'ദൃശ്യം 3' യുടെ വ്യാജപതിപ്പ് പ്രചരിക്കുന്നു; ട്രെയിനിൽ സിനിമ കാണുന്ന ദൃശ്യങ്ങൾ പുറത്ത്

തിരുവനന്തപുരം: ദൃശ്യം 3 സിനിമയുടെ വ്യാജ പതിപ്പ് പുറത്ത്. ഗുരുവായൂർ എക്സ്‌പ്രസ് ട്രെയിനിൽ വെച്ച് യുവാവ് മൊബൈൽ ഫോണിൽ ഈ സിനിമ കാണുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ട്രെയിനിലെ സഹയാത്രികനാണ് ഇയാൾ സിനിമ കാണുന്നത് കണ്ട് ദൃശ്യങ്ങൾ പകർത്തിയത്.
ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. ദൃശ്യത്തിലുള്ളത് തമിഴ്നാട് സ്വദേശിയായ യാത്രക്കാരനാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ സിനിമയുടെ അണിയറപ്രവർത്തകരുടെ ഔദ്യോഗിക പരാതികളോ പ്രതികരണങ്ങളോ ഇതുവരെ ലഭ്യമായിട്ടില്ല.
മോഹൻലാലിന്റെ പിറന്നാൾ ദിനമായ മെയ് 21നാണ് ജീത്തു ജോസഫ് ചിത്രം പുറത്തിറങ്ങിയത്. 2013 ൽ പുറത്തുവന്ന ദൃശ്യത്തിന്റെ മൂന്നാം ഭാഗമാണ് ദൃശ്യം 3. ജോർജുകുട്ടിയുടെയും കുടുംബത്തിന്റെയും ജീവിതത്തിലുണ്ടാകുന്ന പുതിയ പ്രതിസന്ധികളും അവയെ മറികടക്കാനുള്ള പോരാട്ടവുമാണ് മൂന്നാം ഭാഗത്തിൽ അവതരിപ്പിക്കുന്നത്.
നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷമെത്തുന്ന മൂന്നാം ഭാഗം ആശിർവാദ് സിനിമാസ്, പനോരമ സ്റ്റുഡിയോസ്, പെൻ സ്റ്റുഡിയോസ് എന്നിവയുടെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമിക്കുന്നത്. മീന, എസ്തർ അനിൽ, അൻസിബ ഹസൻ,മുരളി ഗോപി എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.
സതീഷ് കുറുപ്പ് ഛായാഗ്രഹണവും അനിൽ ജോൺസൺ സംഗീതവും നിർവ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റർ വിനായകാണ്. മലയാള സിനിമയിലെ ആദ്യ 50 കോടി ചിത്രമായ 'ദൃശ്യം' 2013ലാണ് റിലീസ് ചെയ്തത്. 75 കോടി രൂപയായിരുന്നു ചിത്രത്തിന്റെ ആകെ കളക്ഷൻ. കോവിഡ് കാലത്ത് ഒടിടി റിലീസായെത്തിയ രണ്ടാം ഭാഗവും ആഗോളതലത്തിൽ വലിയ ശ്രദ്ധ നേടിയിരുന്നു.
ഏറ്റവും കൂടുതൽ ദേശീയ-വിദേശ ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ട മലയാള ചിത്രം എന്ന ഖ്യാതിയുള്ള 'ദൃശ്യം' പരമ്പരയുടെ മൂന്നാം ഭാഗം ആഗോള ബോക്സ് ഓഫീസിൽ നിന്ന് 100 കോടി ക്ലബ്ബിൽ ഇടം നേടിക്കഴിഞ്ഞു.









0 comments