൽസമ്മ എന്ന ആൺകുട്ടി’യിലെ ജഗതിയുടെ പഞ്ചായത്ത് മെമ്പർ രമണനെക്കുറിച്ച് ഓർക്കുമ്പോൾത്തന്നെ ചിരി പൊട്ടിവിടരും. അഴിമതിക്കാരനായ രാഷ്ട്രീയക്കാരനായാണ് ഈ കഥാപാത്രത്തെ ചിത്രീകരിച്ചിരിക്കുന്നത്. പഞ്ചായത്തിലെ കാര്യങ്ങൾ സ്വന്തം ഇഷ്ടത്തിനനുസരിച്ച് നടത്താൻ ശ്രമിക്കുകയും പലപ്പോഴും സത്യസന്ധമല്ലാത്ത കാര്യങ്ങൾക്ക് കൂട്ടുനിൽക്കുകയും ചെയ്യുന്ന വ്യക്തിയാണ്. നായികയായ എൽസമ്മ (ആൻ അഗസ്റ്റിൻ) യുമായി മെമ്പർ രമണൻ പലപ്പോഴും വഴക്കിലും തർക്കത്തിലും ഏർപ്പെടാറുണ്ട്. കാരണം, എൽസമ്മ ഗ്രാമത്തിലെ തെറ്റായ കാര്യങ്ങളെ ചോദ്യംചെയ്യുകയും അതിനെതിരെ ശക്തമായി നിലകൊള്ളുകയും ചെയ്യുന്ന വ്യക്തിയാണ്. കുഞ്ചാക്കോ ബോബൻ നായകനായ ചിത്രത്തിൽ ഇന്ദ്രജിത് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു.
സത്യൻ അന്തിക്കാടിന്റെ മറ്റൊരു സിനിമയായ ‘നരേന്ദ്രൻ മകൻ ജയകാന്തൻ വക'യും കൈകാര്യം ചെയ്‌തത് ഒരു പഞ്ചായത്തുവിഷയമാണ്. സിനിമയിലെ നായകനായ ജയകാന്തൻ (കുഞ്ചാക്കോ ബോബൻ), തന്റെ അച്ഛൻ നരേന്ദ്രന് സ്വന്തമായുള്ള വസ്തുവകകൾ വിൽക്കാനായി വരുമ്പോൾ, ഈ വസ്തുക്കൾ തട്ടിയെടുക്കാനോ കുറഞ്ഞ വിലയ്ക്ക് സ്വന്തമാക്കാനോ ശ്രമിക്കുന്ന പ്രാദേശിക മാഫിയസംഘത്തിലെ പ്രധാന കണ്ണിയാണ് പഞ്ചായത്തിലെ പ്രതിപക്ഷനേതാവ് തമ്പാൻ (ഇന്നസെന്റ്). നായകനെ സഹായിക്കുന്നത് പഞ്ചായത്ത് പ്രസിഡന്റുകൂടിയായ സംഗീത (സംയുക്ത വർമ) എന്ന സ്കൂൾ അധ്യാപികയാണ്. ഒരു ഗ്രാമപഞ്ചായത്തിലെ ഭരണസമിതിയോഗവും ഗ്രാമീണജനതയുടെ ഉൾത്തുടിപ്പുമെല്ലാം ആ സിനിമയിൽ നിറഞ്ഞുനിന്നു. ഇന്നസെന്റിന്റെ ആക്ഷേപഹാസ്യത്തെ ഇന്നും പൊട്ടിച്ചിരിച്ചുകൊണ്ടാണ് നമ്മൾ സമീപിക്കുക.
പഞ്ചായത്ത് തെരഞ്ഞെടുപ്പുകൾമാത്രമല്ല, മറ്റ് പൊതുതെരഞ്ഞെടുപ്പുകളും (നിയമസഭ, ലോക്‌സഭ) രാഷ്ട്രീയവും പ്രമേയമാക്കിയ ശ്രദ്ധേയമായ മലയാളസിനിമകൾ നിരവധിയുണ്ട്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്‌ത ‘സന്ദേശം’ എക്കാലത്തെയും മികച്ച രാഷ്ട്രീയ ആക്ഷേപഹാസ്യ ചിത്രങ്ങളിൽ ഒന്നാണ്. രാഷ്ട്രീയപാർടികൾ തമ്മിലുള്ള കടുത്ത വൈരവും ഒരു കുടുംബത്തിലെ സഹോദരങ്ങൾ വിഭിന്ന രാഷ്ട്രീയനിലപാടുകൾ കാരണം ഭിന്നിക്കുന്നതും ഈ സിനിമ ചർച്ച ചെയ്യുന്നു. തെരഞ്ഞെടുപ്പും പ്രാദേശികരാഷ്ട്രീയവുമാണ് ഇതിലെ മുഖ്യപ്രമേയം. എന്നാൽ, അരാഷ്‌ട്രീയപ്രവണത സൃഷ്‌ടിക്കുന്നതിൽ ഇൗ സിനിമ മുഖ്യ പങ്കുവഹിച്ചത് കാണാതിരുന്നുകൂടാ. വേണു നാഗവള്ളി സംവിധാനം ചെയ്‌ത ‘ലാൽസലാം’, മധുപാൽ സംവിധാനം ചെയ്‌ത ‘തലപ്പാവ്’ എന്നിവ രാഷ്‌ട്രീയചിത്രങ്ങളിൽ ശ്രദ്ധിക്കപ്പെട്ടവയാണ്.
ഒരു കോളേജ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിദ്യാർഥിരാഷ്ട്രീയത്തിൽ നടക്കുന്ന സംഘർഷങ്ങളും പ്രണയവും വ്യക്തിജീവിതത്തിലെ പോരാട്ടങ്ങളുമാണ് 1983ൽ പുറത്തിറങ്ങിയ ‘സമരം’ എന്ന വി അശോക്‌കുമാർ ചിത്രം. രാഷ്ട്രീയപ്രവർത്തകനായ അയ്മനം സിദ്ധാർഥൻ (ഫഹദ് ഫാസിൽ) ഒരു നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതും അതിലൂടെ അദ്ദേഹത്തിന്റെ ജീവിതത്തിൽ ഉണ്ടാകുന്ന മാറ്റങ്ങളുമാണ് ‘ഒരു ഇന്ത്യൻ പ്രണയകഥ’ എന്ന സത്യൻ അന്തിക്കാട് ചിത്രത്തിന്റെ പ്രധാന പ്രമേയം. 2013ൽ പുറത്തിറങ്ങിയ ഇൗ ചിത്രം തെരഞ്ഞെടുപ്പുരാഷ്ട്രീയത്തിലെ ചില യാഥാർഥ്യങ്ങൾ ലളിതമായി അവതരിപ്പിച്ചു.










0 comments