print edition ശബരിമലയിൽ തിരക്കിന് അയവ്

ശബരിമല
ശബരിമലയിൽ മൂന്ന് ദിവസമായി തുടർന്ന കനത്ത തിരക്കിന് അൽപ്പം ആശ്വാസം. ബുധൻ രാത്രിമുതൽ തീർഥാടകരുടെ വരവിന് അൽപ്പം കുറവുണ്ട്. തീര്‍ഥാടനം ആരംഭിച്ച് 11–-ാം ദിനമായ ബുധനാഴ്‌ച മാത്രം 86,385 പേരാണ് മലചവിട്ടിയത്. വ്യാഴാഴ്‌ചയോടെ ശബരിമലയിൽ എത്തിയ തീർഥാടകരുടെ എണ്ണം പത്ത് ലക്ഷം കടന്നു. മണ്ഡലകാലത്ത് ഇതുവരെ മലചവിട്ടിയ തീർഥാടകരുടെ എണ്ണം 10,46,374 ആണ്. തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ ലക്ഷം തീർഥാടകരാണ് സന്നിധാനത്തെത്തിയത്. വ്യാഴം വൈകിട്ട് അഞ്ചുവരെ 61,289 തീർഥാടകരെത്തി.
സന്നിധാനത്തെ തിരക്കിന് അനുസൃതമായാണ് പമ്പയില്‍നിന്ന് തീർഥാടകരെ കയറ്റിവിടുന്നത്. വ്യാഴം പുലർച്ചയോടെ തിരക്ക് കുറഞ്ഞു. നടപ്പന്തലുകളിലും നീണ്ടനിരയില്ല. വെള്ളിയാഴ്‌ച ശബരിമലയിൽ പന്ത്രണ്ട് വിളക്ക് നടക്കും. തിരക്ക് കൂടിയ ദിവസങ്ങളിൽ സ്‌പോട്ട് ബുക്കിങ്ങും പതിനായിരം കടന്നിരുന്നു. ദേവസ്വം ബോർഡ് യോഗ തീരുമാനപ്രകാരം നിലയ്‌ക്കലും വണ്ടിപ്പെരിയാറിലും എരുമേലിയിലും മാത്രമാകും ഇനി സ്‌പോട്ട് ബുക്കിങ്.
ബുക്ക് ചെയ്തവർക്കുമാത്രം പ്രവേശനം: ഹെെക്കോടതി
വെർച്വൽ ക്യു ബുക്കിങ് പാസോ സ്പോട്ട് ബുക്കിങ് പാസോ ഉള്ളവരെ മാത്രമേ ശബരിമല സന്നിധാനത്തേക്ക് കടത്തിവിടാവൂ എന്ന് ഹെെക്കോടതി. പാസിലെ സമയക്രമം കൃത്യമായി പാലിക്കണം. തീയതി പാലിക്കാതെ വരുന്നവരെയും വ്യാജപാസുമായി എത്തുന്നവരെയും കടത്തിവിടരുതെന്നും ജസ്റ്റിസുമാരായ വി രാജ വിജയരാഘവന്റെയും കെ വി ജയകുമാറിന്റെയും ദേവസ്വം ബെഞ്ച് ഉത്തരവിട്ടു.
വെർച്വൽ ക്യൂ ബുക്കിങ്ങും സ്പോട്ട് ബുക്കിങ്ങുമടക്കം നിയന്ത്രിച്ചിട്ടും ഒരു ലക്ഷത്തിലധികം തീർഥാടകർ സന്നിധാനത്തേക്ക് എത്തുന്നതായി ശബരിമല സ്പെഷ്യൽ കമീഷണർ റിപ്പോർട്ട് നൽകിയിരുന്നു. അനിയന്ത്രിതമായി തീർഥാടകർ എത്തിയാലുള്ള അപകടസാധ്യത കണക്കിലെടുത്താണ് കോടതി നിർദേശം. നിലവിൽ വെർച്വൽ ക്യൂ വഴി 70,000 പേർക്കാണ് ഒരു ദിവസം അനുമതി. സ്പോട്ട് ബുക്കിങ് വഴി 5000പേർക്കും പ്രവേശിക്കാം. തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കാൻ നിർദേശങ്ങൾ കർശനമായി പാലിക്കാനും നിർദേശങ്ങൾ മാധ്യമങ്ങൾവഴി പ്രചരിപ്പിക്കാനും കോടതി പറഞ്ഞു.








0 comments