ad
Deshabhimani

‘ഉർവ്വശി മലയാളത്തിന്റെ അൽ പച്ചീനോ’; ‘ആശ’യെ പ്രശംസിച്ച് സംവിധായകൻ എംഎ നിഷാദ്

asha

ആശ സിനിമയുടെ പോസ്റ്ററുകൾ (ഇടത്) അൽ പച്ചീനോ (വലത്)| Photo: Social Media

വെബ് ഡെസ്ക്

Published on Sep 13, 2026, 08:55 PM | 1 min read

കൊച്ചി : ഉർവ്വശിയും ജോജു ജോർജ്ജും ഐശ്വര്യ ലക്ഷ്മിയും പ്രധാന വേഷങ്ങളിലെത്തിയ ‘ആശ’യ്ക്ക് മികച്ച പ്രേക്ഷക-നിരൂപക പ്രതികരണം ലഭിച്ച് തിയറ്ററുകളിൽ മുന്നേറുന്നതിനിടെ ഉർവ്വശിയുടെ പ്രകടനത്തെ പ്രശംസിച്ച് സംവിധായകൻ എം എ നിഷാദ്. ഉർവ്വശിയെ മലയാളത്തിന്റെ അൽ പച്ചീനോയെന്നാണ് നിഷാദ് വിശേഷിപ്പിച്ചത്. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം ഉർവ്വശിയുടെ അഭിനയത്തെ പ്രശംസിച്ചത്.


ലോകപ്രശസ്ത അമേരിക്കൻ നടൻ അൽ പച്ചീനോയുടെ പ്രകടനങ്ങളെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ളതാണ് ‘ആശ’യിലെ ഉർവ്വശിയുടെ അഭിനയമെന്ന് നിഷാദ് കുറിച്ചു. സൂക്ഷ്മാഭിനയത്തിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച അൽ പച്ചീനോയെപ്പോലെ, സ്വാഭാവിക അഭിനയത്തിലൂടെ ഉർവ്വശിയും ‘ആശ’യിൽ അത്ഭുതപ്പെടുത്തുന്നുവെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.


അഭിനയമോഹികൾക്ക് ഉർവ്വശിയുടെ കഥാപാത്രങ്ങളെ സ്ക്രീനിൽ കണ്ട് പഠിക്കാമെന്നും, ‘ആശ’ പൂർണമായും ഉർവ്വശിയുടെ ചിത്രമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതേസമയം ജോജു ജോർജ്ജും ഐശ്വര്യ ലക്ഷ്മിയും തങ്ങളുടെ ഭാഗങ്ങൾ മികച്ചതാക്കിയെന്നും നിഷാദ് കുറിപ്പിൽ വ്യക്തമാക്കി.


ചിത്രത്തിലെ ചില രംഗങ്ങൾ വിരസമാകുമെന്ന് തോന്നുന്ന ഘട്ടങ്ങളിൽ പോലും സംവിധായകന്റെ ക്രാഫ്റ്റും ഉർവ്വശിയുടെ പ്രകടനവും പ്രേക്ഷകരുടെ ശ്രദ്ധ സിനിമയിൽനിന്ന് മാറാതെ നിലനിർത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.


സംവിധായകൻ സഫർ സനലിനും നിർമാതാവ് അജിത് വിനായകയ്ക്കും അഭിമാനിക്കാവുന്ന ചിത്രമാണ് ‘ആശ’യെന്നും നിഷാദ് വിലയിരുത്തി. നായികാ പ്രാധാന്യമുള്ള ചിത്രം പ്രേക്ഷകർ ഏറ്റെടുക്കുന്നതിൽ സന്തോഷമുണ്ടെന്നും മികച്ച അഭിനേത്രി എന്ന നിലയിലാണ് ഉർവ്വശിയെ വിലയിരുത്തേണ്ടതെന്നും, അതുകൊണ്ടുതന്നെ ഉർവ്വശിയെ ‘മലയാളത്തിന്റെ അൽ പച്ചീനോ’ എന്ന് വിളിക്കാനാണ് തനിക്ക് ഇഷ്ടമെന്നും നിഷാദ് വ്യക്തമാക്കി.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home