ad
Deshabhimani

print edition ഐഎഫ്എഫ്കെ: വരു ലോകത്തുടിപ്പിന്റെ കാഴ്ച തുടങ്ങുന്നു

IFFK 30.jpg
avatar
കെ എ നിധിൻ നാഥ്‌

Published on Dec 06, 2025, 10:39 PM | 4 min read

എട്ടു ദിവസം‍, ഉദ്ദേശം 200 സിനിമകൾ, 13000 പ്രതിനിധികൾ, 16 തിയറ്ററുകൾ. ലോക സിനിമയുടെ പുതിയ കാഴ്‌ചകളുടെ ജാലകം തുറക്കുകയായി. ലോകസിനിമാഭൂപടം ഇനി ഒരാഴ്‌ചക്കാലം തിരുവനന്തപുരത്താണ്‌. തിയറ്ററിന്റെ ഇരുണ്ട അന്തരീക്ഷത്തെ ഭേദിച്ച്‌ എത്തുന്ന വെള്ളിവെളിച്ചത്തിൽ ദേശ–-ഭാഷാ അതിരുകൾ മാഞ്ഞ്‌, കാഴ്‌ചകൾ ഒന്നാകും. ഓരോ വർഷവും ഡിസംബർ പിറക്കുന്നത്‌ കേരളത്തിന്റെ സ്വന്തം അന്താരാഷ്‌ട്ര ചലച്ചിത്രമേള (ഐഎഫ്എഫ്‌കെ) എന്ന ടാഗോടുകൂടിയാണ്‌. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന മേളയുടെ 30–ാംപതിപ്പിന്‌ 12ന്‌ തുടക്കമാകും. എഴുപതോളം രാജ്യങ്ങളില്‍നിന്നുള്ള 200ല്‍പ്പരം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.


30–ാമത് പതിപ്പ് പ്രമാണിച്ച് മുന്‍വര്‍ഷത്തേക്കാള്‍ മുപ്പതോളം ചിത്രങ്ങള്‍ അധികമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. 16 തിയറ്ററുകളിലായാണ് മേള. അന്താരാഷ്ട്ര മത്സരവിഭാഗത്തില്‍ 14 സിനിമകളും ‘മലയാളസിനിമ ടുഡേ’ വിഭാഗത്തില്‍ 12 ചിത്രങ്ങളും ‘ഇന്ത്യന്‍ സിനിമ നൗ’ വിഭാഗത്തില്‍ ഏഴ് സിനിമകളും പ്രദര്‍ശിപ്പിക്കും. ലോകസിനിമ വിഭാഗത്തില്‍ അറുപതിലധികം സിനിമകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കലൈഡോസ്‌കോപ്പ് വിഭാഗത്തില്‍ എട്ട് സിനിമകള്‍. ഫീമെയിൽ ഫോക്കസ്, മിഡ്‌നൈറ്റ് സിനിമ, റെസ്റ്റോര്‍ഡ് ക്ലാസിക്‌സ് എന്നീ വിഭാഗങ്ങളിലും സിനിമകളുണ്ട്‌. വിഖ്യാത ബംഗാളി ചലച്ചിത്രകാരന്‍ ഋത്വിക് ഘട്ടക്കിന്റെ ജന്മശതാബ്ദി പ്രമാണിച്ച് അദ്ദേഹത്തിന്റെ നാലു ചിത്രങ്ങള്‍ മേളയില്‍ കാണാം.


