'ചെറിയൊരു പങ്കാണെങ്കിലും വരുൺ പ്രഭാകർ ഇല്ലെങ്കിൽ ദൃശ്യം മുന്നോട്ട് പോകില്ല'; മനസ് തുറന്ന് റോഷൻ ബഷീർ

റോഷൻ ബഷീർ
തിരുവനന്തപുരം: ജീത്തു ജോസഫിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ 'ദൃശ്യം' എന്ന ചിത്രത്തിലെ 'വരുൺ പ്രഭാകർ' എന്ന നെഗറ്റീവ് ഷേഡുള്ള കഥാപാത്രത്തിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതനായ നടനാണ് റോഷൻ ബഷീർ. നടന്റെ സിനിമാ കരിയറിൽ തന്നെ വലിയൊരു വഴിത്തിരിവുണ്ടാക്കിയ ചിത്രമായിരുന്നു ഇത്. ദൃശ്യം മൂന്നാം ഭാഗത്തിന്റെ റിലീസ് അടുത്തുനിൽക്കെ, ചിത്രത്തെക്കുറിച്ചും അതിലെ തന്റെ കഥാപാത്രത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും മനസുതുറക്കുകയാണ് താരം ഇപ്പോൾ.
വരുൺ പ്രഭാകർ എന്ന കഥാപാത്രമില്ലെങ്കിൽ ദൃശ്യം എന്ന സിനിമയ്ക്ക് മുന്നോട്ട് പോകാനാകില്ലെന്ന് റോഷൻ പറയുന്നു. ചിത്രത്തിൽ തന്റെ കഥാപാത്രത്തിന്റേത് ചെറിയൊരു പങ്കാണെങ്കിലും, ആ കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് സിനിമയുടെ കഥ വികസിക്കുന്നത് എന്നത് ഒരു നടനെ സംബന്ധിച്ച് വലിയ കാര്യമാണെന്ന് താരം വെളിപ്പെടുത്തി. ലാലേട്ടനെപ്പോലെയുള്ള ഒരു വലിയ നടന്റെ സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ താൻ ഏറെ കൃതജ്ഞതയുള്ളവനാണെന്നും താരം കൂട്ടിച്ചേർത്തു. മെയ് 21-നാണ് ദൃശ്യം 3 തിയേറ്ററുകളിലെത്തുന്നത്. ചിത്രം മികച്ചൊരു അനുഭവമായിരിക്കുമെന്നും എല്ലാവരും തിയേറ്ററിൽ പോയി കാണണമെന്നും റോഷൻ അഭ്യർത്ഥിച്ചു.
ജോർജുകുട്ടി എന്ന കേന്ദ്രകഥാപാത്രത്തിന് നാല് വർഷങ്ങൾക്ക് ശേഷം ഉണ്ടാകുന്ന മാറ്റങ്ങളെയാണ് മൂന്നാം ഭാഗത്തിൽ ദൃശ്യാവിഷ്കരിക്കുന്നതെന്ന് സംവിധായകൻ ജീത്തു ജോസഫ് നേരത്തെ വ്യക്തമാക്കിയിരുന്നു. ആദ്യ രണ്ട് ഭാഗങ്ങളെപ്പോലെ ഒരു ഹെവി ഇന്റലിജെന്റ് സിനിമയായിരിക്കില്ല മൂന്നാം ഭാഗമെന്നും അദ്ദേഹം സൂചിപ്പിച്ചു. റിലീസിന് മുന്നേ തന്നെ വലിയ ബിസിനസ്സ് വിജയങ്ങൾ സ്വന്തമാക്കിയ ചിത്രം, ഷൂട്ടിങ് പൂർത്തിയാകും മുൻപ് തന്നെ 350 കോടി ക്ലബ്ബിൽ ഇടം പിടിച്ചിരുന്നു.
ദൃശ്യത്തിന്റെ ഹിന്ദി പതിപ്പിന്റെ നിർമാതാക്കളായ പനോരമ സ്റ്റുഡിയോസാണ് ചിത്രത്തിന്റെ ലോകമെമ്പാടുമുള്ള തിയേറ്റർ, ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കിയിരിക്കുന്നത്. വലിയ പ്രേക്ഷകപ്രതീക്ഷയോടെ മെയ് 21-നാണ് ജോർജുകുട്ടിയും കുടുംബവും വീണ്ടും തിയേറ്ററുകളിലേക്ക് എത്തുന്നത്. മുൻ ഭാഗങ്ങൾ ഒരുക്കിയ ജീത്തു ജോസഫ് തന്നെയാണ് ഇത്തവണയും തിരക്കഥയും സംവിധാനവും നിർവ്വഹിക്കുന്നത്.









0 comments