ad
Deshabhimani

സെൻസർ ബോർഡിന്റെ കടും വെട്ട്; 'അജണ്ട'കൾ തകർക്കുന്നത് സിനിമയുടെ ആത്മാവിനെ

censored cinema
avatar
അമ്പിളി ചന്ദ്രമോഹനൻ

Published on Oct 13, 2025, 06:38 PM | 6 min read

ഇന്ത്യയിൽ അടുത്തിടെയായി വിവാദങ്ങൾ കത്തിപ്പടരുന്ന വ്യവസായ മേഖലയാണ് സിനിമ. അവകാശത്തർക്കങ്ങൾ മുതൽ സെൻസർഷിപ്പുവരെ നിരവധി പ്രശ്നങ്ങൾ മറികടന്നാണ് ഒരു സിനിമ പുറത്തിറങ്ങുന്നത്. അതിൽത്തന്നെ സിനിമയിലെ വെട്ടിനിരത്തൽ അണിയറപ്രവർത്തകരെ വട്ടം ചുറ്റിക്കുന്നുണ്ട്. സിനിമകളുടെ പ്രദര്‍ശനത്തിന് അനുമതി നൽകുന്നത് സെൻട്രൽ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷൻ അഥവാ സിബിഎഫ്സിയാണ്. രാജ്യത്ത് പൊതു ഇടങ്ങളിൽ സിനിമ പ്രദർശിപ്പിക്കണമെങ്കിൽ ഈ സർട്ടിഫിക്കേഷൻ നിർബന്ധമാണ്.


1951ലാണ് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സെൻസറിങ് എന്ന സംവിധാനം ഇന്ത്യയിൽ നിലവിൽ വരുന്നത്. 1983 ൽ ഇന്ത്യൻ സിനിമാറ്റോഗ്രാഫി ആക്‌ടിൽ നിയമഭേദഗതികൾ വരുത്തിയിരുന്നു. തുടർന്ന് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ എന്ന് പേര് മാറ്റി. സിനിമ സെൻസർ ചെയ്യപ്പെടുകയല്ല, മറിച്ച് അനുയോജ്യമായ കാഴ്ചക്കാർ ആര് എന്ന് മനസിലാക്കി പ്രദർശനാനുമതി നൽകുക എന്ന ഉദ്ദേശത്തിലായിരുന്നു ഈ മാറ്റം.


CBFC


സിനിമകൾ നേരിടുന്നത് സർട്ടിഫിക്കേഷനോ സെൻസറിങ്ങോ?


കേരളത്തിൽ പ്രൊഡക്ഷൻ ഹൗസ് ഉള്ള ബാനറുകളിലെ സിനിമകൾ സിബിഎഫ്സിയുടെ തിരുവനന്തപുരത്തുള്ള റീജിയണൽ ഓഫീസിലാണ് സർട്ടിഫിക്കേഷനായി എത്തുന്നത്. അഞ്ച് പേരടങ്ങുന്ന എക്സാമിനേഷൻ കമ്മിറ്റി സിനിമ കണ്ടതിന് ശേഷം നിർദേശങ്ങൾ സെൻസർ ബോർഡിനെ അറിയിക്കും. എല്ലാ നിർദേശങ്ങളും ബോർഡ് അം​ഗീകരിക്കണമെന്നില്ല. റിവൈസിങ് കമ്മിറ്റിക്ക് വിടാനും ബോർഡിന് അധികാരമുണ്ട്. സിബിഎഫ്സി ചെയർമാനാണ് അന്തിമ തീരുമാനം എടുക്കുന്നത്.


സമീപകാലത്തായി നിരവധി ചിത്രങ്ങളാണ് സിബിഎഫ്സിയുടെ കർശന നിയന്ത്രണങ്ങൾക്ക് ഇരയായത്. തുടർച്ചയായി സിനിമകൾ നിയന്ത്രണങ്ങളും സെൻസറിങ്ങും നേരിട്ടുകൊണ്ടിരിക്കുകയാണ്. ശക്തമായ രാഷ്ട്രീയം പറയുന്ന ചിത്രങ്ങളെ ഭയപ്പെടുന്നതുകൊണ്ട് അവ പുറത്തിറങ്ങരുത് എന്ന അജണ്ടയും പ്രകടമാണ്. 2025ൽ മാത്രം നിരവധി മലയാള സിനിമകൾക്കാണ് സെൻസർ ബോർഡിന്റെ നിർദേശപ്രകാരം രംഗങ്ങളും പേരുകളും ഒഴിവാക്കേണ്ടി വന്നത്.