സംവിധായകന്‍ ഷാജി എന്‍ കരുണ്‍, സംവിധായകനും തിരക്കഥാകൃത്തുമായ എം ടി വാസുദേവന്‍നായര്‍ എന്നിവര്‍ക്ക് സ്മരണാഞ്ജലി അര്‍പ്പിക്കുന്ന ഹോമേജ് വിഭാഗത്തില്‍ ഇരുവരുടെയും രണ്ടു ചിത്രങ്ങള്‍വീതം പ്രദര്‍ശിപ്പിക്കുന്നുണ്ട്‌. വിയറ്റ്‌നാം യുദ്ധത്തിന്റെ 50–ാം വാര്‍ഷികത്തോടനുബന്ധിച്ച് കണ്‍ട്രി ഫോക്കസ് വിഭാഗത്തില്‍ വിയറ്റ്‌നാമില്‍നിന്നുള്ള അഞ്ചു ചിത്രങ്ങളുണ്ട്‌. മേളയുടെ ഭാഗമായി ഓപ്പണ്‍ ഫോറം, ഇന്‍ കോണ്‍വര്‍സേഷന്‍, മീറ്റ് ദ ഡയറക്ടര്‍, അരവിന്ദന്‍ സ്മാരക പ്രഭാഷണം എന്നിവയും ഉണ്ടായിരിക്കും. കലാസാംസ്‌കാരിക പരിപാടികള്‍ നഗരത്തിലെ സാംസ്‌കാരിക ഇടനാഴിയായ മാനവീയം വീഥിയില്‍ സംഘടിപ്പിക്കും.


ലോക വിഭാഗത്തിൽ പപ്പ ബുക്ക


ഡോ. ബിജു സംവിധാനം ചെയ്ത ‘പപ്പ ബുക്ക'യുടെ കേരള പ്രീമിയർ മേളയിൽ നടക്കും. ലോകസിനിമ വിഭാഗത്തിലാണ് പ്രദർശിപ്പിക്കുന്നത്. മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള പപ്പുവ ന്യൂഗിനിയുടെ ഈ വർഷത്തെ ഔദ്യോഗിക ഓസ്കർ എൻട്രികൂടിയാണ് പപ്പ ബുക്ക. ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ സംവിധായകന്റെ ചിത്രം ഔദ്യോഗികമായി ഓസ്കാറില്‍ മറ്റൊരു രാജ്യത്തെ പ്രതിനിധാനംചെയ്‌ത്‌ തെരഞ്ഞെടുക്കപ്പെടുന്നത്.


മത്സരിക്കാൻ രണ്ട് മലയാളചിത്രങ്ങൾ


സഞ്ജു സുരേന്ദ്രന്റെ ‘ഖിഡ്കി ഗാവ്’, ഉണ്ണിക്കൃഷ്ണൻ ആവളയുടെ ‘തന്തപ്പേര്‌’എന്നീ ചിത്രങ്ങളാണ് അന്താരാഷ്ട്ര മത്സരവിഭാഗത്തിലേക്ക് തെരഞ്ഞെടുത്തത്‌. നേരത്തേ ദക്ഷിണ കൊറിയയിലെ ബുസാൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ഹൈലൈഫ് വിഷൻ അവാർഡ് സ്വന്തമാക്കിയ ചിത്രംകൂടിയാണ് ഖിഡ്കി ഗാവ്. ചോലനായ്ക്കരുടെ ജീവിതത്തിന്റെ പശ്ചാത്തലത്തിൽ ചിത്രീകരിച്ച സിനിമയാണ് തന്തപ്പേര്‌. മലയാളം സിനിമ ടുഡേ വിഭാഗത്തിൽ 12 സിനിമകളാണ് പ്രദർശിപ്പിക്കുക. മത്സരവിഭാഗത്തിലുള്ള രണ്ട്‌ സിനിമകളടക്കം 14 മലയാള സിനിമകളാണുള്ളത്‌. ഇതിൽ ഒമ്പതെണ്ണവും നവാഗതരുടേതാണ്. എബ്ബ് (സംവിധാനം: ജിയോ ബേബി), സമസ്താലോകാ (ഷെറി ഗോവിന്ദൻ), അംബ്രോസിയ (ആദിത്യാ ബേബി), കാത്തിരിപ്പ് (നിപിൻ നാരായണൻ), പെണ്ണും പൊറാട്ടും (രാജേഷ് മാധവൻ), ശവപ്പെട്ടി (റിനോഷൻ കെ), ആദി സ്നേഹത്തിന്റെ വിരുന്നുമേശ (മിനി ഐ ജി), ശേഷിപ്പ് (ശ്രീജിത് എസ് കുമാർ, ഗ്രിറ്റോ വിൻസെന്റ്), അന്യരുടെ ആകാശങ്ങൾ (ശ്രീകുമാർ കെ), ഒരു അപസർപ്പക കഥ (അരുൺ വർധൻ), മോഹം (ഫാസിൽ റസാഖ്), ചാവുകല്യാണം (വിഷ്ണു ബി ബീന).


