തെരഞ്ഞെടുപ്പ് ഗോദയിൽ കച്ചമുറുക്കി മുകുന്ദൻ ഗുരുക്കൾ

മുകുന്ദൻ ഗുരിക്കളും (മധ്യത്തിൽ) സംഘവും കളരിപയറ്റ് അവതരിപ്പിക്കുന്നു
സി രാഗേഷ് നാദാപുരം തദ്ദേശ തെരഞ്ഞെടുപ്പ് ഗോദയിൽ കച്ചമുറുക്കി "ആക്കച്ചുവട്’ വച്ച് മുന്നേറുകയാണ് കടത്തനാട് മുകുന്ദൻ ഗുരുക്കൾ. പുറമേരി പഞ്ചായത്തിന്റെ ഭരണത്തുടർച്ചയ്ക്ക് കരുത്തുപകരാനാണ് കടത്തനാടൻ കളരി സംഘം പുറമേരി ശാഖയുടെ സ്ഥാപകൻ സിപിഐ എം സ്ഥാനാർഥിയായി മത്സരിക്കുന്നത്. പുറമേരി പോസ്റ്റ് ഓഫീസ് മൂന്നാം വാർഡിൽനിന്നാണ് ജനവിധി തേടുന്നത്. 10 വർഷമായി യുഡിഎഫ് കയ്യടക്കിവച്ച വാർഡ് തിരിച്ചുപിടിക്കുക എന്ന ദൗത്യമാണ് കന്നിയങ്കത്തിൽ മുകുന്ദൻ ഗുരുക്കളെ ഏൽപ്പിച്ചിരിക്കുന്നത്. നൂറുകണക്കിന് ശിഷ്യ സമ്പത്തുള്ള ഗുരുക്കളുടെ ജനകീയതയിൽ യുഡിഎഫിനെ അടിയറവ് പറയിക്കാനുള്ള പ്രവർത്തനങ്ങളാണ് എൽഡിഎഫ് ആവഷ്‌കരിച്ചിട്ടുള്ളത്. ‘‘നല്ല പ്രതികരണമാണ് ജനങ്ങളിൽനിന്ന് ലഭിക്കുന്നത്. ഈ വർഷം വാർഡ് തിരിച്ചുപിടിച്ച് മികച്ച വിജയം കൈവരിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു’’– ഗുരുക്കൾ പറഞ്ഞു. 2022ൽ സാംസ്കാരിക വകുപ്പ് കളരിയിലെ സമഗ്ര സംഭാവനയ്ക്കുള്ള ഫോക്‌ലോർ പുരസ്‌കാരം നൽകി ആദരിച്ചിരുന്നു. കളരി ആചാര്യൻ വളപ്പിൽ കരുണൻ ഗുരുക്കളുടെ ശിഷ്യനായി അരനൂറ്റാണ്ടിലേറെയായി കളരിപ്പയറ്റ് രംഗത്ത് സജീവമാണ്. മുകുന്ദൻ ഗുരുക്കൾ സ്ഥാപിച്ച പുറമേരിയിലെ കടത്തനാട് കളരിസംഘം 36 വർഷമായി ആയോധനകലയിൽ നിരവധി പേർക്ക് പരിശീലനം നൽകുന്നുണ്ട്. വിദേശരാജ്യങ്ങളിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുമെല്ലാം കളരിപ്പയറ്റ് നടത്തിയിട്ടുണ്ട്. കളരിപ്പയറ്റ് സംഘടനയുടെ പ്രസിഡന്റ്, കേരള ആയുർവേദ തൊഴിലാളി യൂണിയൻ (സിഐടിയു) വടകര ഏരിയാ പ്രസിഡന്റ്, വ്യാപാരി വ്യവസായി സമിതി പുറമേരി യൂണിറ്റ് പ്രസിഡന്റ്, കർഷകസംഘം യൂണിറ്റ് പ്രസിഡന്റ് എന്നീ നിലകളിൽ പൊതുപ്രവർത്തനം സജീവമാണ്.








0 comments