നെടുമ്പാശ്ശേരി വാഹനാപകടം; ദേവികയുടെ കുടുംബത്തെ സന്ദർശിച്ച് എം വി ഗോവിന്ദൻ

വയനാട്: നെടുമ്പാശ്ശേരി വാഹനാപകടത്തിൽ കൊല്ലപ്പെട്ട ദേവികയുടെ കുടുംബത്തെ സന്ദർശിച്ച് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. നെടുമ്പാശേരിയിൽ മദ്യലഹരിയിലായിരുന്ന സുഹൈൽ ഓടിച്ച മിനികൂപ്പർ ഇടിച്ച് കൊല്ലപ്പെട്ടവരിൽ ഒരാൾ വയനാട് കൽപ്പറ്റ മടക്കിമല സ്വദേശിനി ദേവികയാണ്.
ജീവിതത്തിലെ പ്രതിസന്ധികളോട് പൊരുതി, സ്വന്തം സ്വപ്നങ്ങൾക്കൊപ്പം കുടുംബത്തിന്റെ പ്രതീക്ഷകളെയും ഉയരങ്ങളിലേക്ക് കൈപിടിച്ചുയർത്താൻ കൊതിച്ചയാളായിരുന്നു ആ 21കാരി. അവളുടെ സ്വപ്നങ്ങളിലേക്കുള്ള യാത്ര പാതിവഴിയിൽ അവസാനിച്ചപ്പോൾ പൊലിഞ്ഞത് ഒരു കുടുംബത്തിന്റെ ആകെ പ്രതീക്ഷയാണ്.
സ്വന്തമായി ഒരു തുണ്ട് ഭൂമിപോലുമില്ലാത്ത കുടുംബത്തിന് നല്ലൊരു വീട് പണിയണം. അനുജനെ നന്നായി പഠിപ്പിക്കണം. വീട്ടിലെ പ്രയാസങ്ങൾക്ക് പരിഹാരം കാണണം. അതിനായി പഠനം പൂർത്തിയാക്കി വിദേശത്ത് നല്ലൊരു ജോലി നേടണം. ദേവികയുടെ സ്വപ്നങ്ങളെല്ലാം കുടുംബത്തെ ചുറ്റിപ്പറ്റിയായിരുന്നു. ആ ലക്ഷ്യത്തിലേക്ക് ഓരോ ചുവടും ആത്മവിശ്വാസത്തോടെയാണ് ദേവിക മുന്നേറിയത്.
അതിനിടെയാണ് അപ്രതീക്ഷിത അപകടം അവളുടെ ജീവൻ കവർന്നത്. രണ്ടുമാസം മുമ്പായിരുന്നു ഏവിയേഷൻ പഠനത്തിന്റെ ബിരുദദാനച്ചടങ്ങ്. അന്ന് നിറഞ്ഞ ചിരിയോടെ നിന്ന ദേവികയുടെ മുഖം ഇന്നും പ്രിയപ്പെട്ടവരുടെ മനസ്സിലുണ്ട്. പഠനകാലത്തെ ഓരോ നേട്ടവും കുടുംബത്തിന് വലിയ സന്തോഷമായിരുന്നു.
എംബിഎ പൂർത്തിയാക്കിയശേഷം വിദേശത്ത് ജോലിക്ക് പോകാനുള്ള ഒരുക്കത്തിലായിരുന്നു അവൾ. കുടുംബത്തിന്റെ കഷ്ടപ്പാടുകൾക്ക് തീരാൻ അധികനാൾ വേണ്ടിവരില്ലെന്ന പ്രതീക്ഷയായിരുന്നു ദേവികയ്ക്ക്.








0 comments