കലഹവും സ്വപ്‌നങ്ങളും വിളിച്ചുണർത്തിയ അരുന്ധതി സിനിമ വീണ്ടും


എൻ എ ബക്കർ
Published on Jan 25, 2026, 08:51 AM | 3 min read
അരുന്ധതി റോയ് തിരക്കഥയെഴുതി ഷാരൂഖ് ഖാൻ വേഷമിട്ട സിനിമ വീണ്ടുമെത്തുന്നു. ഒരുകാലത്ത് കോളേജ് ക്യാമ്പസുകൾ ആരവങ്ങളോടെ സ്വീകരിച്ച സിനിമയാണ് എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ അരുന്ധതി റോയിയുടെ കൾട്ട് ചിത്രമായ ഇൻ വിച് ആനി ഗിവ്‌സ് ഇറ്റ് ദോസ് വൺസ് (In Which Annie Gives It Those Ones). ദശാബ്ദങ്ങൾക്കുംമുന്പ് രാജ്യതലസ്ഥാനത്തെ ഒരു ക്യാമ്പസിൽ നേർക്കുനേർ കാമറ വച്ച് ചിത്രീകരിച്ച സിനിമയാണ്. കഥപറയാനുള്ള അരുന്ധതി റോയിയുടെ മിടുക്കിൽ അത്ര സ്വാഭാവികതയോടെ അത് യുവത്വത്തോട് സംവദിച്ചു. അതേ സിനിമ ഇപ്പോൾ ഫോർ കെ മികവിൽ വീണ്ടെടുത്ത് തിരിച്ചെത്തുകയാണ്. 2026-ലെ ബർലിൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ഇൻ വിച് ആനി ഗിവ്‌സ് ഇറ്റ് ദോസ് വൺസ് പ്രദർശിപ്പിക്കും. മേളയുടെ അഭിമാനകരമായ ‘ബർലിനാലെ ക്ലാസിക്സ്’ വിഭാഗത്തിലാണ് ചിത്രം തെരഞ്ഞെടുത്തിരിക്കുന്നത്.
കാലാതീതമായ കലഹങ്ങൾ
മൂന്നുപതിറ്റാണ്ടുമുന്പത്തെ ക്യാമ്പസ് ജീവിതം അതിശയോക്തിയുടെ നിറങ്ങൾ ചേർക്കാതെ ഛായാഗ്രഹണം ചെയ്‌ത ഈ ചിത്രം യുവത്വത്തിന്റെ കാലാതീതമായ കലഹങ്ങളെയും സ്വപ്നങ്ങളെയും ആവിഷ്കരിക്കുന്നതാണ്. 1970കളുടെ മധ്യകാലഘട്ടത്തിലെ ഡൽഹിയാണ് ചിത്രത്തിന്റെ പശ്ചാത്തലം. ഒരു ആർക്കിടെക്ചർ കോളേജിലെ വിദ്യാർഥിജീവിതം കേന്ദ്രമാക്കി ഒരുക്കിയ സിനിമ അരുന്ധതി റോയിയുടെ ആദ്യ തിരക്കഥയെന്ന പ്രത്യേകതയും വഹിക്കുന്നു. ചിത്രത്തിൽ ഒരു പ്രധാന വേഷം അവർതന്നെ കൈകാര്യം ചെയ്തിട്ടുണ്ട്. തിരക്കഥയും അഭിനയവും അവർ അടയാളപ്പെടുത്തിയപ്പോൾ സംവിധാനം നിർവഹിച്ചത് അവരുടെ ഭർത്താവായിരുന്ന സംവിധായകൻ പ്രദീപ് കൃഷൻ ആണ്. അരുന്ധതി റോയിയുടെ ചിന്തകൾ കനംവയ്‌ക്കുന്ന ഒരു കാലത്തെക്കുറിച്ചുകൂടി ഈ ചിത്രം പറയാതെ പറയുന്നുണ്ട്.
കാലത്തെ തൊട്ട ക്യാമ്പസ്
വിദ്യാർഥിജീവിതത്തിലെ അശാന്തിയും ആകാംക്ഷകളും സ്വപ്നങ്ങളും നിരാശകളും അതിനൊപ്പം ചേർന്നുള്ള ഹാസ്യവും മൂർച്ചയുള്ള സാമൂഹിക നിരീക്ഷണവുമാണ് ചിത്രം അവതരിപ്പിക്കുന്നത്. 1989-ൽ ദൂരദർശനുവേണ്ടി ഒരു ടെലിവിഷൻ മൂവിയായി ആദ്യമായി പ്രദർശിപ്പിച്ചു. പിന്നീട് സിനിമാപ്രേമികളുടെ ഇടയിൽ കൾട്ട് പദവി നേടി. വിദ്യാർഥികളുടെ ഭാഷയും വസ്ത്രങ്ങളും തമാശകളും ആശങ്കകളും അത്യന്തം സ്വാഭാവികതയോടെ അവതരിപ്പിച്ച സിനിമ, ആ കാലത്തുതന്നെ വലിയ സ്വീകാര്യത നേടി. അവരുടെ ജീവിതവഴി എത്ര കാഠിന്യം നിറഞ്ഞതാണെന്നും എന്നാൽ എത്രമാത്രം ഈടുറ്റതാണെന്നും ഈ കഥ അനുഭവിപ്പിക്കുന്നു.
