print edition സൈക്കോസോഷ്യൽ ഗ്രാന്റ് ഇൻ എയ്‌ഡ് പദ്ധതി ; ചേർത്തുപിടിച്ചത് 22,817 ജീവിതങ്ങൾ


ഫെബിൻ ജോഷി
Published on Nov 28, 2025, 01:56 AM | 1 min read
ആലപ്പുഴ
മാനസികാരോഗ്യം ദുർബലമായതിനെ തുടർന്ന് മാറ്റിനിർത്തപ്പെടുന്നവരെ ചേർത്തുനിർത്തുന്ന ‘സൈക്കോസോഷ്യൽ ഗ്രാന്റ് ഇൻ എയ്‌ഡ് പദ്ധതി’ തണലൊരുക്കിയത് 22,817 ജീവിതങ്ങൾക്ക്.
ജീവിതത്തിന്റെ ഏതോ ഘട്ടത്തിൽ മനോനില കൈവിട്ട് മുഖ്യധാരയിൽനിന്ന് മാറ്റിനിർത്തപ്പെട്ടവരെ ചേർത്തുപിടിക്കാൻ സാമൂഹ്യനീതി വകുപ്പ് മുഖേന നടപ്പാക്കുന്ന പദ്ധതിയാണ് എട്ടുവർഷത്തിനിടെ പതിനായിരങ്ങൾക്ക് ആശ്വാസമായത്. 2017 മുതൽ 2025 വരെ ഇതിനായി 37,75,61,151 രൂപ ചെലവഴിച്ചു.
മാനസികാരോഗ്യം ദുർബലമാകുന്നവർ ജീവിതത്തിലേക്ക് മടങ്ങിയെത്തിയാലും സമൂഹത്തിലും കുടുംബത്തിലും പലപ്പോഴും സ്വീകരിക്കപ്പെടില്ല. ഇങ്ങനെ ഒറ്റപ്പെടുന്നവർക്ക് അന്തസോടെ ജീവിക്കുന്നതിനുള്ള അവസരമൊരുക്കുകയാണ് പദ്ധതിയിലൂടെ കേരളം. സർക്കാർ അംഗീകാരമുള്ള സ്ഥാപനങ്ങളുടെയും തദ്ദേശസ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക. ഇത്തരം സ്ഥാപനങ്ങളുടെ പ്രവർത്തനത്തിന് സമ്പത്തികപിന്തുണ ഉറപ്പാക്കും. ഒരു സ്ഥാപനത്തിൽ 50 പേർക്കായി 27,54,000 രൂപയാണ് വാർഷിക പ്രവർത്തന ഫണ്ടായി കണക്കാക്കുന്നത്. ഇതിന്റെ 60 ശതമാനം സർക്കാർ വഹിക്കും. 40 ശതമാനം സ്ഥാപനവും സന്നദ്ധ സംഘടനകളും തദ്ദേശ സ്ഥാപനവും ചേർന്ന് സമാഹരിക്കും.
അനാഥരും ഒറ്റപ്പെട്ടുപോയവരും കുടുംബത്തെ കണ്ടെത്താനാകാത്തവരുമായ മാനസിക വെല്ലുവിളി നേരിടുന്നവരുമാണ് ഗുണഭോക്താക്കൾ. ഇവർക്ക് വൈദ്യസഹായവും മരുന്നുകളും ഭക്ഷണവും താമസവും ഒരുക്കുന്നതിനൊപ്പം മികച്ച സാമൂഹ്യാന്തരീക്ഷവും പരിഗണനയും നൽകും. ഇതിനായി കൗൺസലിങും കൈത്തൊഴിൽ പരിശീലനവും ലഭ്യമാക്കും. സർക്കാർ അംഗീകാരം ലഭിച്ച 47 സൈക്കോസോഷ്യൽ റീഹാബിലിറ്റേഷൻ സെന്ററുകളാണ് സംസ്ഥാനത്ത് പ്രവർത്തിക്കുന്നത്. എറണാകുളം–9, തിരുവനന്തപുരം–4, കൊല്ലം–6, പത്തനംതിട്ട–4, ആലപ്പുഴ–2, കോട്ടയം– 3, ഇടുക്കി– 1, മലപ്പുറം–2, കോഴിക്കോട്–2, വയനാട്–2, കണ്ണൂർ–7, കാസർഗോഡ്–5 എന്നിങ്ങനെ. സാമൂഹ്യനീതി വകുപ്പ് നടത്തുന്ന പരിശോധനയുടെ അടിസ്ഥാനത്തിലാണ് ഫണ്ട് അനുവദിക്കുന്നത്.








0 comments