മോഹൻലാലിന്റെ സീനുകൾ വെട്ടി; ഇനി ജയിലർ സീക്വലിന്റെ ഭാഗമാകില്ല, തുറന്നടിച്ച് കോസ്റ്റ്യൂം ഡിസൈനർ

തിരുവനന്തപുരം : രജനീകാന്ത് ചിത്രം ‘ജയിലർ 2’നായി ചിത്രീകരിച്ച മോഹൻലാലിന്റെ ഭൂരിഭാഗം രംഗങ്ങളും വെട്ടിമാറ്റിയതായി കോസ്റ്റ്യൂം ഡിസൈനർ ജിഷാദ് ഷംസുദ്ദീൻ. മോഹൻലാലിന്റെ മൂന്ന് വ്യത്യസ്ത ലുക്കുകളും ട്രെയിലറിൽ ഉൾപ്പെടുത്തിയ രംഗം പോലും ഒഴിവാക്കിയെന്ന് ജിഷാദ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ചിത്രത്തിൽ മോഹൻലാലിന്റെ രംഗങ്ങൾ വെട്ടിമാറ്റിയതിലുള്ള നിരാശയും അമർഷവും പങ്കുവെച്ച അദ്ദേഹം, ചിത്രത്തിന് തുടർഭാഗമുണ്ടായാൽ അതിന്റെ ഭാഗമാകില്ലെന്നും വ്യക്തമാക്കി.
‘ജയിലർ 2’ പുറത്തിറങ്ങിയതിന് പിന്നാലെ സാമൂഹികമാധ്യമങ്ങളിൽ മോഹൻലാലിന്റെ കഥാപാത്രത്തെക്കുറിച്ച് ചർച്ചകൾ ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ജിഷാദ് വിശദീകരണവുമായി എത്തിയത്.
ചിത്രീകരിച്ച രംഗങ്ങളെക്കുറിച്ച് തനിക്ക് പൂർണ ആത്മവിശ്വാസമുണ്ടായിരുന്നുവെന്ന് ജിഷാദ് പറഞ്ഞു. ട്രെയിലറിൽ വെറും രണ്ട് സെക്കൻഡ് മാത്രമായി രംഗം ചുരുങ്ങിയപ്പോഴും പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ ചിത്രം പുറത്തിറങ്ങിയപ്പോൾ മോഹൻലാൽ സാറിന്റെ മൂന്ന് വ്യത്യസ്ത ലുക്കുകളും പൂർണമായും ഒഴിവാക്കിയതായി മനസിലായി. ട്രെയിലറിൽ ഉണ്ടായിരുന്ന രംഗം പോലും വെട്ടിമാറ്റിയെന്നും അദ്ദേഹം കുറിച്ചു.
മോഹൻലാലിനെപ്പോലൊരു സൂപ്പർതാരത്തിന്റെ രംഗങ്ങൾ വെട്ടിമാറ്റുന്നത് അനാവശ്യമാണെന്ന് ജിഷാദ് അഭിപ്രായപ്പെട്ടു. സൂപ്പർതാരത്തെ ഇത്തരത്തിൽ വെട്ടിക്കുറയ്ക്കുന്നത് കാണുമ്പോൾ, തുടർഭാഗമുണ്ടായാൽ അതിന്റെ ഭാഗമാകില്ലെന്നും തന്നെ വിശ്വസിച്ച എല്ലാവരോടും ഖേദം പ്രകടിപ്പിക്കുന്നതായും അദ്ദേഹം കുറിച്ചു.
കേരളത്തിൽ 800 സ്ക്രീനുകളിലടക്കം വൻ റിലീസായാണ് ‘ജയിലർ 2’ തിയേറ്ററുകളിലെത്തിയത്. ‘ജയിലർ’ എന്ന ചിത്രത്തിലെ മുത്തുവേൽ പാണ്ഡ്യനായി രജനീകാന്ത് തിരിച്ചെത്തിയ ചിത്രം സംവിധാനം ചെയ്തത് നെൽസൺ ദിലീപ് കുമാറാണ്.








0 comments