അസാമാന്യ പ്രതിഭയുടെ തെളിച്ചവും തിളക്കവും ഈ ചിത്രത്തിലൂടെ അനുഭവിക്കാനാകും. അരുന്ധതി റോയിയുടെ എഴുത്തുപോലെ അത്രയും സ്വാഭാവികവും ജീവിതം തൊട്ടുനിൽക്കുന്നതുമായ തന്മയത്വത്തോടെ ക്യാമ്പസ് സിനിമയ്ക്കകത്തെ ജീവിതമാകുന്നു. യുവാക്കൾക്കിടയിലായിരുന്നു അന്ന് ഈ ചിത്രം ഏറ്റവുമധികം കൊണ്ടാടപ്പെട്ടത്. പതിവ് ഹോളിവുഡ്/ബോളിവുഡ് മാതൃകകളിൽനിന്ന് In Which Annie Gives It Those Ones അവരുടെ ജീവിതത്തെയും കാലത്തെയും തൊട്ടുനിന്നു.
പ്രദീപ് കൃഷൻ
ആഴമുള്ള സാമൂഹിക നിരീക്ഷണം
കഥയിലെ കേന്ദ്രകഥാപാത്രം ആനന്ദ് ഗ്രോവർ, സുഹൃത്തുക്കൾ ‘ആനി’ എന്നു വിളിക്കുന്ന ഒരു വഴിതെറ്റിയ ദർശകനാണ്. അവരുടെ കോളേജിലെ പ്രിൻസിപ്പൽ വൈ ഡി ബില്ലിമോറിയയെ വിദ്യാർഥികൾ ‘യംദൂത്’ എന്നു വിളിക്കുന്നു. ഈ പരിഹാസം ആനിയെ ദാർശനിക പ്രതിസന്ധികളിലേക്കു നയിക്കുന്നുണ്ട്. സമകാലിക യാഥാർഥ്യങ്ങളുമായി ആനി ഉൾപ്പെടെയുള്ളവരെ പൊരുത്തപ്പെടുത്താൻ അധ്യാപകർ ശ്രമിക്കുന്നു. എങ്കിലും അവർ ലോകത്തിന്റെയും സ്വന്തം സമൂഹത്തിന്റെയും നാളെകളെക്കുറിച്ചുള്ള അവരുടേതായ സ്വപ്നങ്ങളിലാണ്. ആ സ്വപ്നങ്ങൾ എവിടെ ചെന്ന് നിൽക്കുന്നുവെന്ന് അവസാന ഫ്രെയിമിൽ പ്രത്യക്ഷപ്പെടുന്ന സ്ലൈഡുകളിലൂടെ അല്പം ആക്ഷേപഹാസ്യത്തോടെ അരുന്ധതി പ്രേക്ഷകരോട് പറയുന്നുമുണ്ട്.
ഹാസ്യത്തിന്റെ പുറംമൂടിയിൽ ആഴമുള്ള സാമൂഹിക നിരീക്ഷണമാണ് ചിത്രം മുന്നോട്ടുവയ്ക്കുന്നത്. അത് ആ കാലഘട്ടത്തിലെ നവയുവത്വത്തിന്റെ ത്രസിക്കുന്ന കാഴ്ച ഒരുക്കവുമാണ്. ചിരിയും ചിന്തയും കലർത്തിയ നിലയിൽ ആ കാലഘട്ടത്തിലെ നവയുവത്വത്തിന്റെ ത്രസിക്കുന്ന ഒരു സാമൂഹിക ചരിത്രരേഖയായും സിനിമ മാറുന്നു. അർജുൻ റൈനയും റോഷൻ സെത്തും പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രത്തിൽ, അന്ന് ഡൽഹി തിയറ്റർ സർക്യൂട്ടിൽ സജീവമായിരുന്ന ഷാരൂഖ് ഖാനും മനോജ് ബാജ്പേയിയും പ്രത്യക്ഷപ്പെടുന്നുണ്ട്. ഇന്ന് പിന്നോട്ടുനോക്കുമ്പോൾ കൗതുകകരമായ ഒരു ചരിത്രസൂചകമായും ഈ സിനിമയുടെ സംഘാടനം മാറി.

പുതിയ കാലവുമായി ദൂരമില്ലാതെ
ഡൽഹിയിലെ സ്കൂൾ ഓഫ് പ്ലാനിങ് ആൻഡ് ആർക്കിടെക്ചറിൽ പഠിച്ചിരുന്ന കാലത്തെ സ്വന്തം അനുഭവങ്ങളാണ് ഈ ചിത്രത്തിന് പ്രചോദനമായതെന്ന് അരുന്ധതി റോയ് മുന്പ് വ്യക്തമാക്കിയിട്ടുണ്ട്. പ്രദീപ് കൃഷനുമായി ചേർന്ന് 1985ൽ പുറത്തിറക്കിയ മാസ്സി സാഹിബ് എന്ന ചിത്രത്തിലും പിന്നീട് 1992-ലെ ഇലക്ട്രിക് മൂൺ എന്ന സിനിമയിലും അരുന്ധതി- കൃഷൻ കൂട്ടുകെട്ട് സൃഷ്ടിപരമായി തുടരുകയുണ്ടായി. ബർലിനാലെ പ്രദർശനത്തിനായി അരുന്ധതിക്കൊപ്പം പ്രദീപ് കൃഷനും പങ്കെടുക്കുന്നുണ്ട്.