EMPURAAN


പൃഥ്വിരാജ്- മോഹൻലാൽ കൂട്ടുകെട്ടിലെത്തിയ 'ലൂസിഫർ' എന്ന ഹിറ്റ്‌ സിനിമയുടെ രണ്ടാം ഭാഗമായിരുന്ന 'എമ്പുരാനി'ൽ തുടക്കത്തിലെ 1.30 മിനിറ്റുകളോളം നീണ്ടുനിൽക്കുന്ന രംഗങ്ങൾ ഒഴിവാക്കാൻ ബോർഡ്‌ നിർദേശിച്ചു. വില്ലൻ കഥാപാത്രത്തിന്റെ ബാബ ബജ്രംഗി എന്ന മാറ്റാൻ നിർദേശിച്ചതും വലിയ വിമർശനങ്ങൾ നേരിട്ടിരുന്നു. ഗുജറാത്ത് കലാപത്തിന്റെ ചില രംഗങ്ങൾ ഉൾപ്പെടുത്തിയെന്ന പേരിൽ വലിയ നിയമ പോരാട്ടത്തിനൊടുവിലാണ് ചിത്രം പുറത്തിറങ്ങിയത്. എമ്പുരാന്റെ പുതിയ പതിപ്പ് തിയേറ്ററുകളിലെത്തിയത് 24 മാറ്റങ്ങളോടെയായിരുന്നു.


തുടർന്ന് സുരേഷ് ഗോപി നായകനായ 'ജെ എസ്‌ കെ' എന്ന ചിത്രത്തിലും സമാനമായ വെട്ടി തിരുത്തലുകൾ നിർദേശിച്ചു. സിനിമയുടെ പേരിലായിരുന്നു ഇത്തവണ പ്രശ്നം. സിനിമയുടെ ടൈറ്റിലും നായിക കഥാപാത്രത്തിന്റെ പേരുമായ ജാനകി ഹിന്ദു ദേവതയുടെ പേരാണെന്നും മാറ്റണമെന്നുമായിരുന്നു ആവശ്യം. പിന്നീട് സിനിമ പുറത്തിറങ്ങാതായതോടെ സമ്മർദത്തിലായ അണിയറ പ്രവർത്തകർ പേരിനൊപ്പം വി എന്ന ഇനിഷ്യൽ കൂടി ഉൾപ്പെടുത്താൻ നിർബന്ധിതരായി.


PRIVATE MOVIE


കഴിഞ്ഞ ദിവസം തിയറ്ററുകളിലെത്തിയ ഇന്ദ്രൻസ് ചിത്രം 'പ്രൈവറ്റും' പുറത്തിറങ്ങിയത് ഇത്തരത്തിൽ വെട്ടി തിരുത്തിയായിരുന്നു. ഹിന്ദി പറയുന്നവർ, രാമരാജ്യം, ബീഹാർ, പൗരത്വ ബില്ല് എന്നീ പ്രയോഗങ്ങൾ ഉൾപ്പെടെ 9 ഇടങ്ങളിൽ സിനിമയിൽ മാറ്റം വരുത്തേണ്ടിവന്നു. ഷെയിൻ നിഗം നായകനായ 'ഹാൽ' എന്ന ചിത്രവും ഇതേ പ്രതിസന്ധി നേരിട്ടു. സിനിമയ്ക്ക് സർട്ടിഫിക്കറ്റ് അനുവദിക്കാഞ്ഞതോടെ ചിത്രം പുറത്തിറക്കാനാവാത്ത അവസ്ഥയിലാണ് അണിയറപ്രവർത്തകൾ.


