'സ്‌പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേ'യിൽ ഹൾക്കായി മാർക്ക് റഫലോ തിരിച്ചെത്തുമെന്ന് റിപ്പോർട്ട്

അവഞ്ചേഴ്സ് സീരീസിലൂടെ ലോകമെമ്പാടും ആരാധകരെ സൃഷ്ടിച്ച കഥാപാത്രമാണ് ഹൾക്ക് അഥവാ ബ്രൂസ് ബാനർ. ഭീമാകാരനായ പച്ച രൂപിയായി മാറി ശത്രുക്കളെ തകർക്കുന്ന ഹൾക്ക് അവഞ്ചേഴ്സിലെ പ്രധാന സൂപ്പർ ഹീറോയാണ്. 14 വർഷമായി നടൻ മാർക്ക് റഫാലോയാണ് ഹൾക്കായി മാർവൽ സിനിമാറ്റിക് യൂണിവേഴ്സിൽ വേഷമിടുന്നത്. ഇപ്പോൾ അണിയറയിൽ ഒരുങ്ങുന്ന സ്പൈഡർമാൻ 4ൽ ഹൾക്കായി മാർക്ക് റഫലോ തിരിച്ചെത്തുമെന്നാണ് റിപ്പോർട്ട്.
ടോം ഹോളണ്ടിനൊപ്പം സ്‌പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേയിലാണ് മാർക്ക് ഹൾക്കായി എത്തുന്നത്. നടൻ എംസിയുവിലെത്തിയിട്ട് 14ാം വർഷത്തിലാണ് വീണ്ടും ഹൾക്കാവാൻ ഒരുങ്ങുന്നത്. ദി ഹോളിവുഡ് റിപ്പോർട്ടറാണ് ചിത്രത്തിൽ മാർക്ക് റഫലോ തിരിച്ചെത്തുമെന്ന് വ്യക്തമാക്കിയത്. "എറ്റേണൽ സൺഷൈൻ ഓഫ് ദി സ്പോട്ട്‌ലെസ് മൈൻഡ്", "റൂമർ ഹാസ് ഇറ്റ്", "13 ഗോയിംഗ് ഓൺ 30" തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ നടൻ 2012 ലെ മാർവൽ ചിത്രമായ "ദി അവഞ്ചേഴ്‌സി" ലാണ് ആദ്യമായി ഹൾക്കിന്റെ വേഷം അവതരിപ്പിച്ചത്.
തുടർന്ന് "അവഞ്ചേഴ്‌സ്: ഏജ് ഓഫ് അൾട്രോൺ" (2015), "തോർ: റാഗ്നറോക്ക്" (2017), "അവഞ്ചേഴ്‌സ്: ഇൻഫിനിറ്റി വാർ" (2018) എന്നിവയുൾപ്പെടെ നിരവധി പ്രോജക്ടുകളിൽ റഫാലോ വേഷമിട്ടു. "സ്പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേ"യിൽ ടോം ഹോളണ്ടിനൊപ്പം സെൻഡായയും പ്രധാന വേഷത്തിൽ അഭിനയിക്കുന്നു. ഡെസ്റ്റിൻ ഡാനിയേൽ ക്രെട്ടൺ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 2026 ജൂലൈ 31 ന് തിയറ്ററുകളിൽ റിലീസ് ചെയ്യും.
മാർച്ചിൽ പുറത്തിറങ്ങിയ "മിക്കി 17" ആണ് റഫലോയുടെ ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. റോബർട്ട് പാറ്റിൻസൺ സംവിധാനം ചെയ്ത ചിത്രം ഓസ്കർ ജേതാവായ നിർമാതാവ് ബോങ് ജൂൺ ഹോ ആണ് സംവിധാനം ചെയ്തത്. ചിത്രത്തിൽ കെന്നത്ത് മാർഷലിന്റെ വേഷമാണ് റഫലോ അവതരിപ്പിച്ചത്.










0 comments