കഴിഞ്ഞവർഷം പുറത്തിറങ്ങിയ തന്റെ ഓർമക്കുറിപ്പ് Mother Mary Comes to Meയിൽ, ഈ സിനിമ ദൂരദർശൻ അംഗീകരിച്ചതിനെക്കുറിച്ച് പരാമർശിക്കുന്നുണ്ട്. അന്ന് ക്യാമ്പസിലെ ഒരു ഒഴുക്കൻ വിദ്യാർഥിയായിരുന്നു അവർ. ആദ്യ പ്രദർശനത്തിന്റെ ആവേശവും റോയ് സ്നേഹത്തോടെ എഴുതുന്നുണ്ട്. മാക്‌സ് മുള്ളർ ഭവനിൽ നടന്ന ആദ്യ സ്ക്രീനിങ്ങിൽ വിദ്യാർഥികൾ തിങ്ങിക്കൂടി. അവരുടെ ജീവിതത്തിന്റെ നേർനിറമാണ്. ചിരിയുടെയും കൈയടിയുടെയും വിസിലിന്റെയും ഇടയിൽ ചിത്രം കണ്ട അനുഭവം അതീവ ഉന്മാദകരമായിരുന്നു. കൂട്ടുകാരും അനുവാചകരും ചേർന്ന് ആവശ്യപ്പെട്ടത് കാരണം രണ്ടാമതൊരു പ്രദർശനംകൂടി നടത്തേണ്ടിവന്നുവെന്നും അവർ കുറിക്കുന്നു. ഇപ്പോഴും ഇൻ വിച് ആനി ഗിവ്‌സ് ഇറ്റ് ദോസ് വൺസ് പ്രേക്ഷകനെ പിടിച്ചിരുത്തുന്നു. പോയകാലത്തെ വരച്ചിട്ടപ്പോഴും പുതിയ കാലവുമായി അത്ര ദൂരത്തിലല്ലാതെ സംവദിക്കുന്നു. മികച്ച തിരക്കഥയ്ക്കും ഇംഗ്ലീഷിലുള്ള മികച്ച ഫീച്ചർ ഫിലിമിനുമായി രണ്ട് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ നേടിയിരുന്നു ഈ ചിത്രം.

ബർലിനേൽ ക്ലാസിക്സ്- 2026ൽ ഒമ്പതു രാജ്യങ്ങളിൽനിന്നുള്ള 10 സിനിമകൾ അവതരിപ്പിക്കുന്നുണ്ട്. 1926ലെ നിശ്ശബ്ദചിത്രംമുതൽ ഈ സീരീസിൽ ഉൾപ്പെടുന്നു. അരുന്ധതി റോയിയും സംവിധായിക മൈക്ക് ഫിഗ്ഗിസും പ്രത്യേക അതിഥികളായി പങ്കാളിത്തം വഹിക്കുകയും ചെയ്യുന്നുണ്ട്.
ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷന് പ്രദീപ് കൃഷൻ പ്രിന്റ് കൈമാറിയതോടെയാണ് In Which Annie Gives It Those Ones പുനരുജ്ജീവനം ആരംഭിച്ചത്. നാഷണൽ ഫിലിം ഡെവലപ്‌മെന്റ് കോർപറേഷനും നാഷണൽ ഫിലിം ആർക്കൈവ് ഓഫ് ഇന്ത്യയും ചേർന്ന് ഇത് പുതുക്കാൻ തീരുമാനിച്ചു. എൽ'ഇമ്മാജിൻ റിട്രോവാറ്റയുടെ ലബോറട്ടറിയുടെ സഹകരണത്തോടെ യഥാർഥ 16 എംഎം കാമറ നെഗറ്റീവും 35 എംഎം പ്രിന്റും ഉപയോഗിച്ച് ശ്രമകരമായ 4K പുനഃസ്ഥാപനത്തിന് നേതൃത്വം നൽകി.
ഒരുകാലത്ത് ‘പ്രദീപ് കൃഷൻ–അരുന്ധതി റോയ് ചിത്രം’ എന്ന പേരിൽ ദൂരദർശനിൽ തുടങ്ങി അവസാനിച്ചുപോയ ഈ സിനിമ, വീണ്ടും അന്താരാഷ്ട്ര വേദിയിൽ പ്രേക്ഷകരെ കണ്ടുമുട്ടുകയാണ്, ഒരു തലമുറയുടെ ചിരിയും കലഹവും സ്വപ്നങ്ങളും വീണ്ടും വിളിച്ചുണർത്തിക്കൊണ്ട്.










0 comments