'കരിയർ നശിപ്പിക്കാന്‍ ശ്രമിച്ചു, ഒടുവില്‍ ആ ചിത്രത്തിന് റിലീസ് അനുമതി' ; വൈകാരിക കുറിപ്പുമായി ഗൗതം മേനോൻ

ഗൗതം വാസുദേവ് മേനോൻ | image credit: Facebook/Gautham Vasudev Menon
തിരുവനന്തപുരം: 'ധ്രുവനച്ചത്തിരം' സിനിമയുടെ റിലീസിന് മദ്രാസ് കോടതി അനുമതി നൽകിയതിന് പിന്നാലെ സുപ്രധാന വെളിപ്പെടുത്തലുമായി സംവിധായകൻ ഗൗതം വാസുദേവ് മേനോൻ. തന്റെ കരിയർ നശിപ്പിക്കാനും ചിത്രത്തിന്റെ റിലീസ് തടയാനും ചിലർ ശ്രമിച്ചുവെന്ന് സംവിധായകൻ ആരോപിച്ചു.
തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയായിരുന്നു ഗൗതം മേനോന്റെ ആരോപണം. കുറിപ്പിൽ തന്റെ ലീഗൽ അഡ്വൈസർക്ക് സംവിധായകൻ നന്ദി പറയുന്നുണ്ട്. 'നിരവധി പേരുടെ ശ്രമഫലമായുണ്ടായ തന്റെ ഒരു സിനിമയുടെ റിലീസ് തടയാൻ ചിലർ ശ്രമിച്ചു. എന്നാൽ എന്റെ ലീഗൽ അഡ്വൈസർ അഡ്വേക്കേറ്റ് അബ്ദുൽ ഹമീദ് എനിക്ക് മുന്നോട്ട് പോകാനുള്ള വഴി കാട്ടിത്തന്നു. ഇപ്പോൾ ബഹുമാനപ്പെട്ട ജസ്റ്റിസ് സെന്തിൽകുമാർ രാമമൂർത്തി എനിക്ക് വഴികാട്ടുകയും അവസാനം ഒരു വെളിച്ചം കാണുകയും ചെയ്തു. 'ധ്രുവനച്ചത്തിരം' റിലീസ് ചെയ്യാനുള്ള സുപ്രധാന വിധി മദ്രാസ് കോടതിയിൽ നിന്നും വന്നു', ഗൗതം വാസുദേവ് മേനോൻ കുറിച്ചു.
2016ൽ ചിത്രീകരണം ആരംഭിച്ച സിനിമയുടെ റിലീസ് പലയാവർത്തിയാണ് മുടങ്ങിയത്. ഒടുവിൽ 2026 ഏപ്രിലിൽ ചിത്രം റിലീസ് ചെയ്യുമെന്ന് അറിയിച്ചിരുന്നെങ്കിലും സാമ്പത്തികവും നിയമപരവുമായ കാരണങ്ങളാൽ നീട്ടിവെക്കുകയായിരുന്നു. സ്പൈ ത്രില്ലർ ചിത്രമായ ധ്രുവനച്ചത്തിരത്തിൽ ചിയാൻ വിക്രമാണ് നായകൻ. വിനായകൻ, റിതു വർമ്മ, ഐശ്വര്യ ലക്ഷ്മി, സിമ്രാൻ, രാധിക ശരത്കുമാർ, പാർത്ഥിപൻ തുടങ്ങിയ വമ്പൻ താരനിരയും ചിത്രത്തിലുണ്ട്.










0 comments