പീറ്റർ... ഞങ്ങളുടെ നൊസ്റ്റാൾജിയയുമായി വീണ്ടും വരിക

ഷഹാമിൽ ചെറുകര
Published on Aug 23, 2026, 05:39 PM | 2 min read
"വലിയ ശക്തിയുണ്ടെങ്കിൽ വലിയ ഉത്തരവാദിത്വവുമുണ്ടാകും’– ലോകത്ത് ഏറ്റവും കൂടുതൽ ഉദ്ധരിക്കപ്പെട്ട സിനിമാ സംഭാഷണങ്ങളിലൊന്നാണിത്. ഇതൊരു സൂപ്പർഹീറോയുടെ ഡയലോഗ് മാത്രമല്ല, ജീവിതത്തിന്റെ ലളിതമായ ഒരു തത്വശാസ്ത്രംകൂടിയാണിത്. ജീവിതയാത്രകളിലെ ഇത്തരം തത്വശാസ്‌ത്രങ്ങൾ, അനുഭവങ്ങൾ, നഷ്‌ടങ്ങൾ, പ്രണയം, വേദന, ഒറ്റപ്പെടൽ ഇവയെയെല്ലാം സമന്വയിപ്പിച്ചതായതുകൊണ്ടാകാം രണ്ടുപതിറ്റാണ്ടിനപ്പുറവും പീറ്റർ നെയ്‌ത വല ആരാധകമനസ്സിലിന്നും ശക്തമായി നിലയുറപ്പിച്ചിട്ടുണ്ടാകുക.
ഇരുപതാംനൂറ്റാണ്ടിന്റെ തുടക്കത്തിൽ സ്‌ക്രീനിൽ തെളിഞ്ഞ ഒരു കോമിക് കഥാപാത്രം ലോകമെമ്പാടുമുള്ള കുട്ടികളുടെയും യുവാക്കളുടെയും മുതിർന്നവരുടെയും ഹൃദയത്തിൽ ഒരുപോലെ ഇടംപിടിച്ചതും സ്‌പൈഡർ–മാൻ സീരീസിലെ ഓരോ ചിത്രത്തിനും ഇത്രമേൽ സ്വീകാര്യത ലഭിച്ചതും ഇതുകൊണ്ടെല്ലാമാണ്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസും അതിവേഗ സാങ്കേതികവിദ്യയും സമൂഹമാധ്യമങ്ങളുമെല്ലാം നിറഞ്ഞ പുതുലോകത്തിലും സ്‌പൈഡർ-–മാന്റെ കഥ കൂടുതൽ ഫ്രഷായി തോന്നുന്നതിന്റെ കാരണവും മറ്റൊന്നല്ല. നാമനുഭവിക്കുന്ന മനുഷ്യവിചാരങ്ങളെ ചുറ്റിപ്പറ്റിയാണത്, മനുഷ്യനിൽ കേന്ദ്രീകരിച്ച സൂപ്പർഹീറോ മൂവിയാണത്.

