അഭിമാന‘മുണ്ട്’ കളറായി ടീഷർട്ടുകളും തൊപ്പിയും

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി രാഷ്ട്രീയ പാർടികളുടെ ചിഹ്നങ്ങളുമായി ടിഷർട്ടുകളും തൊപ്പിയും നടക്കാവ് വിപണിയിലെത്തിയപ്പോൾ
സ്വന്തം ലേഖകൻ കോഴിക്കോട് നാടിന്റെ അഭിമാനമാണ് ഇൗ മുണ്ട്. തെരഞ്ഞെടുപ്പ് ചിഹ്നമായ അരിവാളും ചുറ്റികയും നക്ഷത്രവും കരയിൽ മുദ്രണം ചെയ്‌ത മുണ്ടുടുത്ത് നടക്കുന്പോൾ തന്നെ ഒരഭിമാനമുണ്ട്. നടക്കാവിലെ കടയിൽ മുണ്ടും ടീഷർട്ടുകളും വാങ്ങാനെത്തിയ ബാലുശേരിയിലെ എൽഡിഎഫ് പ്രവർത്തകരായ രാജേഷും വിനീതും പറഞ്ഞു. രാഷ്ട്രീയ കര തെളിഞ്ഞുനിൽക്കുന്ന മുണ്ടുകളും സ്ഥാനാർഥികളുടെ നിറചിരിയോടെയുള്ള മുഖംനിറയും ടീഷർട്ടുകളുമാണ് ഈ തദ്ദേശ തെരഞ്ഞെടുപ്പിലെ സർപ്രൈസ് താരങ്ങൾ. നാട്ടിലെങ്ങും തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ ഉൗർജിതമായതോടെ കൂടുതൽ കളറാകുകയാണ് വസ്ത്രവിപണിയും. പാർടിയുടെ പേരും ചിഹ്നങ്ങളും പ്രിന്റും ചെയ്‌ത മുണ്ടുകൾ ധരിച്ചാണ് സ്ഥാനാർഥികളും പ്രവർത്തകരും പ്രചാരണ പ്രവർത്തനങ്ങളിൽ സജീവമാകുന്നത്. വോട്ടഭ്യർഥനയുമായി വീടു കയറുന്ന പ്രവർത്തകർ സ്ഥാനാർഥികളുടെ പേരും ചിത്രവും പതിച്ച ടീഷർട്ട് ധരിച്ചാണെത്തുന്നത്. മനോഹരമായി ചിഹ്നങ്ങൾ പതിച്ച തൊപ്പിയുമുണ്ട്. സ്ക്വാഡ് വർക്കുകളിൽ എല്ലാ പ്രായമുള്ളവരും പങ്കെടുക്കുന്നതിനാൽ ഓരോരുത്തരുടെയും അളവിന് പാകപ്പെടുത്തിയ ഷർട്ടുകൾ രണ്ടോ മൂന്നോ ദിവസംകൊണ്ട് തയ്യാറാക്കി കൊടുക്കും. 200 രൂപ മുതലാണ് ഈ ഒറ്റമുണ്ടിന്റെ വില. തെരഞ്ഞെടുപ്പ് റാലികളെ ആവേശമാക്കാനും സോഷ്യൽമീഡിയ റീൽ കണ്ടന്റുകളിൽ റീച്ച് കൂട്ടാനും ചിഹ്നമുള്ള മുണ്ടുകൾ താരമായതോടെ ആവശ്യക്കാരേറെയാണ്. നടക്കാവ് ഗവ. ഹയർ സെക്കൻഡറിക്ക് സമീപമുള്ള കടയിൽ മുണ്ടിനും ടീ ഷർട്ടിനും തൊപ്പിക്കും ആവശ്യക്കാരേറെയാണ്. വെള്ളനിറത്തിൽ മാത്രമല്ല കളറിലും രാഷ്ട്രീയ പാർടികളുടെ ചിഹ്നങ്ങൾ പതിച്ച മുണ്ടുകളുടുത്ത് വോട്ട് പ്രചാരണം വ്യത്യസ്‌തമാക്കുകയാണ് പ്രവർത്തകർ. വരുംദിവസങ്ങളിൽ പ്രചാരണം ഊർജിതമാകുന്നതോടെ ഇനിയും ആവശ്യക്കാർ കൂടുമെന്നാണ് വ്യാപാരികൾ പ്രതീക്ഷിക്കുന്നത്.








0 comments