പുരാണ കഥാപാത്രത്തിന്റെ പേര് ഉപയോഗിച്ചെന്നാരോപിച്ച് സെന്ന ഹെഗ്ഡെ സംവിധാനം ചെയ്ത 'അവിഹിതം' എന്ന സിനിമയിലും സെൻസർ ബോർഡ് കത്രികവച്ചു. ചിത്രത്തിൽ നായികയെ സീത എന്ന് വിളിക്കുന്ന ഭാഗം സെൻസർ ബോർഡ് ഇടപെട്ട് ഒഴിവാക്കി. സീത വിളി ഒഴിവാക്കി നായികയെ അവൾ എന്ന് വിശേഷിപ്പിച്ചാണ് സിനിമ പ്രദർശനം തുടരുന്നത്.


അനുയോജ്യമായ സർട്ടിഫിക്കറ്റുകൾ നൽകുന്നതിന് പകരം സിനിമ ഇന്ന് അന്യായമായി സെൻസറിങ് ചെയ്യപ്പെടുന്നു. ആവിഷ്കാര സ്വാതന്ത്ര്യം പ്രദാനം ചെയ്യുന്ന രാജ്യത്ത് ഭരണകൂട താൽപര്യങ്ങൾക്ക് വിരുദ്ധമെങ്കിൽ സിനിമ പുറത്തിറങ്ങരുതെന്ന സമീപനമാണ് ഇന്ന് പ്രകടമാകുന്നത്. സിനിമ മേഖലയിൽ ഇതിനെതിരെ ശക്തമായ പ്രതിഷേധം അലയടിക്കുന്നുണ്ട്. സെൻസർ നടപടിക്കെതിരെ പ്രൊഡ്യൂസേഴ്സ് അസോസിയേഷനും എതിർപ്പ് അറിയിച്ചിട്ടുണ്ട്.


HAAL


എല്ലാം ചിലരുടെ വ്യക്തി താൽപര്യം: ഹാൽ സിനിമയുടെ സംവിധായകൻ വീര


സെപ്തംബർ 6നാണ് തിരുവനന്തപുരത്തെ റീജിയണൽ ഓഫീസിൽ 'ഹാൽ' സിനിമയുടെ പ്രദര്‍ശന അനുമതിക്കായി അപേക്ഷ സമർപ്പിച്ചത്. പ്രിവ്യൂ നടത്തി ചെറിയ നിർദേശങ്ങളോടെ സെപ്തംബർ 9ന് സർട്ടിഫിക്കറ്റ് അനുവദിച്ചിട്ടുണ്ടെന്ന് അറിയിപ്പ് ലഭിച്ചു. നിർദേശങ്ങളനുസരിച്ച് മാറ്റം വരുത്തി സിനിമ വീണ്ടും സമർപ്പിക്കാനും പറഞ്ഞിരുന്നു. പിന്നീട് വിവരങ്ങളൊന്നും ലഭിച്ചില്ല. അന്വേഷിച്ചപ്പോഴാണ് ആരുടെയൊക്കെയോ ഇടപെടലുകൾ കാരണം സിനിമ മുംബൈയിൽ റിവൈസിങ് കമ്മിറ്റിക്ക് വിട്ടതായി മനസിലാക്കുന്നത്. പിന്നെ ആകെ തകിടം മറിഞ്ഞു. ബീഫ് ബിരിയാണി, രാഖി, പർദ്ദ, ​ഗണപതിവട്ടം, ധ്വജപ്രണാമം എന്നീ പരാമർശങ്ങളുള്ള ഭാഗങ്ങൾ ഒഴിവാക്കൻ റിവൈസിങ് കമ്മിറ്റി നിർദേശിച്ചു.


മലയാള സിനിമകൾ മാത്രമല്ല ഇത്തരം പ്രതിസന്ധി നേരിടുന്നത്. മറ്റ് ഭാഷകളിലെല്ലാം ഇതേ പ്രതിസന്ധിയുണ്ട്. ബോളിവുഡ് ഏകദേശം മുഴുവനായും സംഘപരിവാർ കൈയടക്കി കഴിഞ്ഞിരിക്കുന്നു. അവിടെ കൂടുതൽ ഇറങ്ങുന്നത് പ്രൊപ്പ​ഗാണ്ട സിനിമകളാണ്. മാസ് മസാല സിനിമകളില്ലാതെ ശക്തമായ രാഷ്ട്രീയം സംസാരിക്കുന്ന ഒരു സിനിമ എടുക്കാൻ ബോളിവുഡിൽ ഇന്ന് കഴിയില്ല. അതുകൊണ്ടാണ് അത്തരം ചിത്രങ്ങൾ ഉയർന്ന് വരാത്തതും.