2002ൽ ഇറങ്ങിയ ആദ്യ സ്പൈഡർ–മാൻ ചിത്രത്തിൽ ചിലന്തിയുടെ കടിയേറ്റ് പീറ്റർ പാർക്കർ എന്ന യുവാവിന് അമാനുഷിക കഴിവുകൾ ലഭിക്കുന്നതും അവന്റെ മുന്നോട്ടുള്ള ജീവിതവുമാണ് ഇതിവൃത്തം. തനിക്ക് ചുറ്റുമുള്ളവരോട് പ്രതിബദ്ധത കാക്കാനായി തന്റെ സൂപ്പർ പവർ വിനിയോഗിക്കുന്ന സ്‌പൈഡർ–മാനെയാണ് അന്നുമുതൽ ആരാധകർക്ക് പരിചയം.
സ്‌പൈഡർ–മാന്റെ ഏറ്റവും വലിയ പ്രത്യേകത അവന്റെ ശക്തിയല്ല, അവന്റെ ദൗർബല്യമാണ്. മറ്റൊരാളെ വിഷമഘട്ടത്തിലേക്ക് പറഞ്ഞയക്കാൻ തയ്യാറാകാതെ സഹാനുഭൂതി കാണിച്ച് പീറ്റർ പാർക്കർ ചെന്നുചാടുന്ന പ്രശ്‌നങ്ങൾ നിരവധിയാണ്. നമുക്കോരോരുത്തർക്കും ഓരോ സ്‌പൈഡർ–മാൻമാരുണ്ടാകും. 2004ലും 2007ലും എത്തിയ ടോബി മഗ്വയറും ശേഷം 2012ലും 2014ലും എത്തിയ ആൻഡ്രൂ ഗാർഫീൽഡും അവസാനം 2017, 2019, 2021, 2026ലും എത്തിയ ടോം ഹോളൻഡും അങ്ങനെ അവർ ഓരോ തലമുറയുടെയും സ്‌പൈഡർ–മാൻമാരായി. ഇതിനിടയിൽ 2018ലും 2023ലും മൈൽസ് മൊറേൽസെന്ന അനിമേറ്റഡ് വേർഷൻ സ്‌പൈഡർ–മാനും എത്തി.
മുൻധാരണകൾ പൊളിച്ചുള്ള വരവ്
1960കളിൽ അമേരിക്കൻ കോമിക് പുസ്തക രചയിതാവ് സ്‌റ്റാൻലീയുടെ ചുവരിലെ പ്രാണിയിൽനിന്നാണ് എല്ലാത്തിന്റെയും തുടക്കം. വ്യത്യസ്‌തനായൊരു സൂപ്പർഹീറോയെ സൃഷ്ടിക്കാൻ ആഗ്രഹിച്ച സ്‌റ്റാൻലീക്കുമുന്നിൽ ആദ്യമായി അങ്ങനെ സ്‌പൈഡർ–മാൻ ആശയം അവതരിച്ചു. കുട്ടികളടക്കം പേടിക്കുന്ന, മനുഷ്യൻ വെറുക്കുന്ന എട്ടുകാലിയിൽനിന്നൊരു സൂപ്പർഹീറോയോ! സാധ്യമല്ലെന്നു പറഞ്ഞുള്ള മാർവൽ കോമിക് പബ്ലിഷർ മാർട്ടിൻ ഗുഡ്‌മാന്റെ റിജക്‌ഷനായിരുന്നു ആദ്യ റിവ്യൂ.