ഫോക്കസിൽ ഗരിന്‍ നുഗ്രോഹോ


കണ്ടമ്പററി ഫിലിംമേക്കര്‍ ഇന്‍ ഫോക്കസ് വിഭാഗത്തില്‍ ഇന്തോനേഷ്യന്‍ സംവിധായകന്‍ ഗരിന്‍ നുഗ്രോഹോയുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. തെക്കുകിഴക്കന്‍ ഏഷ്യയിലെ ശക്തമായ ശബ്ദങ്ങളിലൊന്നാണ് ഗരിന്‍ നുഗ്രോഹോ. കമ്യൂണിസ്റ്റ് അനുഭാവത്തിന്റെ പേരില്‍ തടവിലാക്കപ്പെടുന്ന കവി ഇബ്രാഹിം കദീറിന്റെ അനുഭവങ്ങളിലൂടെ ഇന്തോനേഷ്യയിലെ അനധികൃത തടവുകാരുടെ ദുരിതജീവിതം വരച്ചിടുന്ന എ പോയറ്റ്: അണ്‍കണ്‍സീല്‍ഡ് പോയട്രി അടക്കം അഞ്ചു ചിത്രമാണ്‌ പ്രദർശിപ്പിക്കുക. ബേഡ് മാന്‍ ടെയ്ല്‍, സംസാര, വിസ്‌പേഴ്‌സ് ഇന്‍ ദ ഡബ്ബാസ്, ലെറ്റര്‍ ടു ആന്‍ ഏയ്ഞ്ചല്‍ എന്നിവയാണ്‌ പ്രദർശിപ്പിക്കുന്ന മറ്റു ചിത്രങ്ങൾ. കാന്‍, വെനീസ്, ബെര്‍ലിന്‍, ലൊക്കാര്‍ണോ മേളകളില്‍ അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.


റെട്രോസ്‌പെക്ടീവിൽ യൂസഫ് ഷഹീൻ


വിഖ്യാത ഈജിപ്ഷ്യന്‍ സംവിധായകന്‍ യൂസഫ് ഷഹീനിന്റെ ജന്മശതാബ്ദിയോടനുബന്ധിച്ച് അദ്ദേഹത്തിന്റെ ഏറ്റവും മികച്ച മൂന്നു ചിത്രങ്ങള്‍ റെട്രോസ്‌പെക്ടീവ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും. അറബ് സിനിമയെ അന്താരാഷ്ട്രതലത്തില്‍ അടയാളപ്പെടുത്തിയ ചലച്ചിത്രകാരനായ ഷഹീന്റെ കെയ്‌റോ സ്റ്റേഷന്‍ (1958), അലക്‌സാണ്‍ഡ്രിയ എഗൈന്‍ ആൻഡ്‌ ഫോര്‍ എവര്‍ (1989), ദ അദര്‍ (1999) എന്നീ ചിത്രങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആയുഷ്‌കാല സംഭാവനയ്ക്കുള്ള കാന്‍ ചലച്ചിത്രമേളയുടെ 50–ാമത് ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് നേടിയ യൂസഫ് ഷഹീന്‍ 1950കള്‍മുതല്‍ 2008ല്‍ 82–ാംവയസ്സില്‍ മരിക്കുന്നതുവരെ ഈജിപ്ഷ്യന്‍ സിനിമയില്‍ സജീവമായിരുന്നു. ഒമര്‍ ഷെരീഫ് എന്ന വിഖ്യാത നടന്റെ ചലച്ചിത്രപ്രവേശത്തിനും കരിയറിലെ വളര്‍ച്ചയ്ക്കും നിമിത്തമായ സംവിധായകനാണ് യൂസഫ് ഷഹീന്‍. കെയ്‌റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ എക്കാലത്തെയും മികച്ച 100 ചിത്രങ്ങള്‍ തെരഞ്ഞെടുത്തപ്പോള്‍ അതില്‍ 12 ചിത്രങ്ങളും യൂസഫ് ഷഹീനിന്റേതായിരുന്നു. എട്ടു ചിത്രങ്ങള്‍ കാന്‍ ചലച്ചിത്രമേളയില്‍ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1979ല്‍ അലക്‌സാന്‍ഡ്രിയ വൈ എന്ന ചിത്രത്തിന് ബെര്‍ലിന്‍ മേളയില്‍ സില്‍വര്‍ ബെയര്‍ പുരസ്‌കാരം ലഭിച്ചിരുന്നു.


