ഐഎഫ്എഫ്കെയിലും കേന്ദ്രത്തിന്റെ വെട്ട്; 19 ചിത്രങ്ങൾക്ക് അനുമതിയില്ല

തിരുവനന്തപുരം: ലോകസിനിമയുടെ രാഷ്ട്രീയ കാഴ്ചപ്പാടുകളെയും സ്വതന്ത്രമായ ആവിഷ്‌കാരങ്ങളെയും സെൻസർഷിപ്പിന്റെ കത്രിക വെച്ച് ശ്വാസം മുട്ടിക്കാനുള്ള ശ്രമവുമായി കേന്ദ്ര സർക്കാർ. 30-ാമത് രാജ്യാന്തര ചലച്ചിത്രമേളയിൽ പലസ്തീൻ ജനതയുടെ അതിജീവനവും പ്രതിരോധവും പ്രമേയമായ ചിത്രങ്ങൾ ഉൾപ്പെടെ 19 ലോകസിനിമകൾക്കാണ് പ്രദർശനാനുമതി നിഷേധിച്ചിരിക്കുന്നത്. സെൻസർ സർട്ടിഫിക്കറ്റ് ഇല്ലാത്ത ചിത്രങ്ങൾക്ക് മേളകളില്‍ പ്രദര്‍ശിപ്പിക്കുന്നതിനായി കേന്ദ്ര വാർത്താപ്രക്ഷേപണ മന്ത്രാലയത്തിന്‍റെ 'എക്‌സംഷൻ സർട്ടിഫിക്കറ്റ്' നല്‍കുകയാണ് പതിവ്.
ഉദ്‌ഘാടന ചിത്രമായി നിശ്ചയിച്ചിരുന്ന ‘പലസ്‌തീൻ 36’ നു പോലും അനുമതി നൽകാതെ പിടിച്ചുവെച്ചിരിക്കുന്നത് സാംസ്‌കാരിക പ്രതിരോധങ്ങളെ ഭരണകൂടം എത്രത്തോളം ഭയപ്പെടുന്നു എന്നതിന്റെ തെളിവാണ്. സാധാരണഗതിയിൽ സാങ്കേതികമായി മാത്രം കാണാറുള്ള അനുമതി പത്രങ്ങൾ, പലസ്തീൻ വിഷയം കൈകാര്യം ചെയ്യുന്ന സിനിമകളുടെ കാര്യത്തിൽ തടഞ്ഞുവെക്കുന്നത് കൃത്യമായ രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് വ്യക്തം. മേള തുടങ്ങി നാല് ദിവസം പിന്നിട്ടിട്ടും 19 സിനിമകളുടെ കാര്യത്തിൽ മന്ത്രാലയം മൗനം തുടരുന്നത് സാംസ്‌കാരിക കേരളത്തോടുള്ള വെല്ലുവിളിയായി സിനിമാപ്രവർത്തകർ കാണുന്നു.
'വൺസ് അപ്പോൺ എ ടൈം ഇൻ ഗാസ', 'ഓൾ ദാറ്റ്‌സ് ലെഫ്റ്റ് ഓഫ് യു' തുടങ്ങിയ പലസ്തീൻ ചിത്രങ്ങൾക്കു പുറമെ വിഖ്യാത ക്ലാസിക് സിനിമയായ 'ബാറ്റിൽഷിപ്പ് പൊട്ടംകിൻ', മുൻപ് മേളയിൽ പ്രദർശിപ്പിച്ചതും സുവർണ്ണചകോരം നേടിയതുമായ 'തിംബക്തു' എന്നിവയ്ക്ക് പോലും അനുമതിയില്ല. സ്പാനിഷ് ചിത്രം 'ബീഫ്', 'ദി സീ', 'റിവർസ്റ്റോൺ' തുടങ്ങി ഒമ്പതോളം ചിത്രങ്ങളുടെ പ്രദർശനവും മുടങ്ങി. ലോകസിനിമയിലെ വിപ്ലവാത്മകമായ കാഴ്ചകളെ കേരളത്തിലെ പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്ന ചലച്ചിത്ര മേളയുടെ തനിമ തകർക്കാനുള്ള ഈ നീക്കം കലയ്ക്കും ആവിഷ്കാര സ്വാതന്ത്ര്യത്തിനും മേലുള്ള കടന്നുകയറ്റമാണ്.
അതേസമയം സിനിമകൾക്ക് അനുമതി ലഭ്യമാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് അക്കാദമി വൈസ് ചെയർപേഴ്സൺ കുക്കു പരമേശ്വരൻ വ്യക്തമാക്കി.










0 comments