ad
Deshabhimani

ബോക്സോഫീസിൽ തകർത്ത് 'മൈക്കിൾ' ; ഇന്ത്യയിലും മികച്ച പ്രതികരണം

michael jackson movie

photo credit: IMDb

വെബ് ഡെസ്ക്

Published on Apr 27, 2026, 11:41 AM | 2 min read

പോപ് ഇതിഹാസം മൈക്കിൾ ജാക്സന്റെ ജീവിതം പ്രമേയമാക്കി പുറത്തിറങ്ങിയ ബയോപിക് 'മൈക്കിൾ' റെക്കോർഡ് കളക്ഷനുമായി മുന്നോട്ട്. ആ​ഗോള ബോക്സ് ഓഫീസിൽ മികച്ച മുന്നേറ്റമാണ് ചിത്രം നടത്തുന്നത്. 300 മില്യൺ ഡോളറോളമാണ് മൈക്കിൾ ആദ്യവാരം നേടിയത്. ഓപ്പണിങ് ദിനത്തിൽ തന്നെ അമേരിക്കയിൽ 97 മില്യണും ആ​‍​ഗോള തലത്തിൽ 120 മില്യണും നേടി ആകെ 217 മില്യൺ ഡോളറാണ് നേടിയത്.


ഏറ്റവുമധികം ഓപ്പണിങ് കളക്ഷൻ നേടുന്ന ബയോപിക് ചിത്രമെന്ന റെക്കോർഡ് ഇതോടെ മൈക്കിളിന് സ്വന്തമായി. 180 മില്യൺ നേടിയ ക്രിസ്റ്റഫർ നോളൻ ചിത്രം ഓപ്പൺ ഹൈമറിനായിരുന്നു ഇതുവരെ ഈ റെക്കോർഡ്. മൈക്കിളിന്റെ റെക്കോർഡ് കളക്ഷനോടെ ഓപ്പൺഹൈമർ രണ്ടാം സ്ഥാനത്തായി. 2018ൽ പുറത്തിറങ്ങിയ മ്യൂസിക്കൽ ഡ്രാമ ബൊഹീമിയൻ റാപ്സോഡിയാണ് മൂന്നാം സ്ഥാനത്ത് (124 മില്യൺ).


മൈക്കിൾ ജാക്സന്റെ സഹോദരന്റെ മകനായ ജാഫർ ജാക്സനാണ് ചിത്രത്തിൽ പോപ് രാജാവായി തകർത്താടിയത്. ഈ വർഷം ആദ്യം യുഎസിൽ നടന്ന പ്രീമിയറിൽ ചിത്രം മോശം അഭിപ്രായമാണ് നേടിയത്. റോട്ടൺ ടൊമാറ്റോസ് അടക്കമുള്ള മൂവി റേറ്റിങ് സൈറ്റുകളിൽ 50ൽ താഴെ പോയിന്റ് നേടിയ മൈക്കിൾ തിയറ്ററിൽ റിലീസ് ചെയ്തതോടെ കഥ മാറുകയായിരുന്നു. പ്രേക്ഷകർ പ്രിയപ്പെട്ട പോപ് താരത്തിന്റെ ചിത്രം ഏറ്റെടുത്തതായി മൂവി ട്രാക്കിങ് സൈറ്റുകൾ പറയുന്നു.


ഇന്ത്യയിലും ചിത്രം മികച്ച പ്രതികരണമാണ് നേടുന്നത്. മൂന്ന് ദിവസം കൊണ്ട് 14 കോടി രൂപയോളമാണ് ചിത്രം ഇന്ത്യയിൽ നിന്ന് നേടിയത്. റിലീസ് ചെയ്ത് മൂന്നാം ദിവസമായ ഞായറാഴ്ച ചിത്രം ഇന്ത്യൻ ബോക്സ് ഓഫീസിൽ നിന്ന് മാത്രം 5.50 കോടി രൂപ നേടി. ശനിയാഴ്ച 5.10 കോടിയും വെള്ളിയാഴ്ച 3.70 കോടി രൂപയും നേടിയിരുന്നു. ദിവസങ്ങൾ കഴിയുംതോറും സിനിമയുടെ കളക്ഷനും തിരക്കും വർധിക്കുന്നത് പ്രേക്ഷക സ്വീകാര്യതയെ സൂചിപ്പിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. പെയ്ഡ് പ്രിവ്യൂകളിൽ നിന്നുള്ള 1.70 കോടി രൂപയുടെ വരുമാനവും കൂടി ചേർത്താൽ 16 കോടി രൂപയാണ് ചിത്രം ഇതുവരെ നേടിയത്. നിലവിൽ പ്രദർശനത്തിനെത്തിയ ബോളിവുഡ് ചിത്രങ്ങളെയടക്കം മറികടന്നാണ് മൈക്കിളിന്റെ കുതിപ്പ്.


രാജ്യത്തുടനീളം മൂവായിരത്തിലധികം സ്ക്രീനുകളിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. ഐമാക്സ് ഫോർമാറ്റുകൾക്ക് വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.






deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home