ad
Deshabhimani

അഭ്രപാളിയിലും 'ജനകീയത' തുന്നിച്ചേർത്ത ജോൺ എബ്രഹാം

john abraham

എഐ നിർമിത ചിത്രം

വെബ് ഡെസ്ക്

Published on May 31, 2026, 11:16 AM | 2 min read

വിടപറഞ്ഞ് 39 വർഷം കഴിഞ്ഞിട്ടും അയാളുടെ വാക്കുകളും സിനിമകളും ഇന്നും സംസാരിച്ചുകൊണ്ടിരിക്കുകയാണ്. പറഞ്ഞുവരുന്നത് ഇന്ത്യൻ സിനിമയുടെ ഒറ്റയാൻ ജോൺ എബ്രഹാമിനെക്കുറിച്ചാണ്. കറുത്ത കണ്ണടയും താടിയും തോൾസഞ്ചിയുമായി കേരളത്തിന്റെ തെരുവുകളിലൂടെ നടന്ന്, ജനങ്ങളുടെ മനസ്സിൽ സിനിമയുടെ വിപ്ലവം വിതച്ച സംവിധായകൻ. സിനിമയെ ജനകീയമാക്കി എന്നതു തന്നെ അദ്ദേഹത്തെ ഓർമിക്കാൻ ധാരാളമാണ്.


ആത്മസാക്ഷാത്കാരത്തിന് വേണ്ടിയല്ല, മറിച്ച് ജനങ്ങളോട് ചിലത് വിളിച്ചുപറയാൻ തോന്നുമ്പോൾ മാത്രമാണ് താൻ ക്യാമറ ചലിപ്പിക്കുന്നതെന്ന് ജോൺ വിശ്വസിച്ചിരുന്നു. സാധാരണക്കാരന്റെ സിനിമയെന്ന സ്വപ്നവുമായി അദ്ദേഹം രൂപീകരിച്ച 'ഒഡേസ്സ' എന്ന സമാന്തര സിനിമാ കൂട്ടായ്മ ഇന്ത്യൻ ചലച്ചിത്ര ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിപ്ലവമായിരുന്നു. സിനിമ തിയേറ്ററുകളുടെ നാലു ചുവരുകൾക്കുള്ളിൽ തളച്ചിടേണ്ടതല്ലെന്നും അത് ജനങ്ങളിലേക്ക് നേരിട്ടെത്തേണ്ടതാണെന്നും അദ്ദേഹം തെളിയിച്ചു. തൊപ്പിപ്പിരിവും ജനങ്ങളിൽ നിന്ന് ശേഖരിച്ച നാണയത്തുട്ടുകളും കൊണ്ട് നിർമ്മിച്ച്, തെരുവുകളിൽ ജനങ്ങൾക്കായി സൗജന്യമായി പ്രദർശിപ്പിച്ച സിനിമകൾ ജോണിനെ 'ജനകീയ സിനിമയുടെ പിതാവ്' എന്ന സ്ഥാനത്തേക്ക് ഉയർത്തി.


തന്റെ സിനിമകളിലൂടെ സവർണ മേധാവിത്വത്തിനും ഫ്യൂഡൽ വ്യവസ്ഥിതിക്കും പൊലീസ് അരാജകത്വത്തിനുമെതിരെ ജോൺ കടുത്ത ഭാഷയിൽ കലഹിച്ചു. 'അഗ്രഹാരത്തിലെ കഴുതൈ'യിലൂടെ തമിഴ്നാട്ടിലെ ജാതീയതയെ വെല്ലുവിളിച്ചപ്പോൾ, 'ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങളി'ലൂടെ ഫ്യൂഡൽ ക്രൂരതകളെ തെങ്ങിൻമുകളിലേക്ക് കയറ്റി നിർത്തി അദ്ദേഹം പരിഹസിച്ചു. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം, ഇടതുപക്ഷ പ്രതിരോധ സംസ്കാരം, നഗര-ഗ്രാമ ജീവിതത്തിന്റെ സംഘർഷങ്ങൾ, യുവജനങ്ങളുടെ നിരാശ, വിപ്ലവ സ്വപ്നങ്ങളുടെ തകർച്ച, ഭരണകൂട അതിക്രമം, സാമൂഹികമായ ഏകാന്തത എന്നിവയുടെ ദൃശ്യരേഖയായി പ്രവർത്തിക്കുന്ന 'അമ്മ അറിയാൻ' എന്ന ചിത്രം ഇന്ത്യൻ സിനിമയിലെ തന്നെ കൾട്ട് ക്ലാസിക് ആയി മാറി.


