'ജന നായകൻ' ചോർച്ച
പൈറസിക്കെതിരെ തമിഴ് സിനിമാ ലോകം, കർശന നടപടി വേണമെന്ന് ആവശ്യം

ചെന്നൈ: നടനും ടിവികെ നേതാവുമായ വിജയ് നായകനായ രാഷ്ട്രീയ ചിത്രം 'ജന നായകൻ' ഓൺലൈനിൽ ചോർന്ന സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി തെന്നിന്ത്യൻ സിനിമാ ലോകം. സൂപ്പർ താരങ്ങളായ രജനീകാന്ത്, കമൽഹാസൻ, സൂര്യ തുടങ്ങിയവർ സംഭവത്തെ അപലപിക്കുകയും പൈറസിക്കെതിരെ കർശന നടപടി വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
എച്ച് വിനോദ് സംവിധാനം ചെയ്ത ചിത്രം, വിജയിയുടെ രാഷ്ട്രീയ പ്രവേശനത്തിന് മുൻപുള്ള അവസാന ചിത്രമെന്ന നിലയിൽ വലിയ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. എന്നാൽ സെൻസർ ബോർഡുമായുള്ള നിയമയുദ്ധത്തെത്തുടർന്ന് റിലീസ് വൈകുന്നതിനിടെയാണ് വെള്ളിയാഴ്ച ചിത്രത്തിന്റെ ഭാഗങ്ങൾ ഇന്റർനെറ്റിൽ പ്രത്യക്ഷപ്പെട്ടത്.
ചിത്രം ചോർന്നത് വെറുമൊരു അപകടമല്ലെന്നും അത് സിസ്റ്റത്തിന്റെ പരാജയമാണെന്നും കമൽഹാസൻ പറഞ്ഞു.
സെൻസർ ബോർഡിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന അമിതമായ കാലതാമസം പൈറസിക്ക് വളക്കൂറുള്ള മണ്ണ് ഒരുക്കുന്നു. നിയമപരമായ റിലീസ് തടസ്സപ്പെടുമ്പോൾ നിയമവിരുദ്ധ ചാനലുകൾ അത് മുതലെടുക്കുമെന്നും അദ്ദേഹം വിമർശിച്ചു. നൂറുകണക്കിന് കലാകാരന്മാരുടെയും നിർമ്മാതാക്കളുടെയും അധ്വാനത്തെയാണ് ഇത്തരം പ്രവൃത്തികൾ ഇല്ലാതാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംഭവത്തിൽ വലിയ വേദനയും ഞെട്ടലും രേഖപ്പെടുത്തിയ രജനീകാന്ത്, കുറ്റവാളികളെ എത്രയും വേഗം കണ്ടെത്തി ശിക്ഷിക്കണമെന്ന് തമിഴ്നാട് സർക്കാരിനോട് ആവശ്യപ്പെട്ടു. സിനിമാ സംഘടനകൾ ഇതിനെതിരെ ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും ഭാവിയിൽ ഇത്തരം കുറ്റകൃത്യങ്ങൾ ആവർത്തിക്കാൻ അനുവദിക്കരുതെന്നും അദ്ദേഹം എക്സിൽ കുറിച്ചു.
ഒരു സിനിമയ്ക്ക് പിന്നിലെ വർഷങ്ങളുടെ അധ്വാനമാണ് ഇത്തരത്തിൽ നശിപ്പിക്കപ്പെടുന്നതെന്ന് നടൻ സൂര്യ പ്രതികരിച്ചു. സിനിമയുടെ പൈറേറ്റഡ് ലിങ്കുകൾ കാണുകയോ പ്രചരിപ്പിക്കുകയോ ചർച്ച ചെയ്യുകയോ ചെയ്യരുതെന്ന് അദ്ദേഹം പൊതുജനങ്ങളോട് അഭ്യർഥിച്ചു.
കെവിഎൻ (KVN) പ്രൊഡക്ഷൻസ് നിർമിച്ച ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ നിർണായക രംഗങ്ങളാണ് ഓൺലൈനിൽ പ്രചരിക്കുന്നത്. സംഭവത്തിൽ സിവിൽ, ക്രിമിനൽ നടപടികൾ ആരംഭിച്ചതായും ഫോറൻസിക് പരിശോധനയിലൂടെ ലിങ്കുകൾ പ്രചരിപ്പിച്ചവരെ കണ്ടെത്തുമെന്നും നിർമാണ കമ്പനി അറിയിച്ചു. പൈറസി രാഷ്ട്രീയത്തിന് അതീതമായ കുറ്റകൃത്യമാണെന്നും സിനിമാ വ്യവസായത്തെ തകർക്കുന്ന ഈ പ്രവണതയ്ക്കെതിരെ ആരാധകർ അണിനിരക്കണമെന്നും സിനിമാ മേഖലയിലുള്ളവർ ആവശ്യപ്പെട്ടു.










0 comments