ad
Deshabhimani

'ആ അനുഭവം ബാലാജിക്കും ഉണ്ടാവരുതെന്ന് പേടിച്ചു'; 'കറുപ്പിൽ' തൃഷയ്ക്ക് ശബ്ദം നൽകിയതിനെക്കുറിച്ച് ചിന്മയി

chinmayi

ചിന്മയി, തൃഷ

വെബ് ഡെസ്ക്

Published on May 17, 2026, 04:40 PM | 2 min read

തിരുവനന്തപുരം: ആർ ജെ ബാലാജി സംവിധാനം ചെയ്ത് സൂര്യ നായകനായ 'കറുപ്പ്' തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. ചിത്രത്തിൽ നായികയായ തൃഷയ്ക്ക് ശബ്ദം നൽകിയിരിക്കുന്നത് പ്രശസ്ത ഗായികയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ചിന്മയിയാണ്. എന്നാൽ, താൻ ഈ ചിത്രത്തിന് ഡബ്ബ് ചെയ്ത വിവരം പുറത്തുപറയാൻ ഏറെ ഭയപ്പെട്ടിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം ഇപ്പോൾ.


തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെയാണ് ചിന്മയി മനസുതുറന്നത്."കറുപ്പിന് ഡബ്ബ് ചെയ്തത് ഞാനാണെന്ന് പറയാൻ എനിക്ക് ശരിക്കും പേടിയായിരുന്നു. സംവിധായകൻ ആർ.ജെ. ബാലാജിയെയും അദ്ദേഹത്തിന്റെ ഭാര്യയെയും എനിക്ക് വർഷങ്ങളായി അറിയാം. കഠിനാധ്വാനത്തിലൂടെ തന്റെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കിയ വ്യക്തിയാണ് അദ്ദേഹം. ആ കുടുംബത്തെ അടുത്തറിയാവുന്നത് കൊണ്ടാണ്, മുൻപ് 'ലിയോ' സിനിമയുടെ സമയത്തുണ്ടായ മോശം അനുഭവം ബാലാജിക്കും ഉണ്ടാകരുത് എന്ന് ഞാൻ ആഗ്രഹിച്ചതും ഭയന്നതും"- ചിന്മയി പറഞ്ഞു.


സിനിമയിലെ ചില വൈകാരിക രംഗങ്ങൾ ഡബ്ബ് ചെയ്തപ്പോൾ തന്റെ വ്യക്തിജീവിതത്തിൽ കഴിഞ്ഞുപോയ കാര്യങ്ങൾ ഓർത്തുപോയെന്നും ഏറെ കരഞ്ഞാണ് ആ ഭാഗങ്ങൾ പൂർത്തിയാക്കിയതെന്നും ചിന്മയി കൂട്ടിച്ചേർത്തു. തൃഷയ്ക്ക് ശബ്ദം നൽകാൻ അവസരം നൽകിയതിന് ആർ ജെ ബാലാജിയോട് അവർ നന്ദി പറയുകയും ചെയ്തു.


വർഷങ്ങളായി തനിക്കേർപ്പെടുത്തിയ വിലക്കുകൾ മാറി, നാളെ എന്ത് സംഭവിക്കുമെന്ന ഭയമില്ലാതെ സ്വന്തം നാട്ടിൽ ജോലി ചെയ്യാൻ ദൈവാനുഗ്രഹമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും പറഞ്ഞാണ് ചിന്മയി തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.


2018-ലെ മീറ്റൂ മൂവ്‌മെന്റിന്റെ ഭാഗമായി തമിഴ് സിനിമയിലെ ലൈംഗിക ചൂഷണങ്ങൾക്കെതിരെ ചിന്മയി രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെ തമിഴ് ഡബ്ബിങ് യൂണിയൻ പ്രസിഡന്റ് രാധാ രവിക്കെതിരെ ആരോപണമുന്നയിച്ച ചിന്മയിയെ യൂണിയനിൽ നിന്നും പുറത്താക്കി. വർഷങ്ങളായി നീണ്ട ഈ വിലക്ക് മറികടന്നാണ് സംവിധായകൻ ലോകേഷ് കനകരാജും നിർമാതാവ് ലളിത് കുമാറും ചേർന്ന് 'ലിയോ' എന്ന ചിത്രത്തിൽ തൃഷയ്ക്കായി ഡബ്ബ് ചെയ്യാൻ ചിന്മയിയെ ക്ഷണിച്ചത്.


എന്നാൽ ഇതിനെതിരെ ഡബ്ബിങ് യൂണിയൻ രംഗത്തുവരികയും, ചിന്മയിയെ സിനിമയിൽ സഹകരിപ്പിച്ചതിന് സംവിധായകൻ ലോകേഷ് കനകരാജിന് 50,000 രൂപ പിഴ ചുമത്തുകയും ചെയ്തിരുന്നു. ഈയൊരു പശ്ചാത്തലത്തിലാണ് 'കറുപ്പ്' എന്ന ചിത്രത്തിന് ഡബ്ബ് ചെയ്ത വിവരം പുറത്തുപറയാൻ ചിന്മയി ഭയപ്പെട്ടത്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home