ഇപ്പോഴിതാ, അദ്ദേഹം ഓർമ്മയായി കൃത്യം 39 വർഷങ്ങൾ തികയുന്ന ഈ വേളയിൽ, ജോണിന്റെ അവസാന ചിത്രമായ 'അമ്മ അറിയാൻ' അന്താരാഷ്ട്ര ചലച്ചിത്ര വേദിയായ കാൻ ഫിലിം ഫെസ്റ്റിവലിൽ (Cannes Film Festival) 4K പതിപ്പിൽ വേൾഡ് പ്രീമിയർ ചെയ്തു. നാഷണൽ ഫിലിം ആർക്കൈവ്സിൽ അവശേഷിച്ച രണ്ട് 35mm പ്രിന്റുകളിൽ നിന്നും ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷൻ അതിശ്രമകരമായി പുനരുദ്ധരിച്ച ഈ ചിത്രം, ഈ വർഷം കാനിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഏക ഇന്ത്യൻ ഫീച്ചർ ഫിലിം കൂടിയാണ്. ജനങ്ങളുടെ പണം കൊണ്ട് നിർമ്മിച്ച ഒരു സിനിമ നാൽപ്പതോളം വർഷങ്ങൾക്ക് ശേഷം ലോകസിനിമയുടെ റെഡ് കാർപെറ്റിലേക്ക് നടന്നു കയറിയത് ജോൺ എന്ന സ്രഷ്ടാവിന് കാലം കാത്തുവെച്ച ഏറ്റവും വലിയ നീതിയാണ്.


സിനിമ തന്റെ ഏറ്റവും വലിയ ശക്തിയും ദൗർബല്യവുമാണെന്ന് പ്രഖ്യാപിച്ച ജോൺ എബ്രഹാം ജീവിച്ചതും മരിച്ചതും സ്വന്തം നിബന്ധനകളിലാണ്. ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ നിഷേധിയാണയാൾ. വ്യവസ്ഥാപിത ചട്ടക്കൂടുകൾ ഒന്നും അദ്ദേഹത്തെ ബാധിച്ചതായേ തോന്നുന്നില്ല. കോയമ്പത്തൂരിലെ എൽഐസി ഉദ്യോഗസ്ഥനിൽ നിന്നും പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ സ്വർണ്ണമെഡൽ ജേതാവിലേക്കും, പിന്നീട് ഋത്വിക് ഘട്ടക്കിന്റെ പ്രിയശിഷ്യനിലേക്കുമുള്ള ജോണിന്റെ യാത്ര ഒരു സിനിമാക്കഥയെക്കാൾ വിസ്മയഭരിതമാണ്. അടൂർ ഭാസി ഒരിക്കൽ വിശേഷിപ്പിച്ചതുപോലെ "ലോകസിനിമയിലെ ഒരു അത്ഭുതം" തന്നെയായിരുന്നു ജോൺ.


1987 മേയ് 31 രാത്രിയിലാണ് കോഴിക്കോട്ടെ ഒരു ബഹുനിലക്കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണ് ജോണിന് പരിക്കേൽക്കുന്നത്. ​ഗുരുതരമായി പരിക്കേറ്റ ജോണിനെ ആരൊക്കെയോ ചേർന്ന് ആശുപത്രിയിലെത്തിച്ചു. ആന്തരിക രക്തസ്രാവമുണ്ടായതോടെ നില വഷളായി. അങ്ങനെ അങ്ങനെ... ജോൺ എബ്രഹാം എന്ന പ്രതിഭ ഈ ലോകത്തോട് വിടപറഞ്ഞു. ഭൗതികമായി അദ്ദേഹം ഇല്ലാതായിരിക്കാം, എന്നാൽ ജനകീയ സിനിമയുടെ ആകാശപ്പരപ്പിൽ, ഒരിക്കലും അസ്തമിക്കാത്ത ഒരു താരകമായി ജോൺ എബ്രഹാം ഇന്നുമുണ്ട്.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home