'സിനിമയുടെ റിലീസ് തടസപ്പെടുത്താൻ ചിലർ ശ്രമിക്കുന്നു'; ആരാധകരോട് ഖേദം പ്രകടിപ്പിച്ച് ആർ ജെ ബാലാജി

ചെന്നൈ: നടൻ സൂര്യയുടെ പുതിയ ചിത്രം കറുപ്പ് സ്പെഷ്യൽ ഷോ കാണാനായി രാവിലെ തിയറ്ററിലെത്തി നിരാശരായി മടങ്ങിയ ആരോധകരോട് ഖേദപ്രകടനം നടത്തി സംവിധായകൻ ആർ ജെ ബാലാജി. വ്യാഴാഴ്ച റിലീസ് ചെയ്യാനിരുന്ന ചിത്രത്തിന്റെ തമിഴ്‌നാട്, കേരളം, ആന്ധ്ര എന്നിവിടങ്ങളിലെ രാവിലത്തെ ഷോകൾ റദ്ദാക്കിയിരുന്നു. നിർമാണ കമ്പനിയായ ഡ്രീം വാരിയർ പിക്ചേഴ്സിന്റെ 50 കോടി രൂപയ്ക്ക് മുകളിലുള്ള സാമ്പത്തിക ബാധ്യതകളും ഇടപാടുകളിലെ തർക്കങ്ങളുമാണ് പ്രതിസന്ധിക്ക് കാരണം.
സിനിമയുടെ പ്രദർശനം മുടങ്ങിയതിൽ വികാരാധീനനായി ആർ ജെ ബാലാജി ആരാധകരോട് ക്ഷമ ചോദിച്ചു. ദൂരസ്ഥലങ്ങളിൽ നിന്ന് സിനിമ കാണാനെത്തി നിരാശരായവർക്കുണ്ടായ മാനസിക വിഷമത്തിൽ ദുഖമുണ്ട്. വൈകുന്നേരം 6 ഓടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്നും സിനിമ തിയറ്ററുകളിൽ എത്തുമെന്നുമാണ് വിശ്വസിക്കുന്നത്. സിനിമയുടെ റിലീസിനായി നായകൻ സൂര്യ അടക്കമുള്ളവർ ഒരുപാട് വിട്ടുവീഴ്ചകൾ ചെയ്തിട്ടുണ്ട്. സിനിമ പുറത്തിറങ്ങാതിരിക്കാൻ പലരും തടസങ്ങളുണ്ടാകകുന്നുവെന്നും ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിൽ സംവിധായകൻ പറഞ്ഞു.
എല്‍ കെ ജി, മൂക്കുത്തി അമ്മന്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം ആര്‍ ജെ ബാലാജി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ തൃഷയാണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇന്ദ്രൻസ്, സ്വാസിക, അനഘ മായ രവി, ശിവദ തുടങ്ങിയ മലയാളി താരങ്ങളും ചിത്രത്തിലുണ്ട്. സായ് അഭ്യാങ്കറാണ് സംഗീതം ഒരുക്കുന്നത്. ജി കെ വിഷ്ണു ദൃശ്യങ്ങൾ കൈകാര്യം ചെയ്യുന്നു. കലൈവാനൻ ആണ് എഡിറ്റിംഗ് നിർവഹിക്കുന്നത്. അൻബറിവ്, വിക്രം മോർ ജോഡികളാണ് കറുപ്പിലെ ഉയർന്ന നിലവാരമുള്ള ആക്ഷൻ സീക്വൻസുകൾ നിർവഹിച്ചിരിക്കുന്നത്. അരുൺ വെഞ്ഞാറമൂടാണ് പ്രൊഡക്‌ഷൻ ഡിസൈനർ.










0 comments