സെയ്യിദ്‌ മിർസയുടെ 
ചിത്രങ്ങൾ


ഇന്ത്യന്‍ സമാന്തര സിനിമയുടെ മുന്നണിപ്പോരാളി സയ്യിദ് മിര്‍സയുടെ മൂന്നു ചിത്രങ്ങള്‍ റെട്രോസ്‌പെക്ടീവ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്‌. 1996ല്‍ രണ്ട് ദേശീയ ചലച്ചിത്രപുരസ്‌കാരങ്ങള്‍ നേടിയ ‘നസീം', മികച്ച ഹിന്ദി ചിത്രത്തിനുള്ള 37–ാമത് ദേശീയ പുരസ്‌കാരം നേടിയ ‘സലീം ലാംഗ്‌ഡേ പേ മത് രോ', ‘അരവിന്ദ് ദേശായി കി അജീബ് ദാസ്താന്‍' എന്നീ ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് 1976ല്‍ ബിരുദം നേടിയ സയ്യിദ് മിര്‍സ പുരോഗമനരാഷ്ട്രീയത്തിന്റെ ശക്തമായ അടിയൊഴുക്കുള്ള പ്രമേയങ്ങളാണ് സിനിമകള്‍ക്ക് സ്വീകരിച്ചിരുന്നത്. നിലവില്‍ കെ ആര്‍ നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആൻഡ്‌ ആര്‍ട്‌സിന്റെ ചെയര്‍മാനാണ്.


സിഗ്‌നേച്ചേഴ്‌സ് ഇന്‍ മോഷന്‍


ഈ വര്‍ഷത്തെ ഏറ്റവും മികച്ച നാല് അനിമേഷന്‍ ചിത്രങ്ങളും കാണാനുള്ള അവസരമുണ്ട്‌. അനിമേഷന്‍ ചിത്രങ്ങള്‍ക്കുവേണ്ടി മാത്രമായി ഫ്രാന്‍സില്‍ 1960 മുതല്‍ സംഘടിപ്പിക്കപ്പെടുന്ന അനെസി അനിമേഷന്‍ ഫിലിം ഫെസ്റ്റിവലിന്റെ 2025 പതിപ്പിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും പുരസ്‌കാരങ്ങള്‍ നേടുകയും ചെയ്ത ചിത്രങ്ങളാണ് ‘സിഗ്‌നേച്ചേഴ്‌സ് ഇന്‍ മോഷന്‍' വിഭാഗത്തിലുള്ളത്‌. ദ ഗേള്‍ ഹു സ്റ്റോള്‍ ടൈം, ആര്‍ക്കോ, അല്ലാഹ് ഈസ് നോട്ട് ഒബ്ലൈജ്ഡ്, ഒലിവിയ ആൻഡ്‌ ദി ഇന്‍വിസിബിള്‍ എര്‍ത്ത്‌ക്വേക്ക് എന്നിവയാണ്‌ പ്രദർശിപ്പിക്കുന്നത്‌.