VEERA HAAL DIRECTORഹാൽ സിനിമയുടെ സംവിധായകൻ വീര


ഇക്കാരണത്താൽ തമിഴ്നാട്ടിൽ വെട്രിമാരൻ പ്രൊഡക്ഷൻ ഹൗസ് തന്നെ പൂട്ടി. ഒരാളെ വിമർശിക്കാൻ നമുക്ക് ഇന്ന് അനുമതിയില്ല. ഭരണ പക്ഷത്തിനോ ആ പാർടിക്കോ എതിരായി ഒന്നും പറയാൻ പാടില്ല എന്ന നിലപാടാണുള്ളത്. സിബിഎഫ്സി ജൂറി പാനലിൽ ഇപ്പോൾ സിനിമയുടെ സംവിധായകരോ, മറ്റ് ടെക്നീഷ്യന്മാരോ ഇല്ല. ജൂറി പാനലിൽ ഇരിക്കുന്നവരുടെ രാഷ്ട്രീയം എന്തുമായിക്കൊള്ളട്ടെ, അത് സിനിമ അറിയുന്ന ഒരാളാണെങ്കിൽ അന്യായമായി ഇത്തരം വെട്ടുകൾ നിർദേശിക്കാനാകില്ല.


ഒരു രം​ഗം ഒഴിവാക്കിയാൽ സിനിമയുടെ ആത്മാവ് തന്നെ ചിലപ്പോൾ നഷ്ടപ്പെടുമെന്ന് അവർക്ക് അറിയില്ല. സിനിമ ഒരു ചീട്ടുകൊട്ടാരം പോലെയാണ്. ഒന്നെടുത്തുകളാഞ്ഞാൽ തകർന്നു വീണേക്കാം. ജൂറിയിലുള്ളവരുടെ വ്യക്തി താത്പര്യങ്ങളാണ് പലപ്പോഴും സിനിമയുടെ സർട്ടിഫിക്കേഷനിൽ നടക്കുന്നത്. മൂന്നരക്കോടിയോ അതിലും അപ്പുറമോ ഉള്ള പ്രേഷകരുടെ ആസ്വാദന രീതിയെ അഞ്ച് പേരാണ് ഇപ്പോൾ നിയന്ത്രിക്കുന്നത്.


ചൊവ്വാഴ്ചയാണ് ഹാൽ എന്ന സിനിമയുടെ സർട്ടിഫിക്കേഷനുമായി സംബന്ധിച്ച കേസ് പരി​ഗണിക്കുന്നത്. സർട്ടിഫിക്കേഷൻ പ്രക്രിയയിൽ മാറ്റം വരുത്തണമെന്ന ഒരു നിർദേശവും കോടതിയിൽ സമർപ്പിച്ചതായി സിനിമയുടെ സംവിധായകൻ വീര പറഞ്ഞു. ഇപ്പോൾ സിനിമയുടെ പ്രക്രിയകൾ പൂർണമായതിന് ശേഷമാണ് സർട്ടിഫിക്കേഷന് വേണ്ടി സമർപ്പിക്കുന്നത്. സിനിമയുടെ തിരക്കഥ പൂർത്തിയാകുന്ന ഘട്ടത്തിൽ തന്നെ സർട്ടിഫിക്കേഷനുള്ള ആദ്യ ഘട്ട പരിശോധന നടത്തട്ടെ എന്നാണ് വീര സമർപ്പിച്ച റിട്ട് പെറ്റീഷനിലുള്ളത്.


