ഓസീസിന് തിരിച്ചടി; രണ്ടാം ടെസ്റ്റിലും കാമറൂൺ ഗ്രീൻ കളിച്ചേക്കില്ല

കാമറൂൺ ഗ്രീൻ| Photo:Getty Images
ഗ്കെബെർഹ : ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിലും ഓസ്ട്രേലിയൻ ഓൾറൗണ്ടർ കാമറൂൺ ഗ്രീൻ കളിക്കില്ല. കേപ് ടൗണിൽ നടക്കുന്ന മൂന്നാം ടെസ്റ്റിൽ താരം തിരിച്ചെത്തിയേക്കുമെന്നാണ് സൂചന. അവസാന ഏകദിനത്തിനിടെ വയറിലെ പേശികൾക്ക് പരിക്കേറ്റ ഗ്രീൻ വ്യാഴാഴ്ചയാണ് വീണ്ടും നെറ്റ്സിൽ പരിശീലനം ആരംഭിച്ചത്.
ഡർബനിൽ നടന്ന ആദ്യ ടെസ്റ്റിനിടെ ഫിറ്റ്നസ് പരിശീലനത്തിലായിരുന്നു താരം. വ്യാഴാഴ്ച നെറ്റ്സിൽ ത്രോഡൗണുകൾ നേരിട്ട ഗ്രീൻ പിന്നീട് സ്ലിപ്പ് ക്യാച്ചിങ് പരിശീലനവും നടത്തി. മെഡിക്കൽ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു തുടർന്നുള്ള ഫിറ്റ്നസ് പരിശീലനം.
മൂന്നാം ടെസ്റ്റിലേക്കായിരിക്കും ഗ്രീനിന്റെ തിരിച്ചുവരവിൽ കൂടുതൽ പ്രതീക്ഷയെന്ന് ഓസീസ് അസിസ്റ്റന്റ് പരിശീലകൻ മാത്യു വെയ്ഡ് പറഞ്ഞു. താരം പരിശീലനം പുനരാരംഭിച്ചത് ആശ്വാസകരമാണെന്നും അദ്ദേഹം വ്യക്തമാക്കി. പരമ്പരയിൽ കളിക്കാൻ ഫിറ്റ്നസ് വീണ്ടെടുത്താലും ഗ്രീൻ പന്തെറിയാൻ സാധ്യതയില്ലെന്ന് മുഖ്യ പരിശീലകൻ ആൻഡ്രൂ മക്ഡൊണാൾഡ് നേരത്തേ സൂചിപ്പിച്ചിരുന്നു.
ആദ്യ ടെസ്റ്റിൽ ഗ്രീൻ പുറത്തിരുന്നതോടെ ഓസ്ട്രേലിയ ബാറ്റിങ് ക്രമത്തിൽ മാറ്റം വരുത്തിയിരുന്നു. അഞ്ചാം നമ്പറിൽ ഇറങ്ങിയ മാറ്റ് റെൻഷോ 272 റൺസ് നേടി. ആഗസ്തിൽ ബംഗ്ലാദേശിനെതിരായ പരമ്പരയിലെ മികച്ച പ്രകടനത്തിനു പിന്നാലെ അഞ്ചാം നമ്പറിൽ സ്ഥാനം ഉറപ്പിക്കാമെന്ന പ്രതീക്ഷയിലായിരുന്നു ഗ്രീൻ.
ഒക്ടോബർ 18ന് ഗ്കെബെർഹയിലെ സെന്റ് ജോർജ്സ് പാർക്കിലാണ് രണ്ടാം ടെസ്റ്റ് ആരംഭിക്കുന്നത്. മത്സരത്തിന്റെ ആദ്യ രണ്ട് ദിവസങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം.








0 comments