'കഥ പറയുമ്പോൾ മൊമെന്റ്' ഇൻ റിയൽ ലൈഫ്; മമ്മൂട്ടിയെന്ന് പേരിട്ടയാൾ ദാണ്ടെ, അവിടിരിപ്പുണ്ട്

കൊച്ചി: 'എനിക്ക് മമ്മൂട്ടി എന്നു പേരിട്ടയാൾ ദാണ്ടെ, അവിടിരിപ്പുണ്ട്' എന്ന് പറഞ്ഞ് എല്ലാവർക്കും കാണാനായി ഒരാളെ മമ്മൂട്ടി സദസ്സിലേക്ക് വിളിച്ചു കയറ്റി. കൂടിയിരുന്ന കണ്ണുകളിലാകെ കൗതുകം.
മഹാരാജാസ് ഓർമ്മകൾ കൊച്ചി സുഭാഷ്‌പാർക്കിൽ സംഘടിപ്പിച്ച സാഹിത്യോത്സവത്തിൽ പങ്കുവെക്കുമ്പോഴായിരുന്നു 'കഥ പറയുമ്പോൾ മൊമെന്റ്' ഇൻ റിയൽ ലൈഫ് സംഭവിച്ചത്.
'അങ്ങനെ എല്ലാവരും ഒമറേ എന്നുവിളിച്ച അന്നൊരിക്കൽ പോക്കറ്റിൽനിന്ന് ഐഡന്റിറ്റികാർഡ് താഴെ വീണു. ഐഡന്റിറ്റി കാർഡ് എടുത്തു നോക്കിയിട്ട് ഒരുത്തൻ ചോദിച്ചു, നിന്റെ പേര് ഒമറെന്നല്ലല്ലോ..മമ്മൂട്ടിയെന്നല്ലേ എന്ന്... അന്നുമുതലാണ് ഞാൻ എന്റെ സുഹൃത്തുക്കൾക്കിടയിലും ഇപ്പോൾ നിങ്ങൾക്കിടയിലും മമ്മൂട്ടിയായത്...പലരും ചോദിച്ചിട്ടുണ്ട് ആരാണ് മമ്മൂട്ടിയെന്നുപേരിട്ടതെന്ന്. താനാണ് എന്ന് അവകാശപ്പെട്ട് സ്വമേധയാ മുന്നോട്ടുവന്ന പലരുമുണ്ട്. പല ആളുകളും പത്രങ്ങളിൽ എഴുതുകയും ചെയ്തു.
പക്ഷേ എനിക്കറിയാവുന്ന, എനിക്ക് പേരിട്ടയാൾ ഇദ്ദേഹമാണഅ. ഇത്രയും കാലം ഞാൻ ഇദ്ദേഹത്തെ ഒളിപ്പിച്ചുവച്ചിരിക്കുകയായിരുന്നു, ഒരു സർപ്രൈസ്..നാലുപേര് കാൺകെ പരിചയപ്പെടുത്തണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ഇദ്ദേഹത്തിന്റെ പേര് ശശിധരൻ, എടവനക്കാടാണ് വീട്. ഇദ്ദേഹമാണ് എനിക്ക് മമ്മൂട്ടിയെന്നുപേരിട്ടത്' - പരിപാടി സംഘടിപ്പിക്കപ്പെട്ട സുഭാഷ് പാർക്കിന് മുന്നിലെ മഹാരാജാസിലുള്ള തന്റെ സുവർണ ക്യാമ്പസ് കാലം ഓരോന്നായി ഓർത്തെടുത്തപ്പോൾ മമ്മൂട്ടിയുടെ ശബ്ദം ഇടറി.
വേദിയിലേക്കെത്തിയ ചെങ്ങാതി ശശിധരൻ ലോകമറിയുന്ന തന്റെ സുഹൃത്തിനൊപ്പം നിൽക്കുന്ന സന്തോഷ കാഴ്ച സമൂഹമാധ്യമങ്ങൾ ഏറ്റെടുത്ത് കഴിഞ്ഞു.









0 comments