സെൻസര്‍ ആക്രമണങ്ങൾ ഒറ്റപ്പെട്ടതല്ല


എമ്പുരാൻ, ജെഎസ്കെ, പ്രൈവറ്റ്, ഹാൽ, അവിഹിതം തുടങ്ങിയ മലയാള സിനിമകൾക്കാണ് അടുത്തിടെ ഇത്തരത്തിൽ പ്രതിസന്ധി നേരിട്ടത്. പ്രാദേശികമായ ആക്രമണമല്ല നടക്കുന്നതെന്ന് ഇന്ത്യയിലെ മൊത്തം സാഹചര്യം പരിശോധിച്ചാൽ മനസിലാകും. യുകെയുടെ ഔദ്യോ​ഗിക ഓസ്കർ എൻട്രി ആയിരുന്ന ഹിന്ദി ചിത്രം 'സന്തോഷി'ന് ഇന്ത്യയിൽ പ്രദർശനാനുമതി നിഷേധിച്ചു. സന്ധ്യ സൂരി ഒരുക്കിയ ചിത്രത്തിൽ ദളിത് പെൺകുട്ടിയുടെ മരണവും അതിന്റെ അന്വേഷണവുമാണ് ചിത്രീകരിച്ചിരുന്നത്. 'പഞ്ചാബ് 95', 'ഹോംബൗണ്ട്', 'ഫൂലെ' തുടങ്ങിയ ചിത്രങ്ങളും സമാന രീതിയിൽ പ്രദർശനം നടത്താൻ വലിയ കടമ്പകൾ കടക്കേണ്ടി വന്നു.


SANTHOSH


ജാതി രാഷ്ട്രീയം ചർച്ച ചെയ്ത 'ദഡക് 2' എന്ന ചിത്രം 16 വെട്ടുകളോടെയാണ് തിയറ്ററുകളിലെത്തിയത്. ജാതി പരാമർശങ്ങൾ ഒഴിവാക്കേണ്ടിയും വന്നു. 2018ൽ തമിഴിൽ പുറത്തിറങ്ങിയ മാരി സെൽവരാജ് ചിത്രം 'പരിയേറും പെരുമാളി'ന്റെ ഹിന്ദി റീമേക്കായിരുന്നു ദഡക് 2. പരിയേറും പെരുമാളിൽ നാലിടങ്ങളിൽ വെട്ട് വീണിരുന്നു.


അതേസമയം കേരള വിരുദ്ധ പരാമർശങ്ങളും വ്യാജ സന്ദേശങ്ങളും നൽകി ചിത്രീകരിച്ച കേരള സ്റ്റോറിക്ക് അനായാസം പ്രദർശനാനുമതി നൽകിയതും ഇതേ സെൻസർ ബോർഡാണ്. കൂടാതെ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ നൽകി ചിത്രത്തിന്റെ അണിയറ പ്രവർത്തകരെ കേന്ദ്ര സർക്കാർ 'ആദരിക്കുകയും' ചെയ്തു.


സിനിമയിൽ മതപരമായ രംഗങ്ങൾ ഉൾപ്പെടുത്തുമ്പോൾ മതമേധാവികളുടെ അനുമതി തേടേണ്ട അവസ്ഥയുമുണ്ട്. ഇത്തരത്തിൽ നടപടികൾ മുന്നോട്ട് പോകുമ്പോൾ സ്വതന്ത്ര ചലച്ചിത്ര പ്രവര്‍ത്തനം അനിശ്ചിതത്തിലാകുന്നു. ചില അജണ്ടകളും പ്രൊപ്പ​ഗാണ്ടകളുമാണ് ഇപ്പോൾ സിനിമ പുറത്തിറങ്ങണോ എന്ന് തീരുമാനിക്കുന്നതെന്ന് ചലച്ചിത്ര പ്രവർത്തകർ പറയുന്നു.


കലാമൂല്യമുള്ള ചിത്രങ്ങളെ വെട്ടി നിരത്തി വികൃതമാക്കാനും വിമർശനങ്ങളെ കുഴിച്ചുമൂടാനും അധികാര പദവികൾ ഉപയോ​ഗിക്കുന്നു. സിനിമയെ സിനിമയായി കാണാനും വിമർശനങ്ങളെ വിലയിരുത്താനും ഭയപ്പെടുന്ന കേന്ദ്ര സമീപനം അപകടകരമാണ്. കേരളത്തിൽ സിനിമ മേഖലയിലാകെ ഈ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഭയപ്പെടാതെ നിലപാടുകൾ പറയാൻ സിനിമകൾക്ക് കഴിയുന്ന സാഹചര്യമുണ്ടാകണം. നല്ല സിനിമകൾ ഇനിയുമുണ്ടാകട്ടെ.


എന്താണ് സിബിഎഫ്സി?











deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home