വടകര സബ് ട്രഷറി ഓഫീസിലെ നിലവറ തുറക്കുന്നു
‘ആകാംക്ഷയുടെ ഭാണ്ഡക്കെട്ട് ഇന്നഴിയും'

വടകര സബ് ട്രഷറി ഓഫീസിലെ നിലവറ മുറി
സ്വന്തം ലേഖകൻ വടകര നാടിന് കൗതുകവും ആകാംക്ഷയുമായി നിലനിന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള വടകര സബ് ട്രഷറി ഓഫീസിലെ നിലവറ വെള്ളി തുറക്കും. ബ്രിട്ടീഷ് ഭരണകാലത്ത് നിർമിച്ചതാണ് സബ് ട്രഷറി ഓഫീസായി പ്രവർത്തിക്കുന്ന ഈ കെട്ടിടം. കത്തിനശിച്ച വടകര താലൂക്ക് ഓഫീസിനു സമീപത്തായുള്ള ഈ കെട്ടിടം റവന്യൂ ടവർ നിർമാണത്തിന്റെ ഭാഗമായാണ് പൊളിച്ചുമാറ്റുന്നത്. പതിറ്റാണ്ടുകൾ പഴക്കമുള്ള നിലവറ തുറന്നാൽ അതിനുള്ളിൽ വിലപിടിപ്പുള്ളതോ ചരിത്ര ശേഷിപ്പുകളോ ഉണ്ടാകുമോ എന്നറിയിയാൻ നാട് കാത്തിരിക്കുകയാണ്. കെട്ടിടത്തിനുള്ളിൽ നാല് ഭാഗത്തുനിന്നും അകത്തേക്ക് കയറാൻ വിധം പണിത മുറിയുടെ നടുവിലായാണ് നിലവറ സ്ഥിതിചെയ്യുന്നത്. മുറിയുടെ നാല് ഭാഗത്തും അകത്ത് കടക്കാനുള്ള വാതിൽ ഇരുമ്പു കമ്പികൾകൊണ്ട് പണിതതും ഭദ്രമായി അടച്ചിട്ട നിലയിലുമാണ്. ട്രഷറി ഇവിടെ പ്രവർത്തിച്ചിരുന്ന സമയത്ത് പുതിയ സ്ട്രോങ് റൂം നിർമിച്ചിരുന്നു. അതിനു ശേഷം നിലവറയുള്ള മുറി തുറന്നിട്ടില്ല. മാറി മാറി വന്ന ട്രഷറി ഉദ്യോഗസ്ഥരാരും ഇത് തുറക്കാനും തയ്യാറായിരുന്നില്ല. താലൂക്ക് ഓഫീസ് തീപിടിച്ചു നശിച്ച സമയത്ത് ഇവിടുത്തെ സ്ട്രോങ് റൂമിൽനിന്നും പഴയകാല രേഖകളും നാണയങ്ങളും ബ്രിട്ടീഷ് കാല ചരിത്ര ശേഷിപ്പുകളും ലഭിച്ചിരുന്നു. ഇത്തരത്തിലുള്ളതെന്തെങ്കിലും ട്രഷറി ഓഫീസ് നിലവറയിൽനിന്നും ലഭിച്ചേക്കാം. ബ്രിട്ടീഷ് ഭരണകാലത്ത് മൂന്നേക്കറിലേറെ വരുന്ന ഇവിടം പ്രൊഹിബിറ്റഡ് ഓർഡർ ബൗണ്ടറി (പിഒബി) ആയിരുന്നെന്ന് റിട്ട. ഹെഡ് ക്വാർട്ടേഴ്സ് ഡെപ്യൂട്ടി തഹസിൽ ദാരായ വടകര ചോളം വയലിലെ നടക്കൽ ചന്ദ്രൻ പറഞ്ഞു. ബ്രിട്ടീഷ് ഭരണകാലത്ത് പൊലീസ് ഉന്നത ഉദ്യോഗസ്ഥന്റെ ഓഫീസ് ഇതിനു മുകളിലായാണ് പ്രവർത്തിച്ചത്. കുറച്ച് വർഷങ്ങൾക്ക് മുമ്പാണ് ട്രഷറിയും താലൂക്ക് ഓഫീസും വേറെ വേറെയായി പ്രവർത്തിച്ചു തുടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. നിലവറ തുറക്കുന്നതിന് മുന്നോടിയായി ജില്ലാ ട്രഷറി ഓഫീസറും പുരാവസ്തു അധികൃതരും വ്യാഴാഴ്ച സ്ഥലം സന്ദർശിച്ചു. തഹസിൽദാരുടെയും പൊലീസിന്റെയും പുരാവസ്തു വകുപ്പ് അധികൃതരുടെയും സാന്നിധ്യത്തിലായിരിക്കും നിലവറ തുറക്കുക.








0 comments