സ്‌പിരിറ്റ് ഓഫ് സിനിമ അവാര്‍ഡ് 
കെല്ലി ഫൈഫ് മാര്‍ഷലിന്‌


​സ്വന്തം ജനതയുടെ അതിജീവനവും സ്‌നേഹവും കരീബിയന്‍ പ്രവാസിജീവിതവും സിനിമയിലൂടെ പ്രതിഫലിപ്പിക്കുന്ന ചലച്ചിത്രപ്രവർത്തക കനേഡിയന്‍ ചലച്ചിത്രകാരി കെല്ലി ഫൈഫ് മാര്‍ഷലിനാണ്‌ 30–ാമത് ഐഎഫ്എഫ്കെയിലെ സ്‌പിരിറ്റ് ഓഫ് സിനിമ അവാര്‍ഡ്. കറുത്തവര്‍ഗക്കാരോടുള്ള വംശീയ മുന്‍വിധികള്‍ക്കെതിരെ സിനിമയിലൂടെ പൊരുതുന്ന കെല്ലി ഫൈഫ് മാര്‍ഷലിന്റെ ‘ബ്ലാക്ക് ബോഡീസ്' (2020) എന്ന ഹ്രസ്വചിത്രം ടൊറന്റോ ഇന്റര്‍നാഷണല്‍ ഫെസ്റ്റിവലില്‍ മേളയുടെ ആദ്യ ചേഞ്ച്‌മേക്കര്‍ അവാര്‍ഡ് നേടിയിട്ടുണ്ട്. കറുത്തവര്‍ഗക്കാരുടെ ജീവിതാനുഭവങ്ങളില്‍ ഊന്നിയുള്ള ഹേവന്‍ (2018) എന്ന ഹ്രസ്വചിത്രത്തിലൂടെയാണ് അവര്‍ സിനിമയിലൂടെയുള്ള ഇടപെടൽ ആരംഭിച്ചത്‌. കലയിലൂടെ കറുത്തവര്‍ഗക്കാരുടെ സമുദായത്തെ ശാക്തീകരിക്കുന്നതിനും സാമൂഹികനീതിക്കും വേണ്ടി രൂപംകൊടുത്ത ‘മേക്ക് റിപ്പിള്‍സ്' എന്ന സന്നദ്ധസംഘടനയുടെ സഹസ്ഥാപകയുമാണ്‌.


ടെലിവിഷന്‍ രംഗത്തും പരസ്യചിത്ര നിര്‍മാണരംഗത്തും തന്റെ കൈയൊപ്പ് പതിപ്പിച്ച കെല്ലിയുടെ ‘ബ്ലാക്ക് എലിവേഷന്‍ മാപ്പ്' എന്ന പ്രചാരണചിത്രം നിരവധി അന്താരാഷ്ട്ര അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്. സിനിമയെ സമരായുധമാക്കി സമൂഹത്തിലെ അനീതികള്‍ക്കെതിരെ പൊരുതുന്ന നിര്‍ഭയരായ വനിതാ ചലച്ചിത്രപ്രവര്‍ത്തകരെ ആദരിക്കുന്നതിനുവേണ്ടി 26–ാമത് ഐഎഫ്എഫ്കെയിലാണ് സ്പിരിറ്റ് ഓഫ് സിനിമ അവാര്‍ഡ് ഏര്‍പ്പെടുത്തിയത്. കുര്‍ദിഷ് സംവിധായിക ലിസ കലാന്‍ ആയിരുന്നു പ്രഥമ ജേതാവ്. ഇറാന്‍ ഭരണകൂടത്തിന്റെ നിരന്തരമായ പീഡനത്തിന് വിധേയയായിട്ടും അവകാശപ്പോരാട്ടം തുടരുന്ന ചലച്ചിത്രകാരി മഹ്നാസ് മുഹമ്മദി, കെനിയയിലെ യാഥാസ്ഥിതിക മൂല്യങ്ങള്‍ക്കെതിരെ പൊരുതുന്ന സംവിധായിക വനൂരി കഹിയു, ഇന്ത്യന്‍ സംവിധായിക പായല്‍ കപാഡിയ എന്നിവരാണ് മുന്‍വര്‍ഷങ്ങളില്‍ ഈ പുരസ്‌കാരത്തിന് അര്‍ഹരായത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home