ഒരു കൗമാരക്കാരന് ഒരിക്കലും ഒരു സൂപ്പർ ഹീറോയാകാൻ സാധിക്കില്ലെന്നും നായകന്മാർക്ക് തങ്ങളുടെ ജീവിതത്തിൽ തങ്ങളുടേതായ പ്രശ്‌നങ്ങളുണ്ടാകരുതെന്നും ഗുഡ്‌മാൻ വിശ്വസിച്ചു. അമേസിങ് ഫാന്റസി എന്ന കോമിക് പരമ്പരയുടെ അവസാന ലക്കത്തിലാണ് ‘പരീക്ഷണാടിസ്ഥാനത്തിൽ’ സ്റ്റാൻലീ തന്റെ സ്പൈഡർമാനെ സ്വതന്ത്രനാക്കിവിടുന്നത്. ഗുഡ്‌മാന്റെ മുൻധാരണകളെല്ലാം തെറ്റിച്ച് ആ ലക്കം വലിയ വിജയമായി. 1963-ൽ ദി അമേസിങ് സ്‌പൈഡർ–മാൻ എന്ന പേരിൽ കോമിക് പരമ്പര ആരംഭിക്കുകയും ചെയ്‌തു.
ആരാരും ഇഷ്‌ടപ്പെടില്ലെന്ന മുൻധാരണ പൊളിച്ച് പല കാലങ്ങളിലായി പീറ്റർ ഉയരെപ്പറന്നു. ഇന്ന് ന്യൂയോർക്കും കടന്ന് കേരളത്തിലെ ഗ്രാമങ്ങളിൽവരെ കുട്ടിയുടെ സ്കൂൾ ബാഗിലും സ്റ്റേഷനറികളിലും ടി ഷർട്ടുകളിലും വീഡിയോ ഗെയിമുകളിലും സോഷ്യൽ മീഡിയ മീമുകളിലുംവരെ നിലയുറപ്പിച്ചു.
അവസാനത്തിലും ആട്ടം നിർത്താതെ
2021ൽ പുറത്തിറങ്ങിയ നോ വേ ഹോമിൽ ഐഡന്റിറ്റി പുറത്തായി പഠനവും സൗഹൃദവും കുടുംബജീവിതവും എല്ലാം തകർച്ചയിലായ പീറ്ററിനെ കാണാം. പ്രശ്നത്തിൽനിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ, മൾട്ടിവേഴ്സിന്റെ വാതിലുകൾ തുറന്ന് പഴയ സ്പൈഡർ–മാൻ സിനിമകളിലെ വില്ലന്മാരും മറ്റു രണ്ട് സ്‌പൈഡർമാൻമാരും ഈ ലോകത്തേക്ക് എത്തുന്നു. നോ വേ ഹോം അവസാനിക്കുമ്പോൾ ലോകം മുഴുവൻ പീറ്റർ പാർക്കറെ മറക്കുന്നു. സുഹൃത്തുക്കളായ എംജെയും നെഡും പോലും അവനെ തിരിച്ചറിയുന്നില്ല. സ്വന്തം ജീവിതം വീണ്ടും പൂജ്യത്തിൽനിന്ന് തുടങ്ങേണ്ട അവസ്ഥയാണ് പിന്നീട്. ഇവിടെനിന്നാണ് ജൂലൈ 31ന് പുറത്തിറങ്ങിയ സ്‌പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേയുടെ തുടക്കം. കൂടുതൽ പക്വമായ പീറ്റർ പാർക്കറിനെ ടോം ഹോളൻഡിലൂടെ ഇതിൽ കാണാം. എല്ലാവരും മറന്ന് എല്ലാവരെയും നഷ്‌ടപ്പെട്ട പീറ്ററിന്റെ മാനസികസംഘർഷങ്ങളും വൈകാരികതയിലൂന്നിയുള്ള കഥപറച്ചിലും കിടിലൻ ആക്‌ഷൻ രംഗങ്ങളും പുതിയ പതിപ്പിനെ കൂടുതൽ കരുത്തുറ്റതാക്കുന്നു. തെരുവിൽ ജനങ്ങളുടെ ഹീറോയായി ഒരിക്കൽക്കൂടി അവതരിച്ചാണ് ഇത്തവണ പീറ്ററിന്റെ മടക്കം.

ഇന്ത്യൻ ബോക്‌സ് ഓഫീസിലടക്കം പുതിയ റെക്കോഡുകളിട്ട് കുതിക്കുന്ന പുതിയ ചിത്രത്തിന്റെ അവസാനത്തിലും സ്‌പൈഡർ–മാൻ തന്റെ നീതിബോധത്തെയും ചുമതലകളെയും മാറ്റിവച്ച് മടങ്ങിപ്പോകില്ലെന്ന് പറയുന്നു. പുതിയ ഉത്തരവാദിത്വങ്ങളും വെല്ലുവിളികളും നിറഞ്ഞ നഗരത്തിലേക്ക് ലക്ഷോപലക്ഷം ആരാധകരുടെ നൊസ്റ്റാൾജിക് ഓർമകളുംപേറി പീറ്റർ ഇനിയും വരും.










0 comments