ബോക്സ് ഓഫീസിൽ പടയോട്ടം തുടർന്ന് 'പേട്രിയറ്റ്'; ഒടിടി അവകാശങ്ങൾ സ്വന്തമാക്കി സീ5

മോഹൻലാൽ (ഇടത്) മമ്മൂട്ടി (വലത്)
തിരുവനന്തപുരം : മലയാള സിനിമയിലെ ഇതിഹാസ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചെത്തിയ സ്പൈ ത്രില്ലർ 'പേട്രിയറ്റ്' തീയേറ്ററുകളിൽ മികച്ച മുന്നേറ്റം തുടരുന്നു. മെയ് ഒന്നിന് റിലീസ് ചെയ്ത ചിത്രം വെറും മൂന്ന് ദിവസങ്ങൾക്കുള്ളിൽ തന്നെ ആഗോളതലത്തിൽ 63.61 കോടി രൂപയുടെ ഗ്രോസ് കളക്ഷൻ സ്വന്തമാക്കി. റിലീസ് ദിനത്തിൽ ഇന്ത്യയിൽ നിന്ന് മാത്രം 10 കോടി രൂപ നേടിയ ചിത്രം ആദ്യ ദിനം തന്നെ ആഗോളതലത്തിൽ 28.1 കോടി രൂപയാണ് നേടിയത്. രണ്ടാം ദിവസം പിന്നിട്ടപ്പോൾ 48.23 കോടിയായി.
മഹേഷ് നാരായണൻ സംവിധാനം ചെയ്ത ബിഗ് ബജറ്റ് ചിത്രത്തിൽ ഫഹദ് ഫാസിൽ വില്ലനായി എത്തുമ്പോൾ കുഞ്ചാക്കോ ബോബൻ, നയൻതാര, രേവതി, ദർശന രാജേന്ദ്രൻ എന്നിവരും പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നു. രാജ്യസുരക്ഷയെ ബാധിക്കുന്ന നിരീക്ഷണ ഗൂഢാലോചനകൾ തകർക്കാൻ ശ്രമിക്കുന്ന രഹസ്യ അന്വേഷണ ഉദ്യോഗസ്ഥരുടെ കഥയാണ് ചിത്രം പറയുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനിയും കിച്ചപ്പൂസ് എൻ്റർടൈൻമെൻ്റ്‌സും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
സിനിമയുടെ തീയേറ്റർ ആവേശം നിലനിൽക്കുമ്പോൾ തന്നെ ആരാധകർ ചിത്രത്തിന്റെ ഒടിടി റിലീസിനായുള്ള കാത്തിരിപ്പിലാണ്. 'പേട്രിയറ്റി'ന്റെ ഡിജിറ്റൽ സ്ട്രീമിങ് അവകാശങ്ങൾ പ്രമുഖ പ്ലാറ്റ്‌ഫോമായ സീ5 (ZEE5) സ്വന്തമാക്കിയതായാണ് റിപ്പോർട്ട്. ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും, മെയ് അവസാനമോ ജൂൺ ആദ്യവാരമോ ചിത്രം ഒടിടിയിൽ എത്താൻ സാധ്യതയുണ്ട്. സാധാരണയായി മലയാള ചിത്രങ്ങൾ തീയേറ്റർ റിലീസിന് നാല് ആഴ്ചകൾക്ക് ശേഷം ഒടിടിയിൽ എത്താറുണ്ട്. ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശങ്ങൾ സീ കേരളത്തിനാണ്.










0 comments