കടുത്ത ജലക്ഷാമത്തിനിടെ 15 ലക്ഷം ലിറ്റർ വെള്ളം വേണമെന്ന് വാരാണസി ടീം; നൽകാനാവില്ലെന്ന് അധികൃതർ

ഹൈദരാബാദ്: എസ് എസ് രാജമൗലി സംവിധാനം ചെയ്യുന്ന സയൻസ് ഫിക്ഷൻ ചിത്രം 'വാരാണസി'യുടെ ചിത്രീകരണത്തിനായി 15 ലക്ഷം ലിറ്റർ വെള്ളം വിട്ടുനൽകണമെന്ന അണിയറപ്രവർത്തകരുടെ ആവശ്യം തള്ളി ഹൈദരാബാദ് സിറ്റി അധികൃതർ. നഗരത്തിൽ കടുത്ത ജലക്ഷാമം നേരിടുന്ന സാഹചര്യത്തിലാണ് വാട്ടർ ബോർഡിന്റെ നടപടി.
മഹേഷ് ബാബു നായകനാകുന്ന ചിത്രത്തിലെ നിർണ്ണായകമായ അണ്ടർവാട്ടർ രംഗങ്ങൾ ചിത്രീകരിക്കുന്നതിനാണ് ഇത്രയധികം വെള്ളം ആവശ്യപ്പെട്ടത്. ഹൈദരാബാദ് മെട്രോപൊളിറ്റൻ വാട്ടർ സപ്ലൈ ആൻഡ് സ്വീവേജ് ബോർഡിനോട് (HMWSSB) 10,000 ലിറ്റർ വീതം കൊള്ളുന്ന 150 വാട്ടർ ടാങ്കറുകൾക്കായി നിർമ്മാതാക്കളായ ശ്രീ ദുർഗ ആർട്സ് അപേക്ഷ നൽകിയിരുന്നു. ഷൂട്ടിംഗിനായി പ്രത്യേക കുളം നിറയ്ക്കാനായിരുന്നു ഈ നീക്കം. വെള്ളത്തിനുള്ള ചാർജ് നൽകാമെന്ന് അറിയിച്ചിരുന്നെങ്കിലും നഗരത്തിലെ ഉയർന്ന ജലദൗർലഭ്യം കണക്കിലെടുത്ത് അധികൃതർ അനുമതി നിഷേധിക്കുകയായിരുന്നു.
'ആർആർആറി'ന് ശേഷം രാജമൗലി ഒരുക്കുന്ന 'വാരാണസി'യിൽ മഹേഷ് ബാബു ടൈം ട്രാവൽ നടത്തുന്ന സാഹസികനായ 'രുദ്ര' എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. പ്രിയങ്ക ചോപ്ര നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ത്യൻ സിനിമയിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണിത്. മലയാള താരം പൃഥ്വിരാജ് സുകുമാരനാണ് ചിത്രത്തിലെ വില്ലൻ വേഷം കൈകാര്യം ചെയ്യുന്നത്. അന്റാർട്ടിക്ക, ആഫ്രിക്ക, ശ്രീലങ്ക തുടങ്ങി വിവിധ ഭൂഖണ്ഡങ്ങളിലും ത്രേതായുഗത്തിലുമായി പടർന്നുകിടക്കുന്ന ഒരു ബൃഹദ് കഥയാണ് ചിത്രം പറയുന്നത്. 2027 ഏപ്രിലിൽ ചിത്രം തിയേറ്ററുകളിലെത്തും.










0 comments