ad
Deshabhimani

ആദ്യ ദിനത്തേക്കാൾ കളക്ഷനിൽ വൻ വർധന; ‘ആശ’യ്ക്ക് മികച്ച പ്രതികരണം, ഉർവശിയുടെ പ്രകടനത്തിന് കൈയടി

asha

ആശ സിനിമയുടെ പോസ്റ്ററുകൾ| Photo: Social Media

വെബ് ഡെസ്ക്

Published on Sep 13, 2026, 08:31 PM | 1 min read

കൊച്ചി : തീയറ്ററുകളിൽ മികച്ച പ്രതികരണം നേടി ഉർവശിയെ പ്രധാന കഥാപാത്രമാക്കി സഫർ സനൽ സംവിധാനം ചെയ്ത ‘ആശ’. ആദ്യ ദിനത്തേക്കാൾ രണ്ടാം ദിനത്തിൽ കുടുംബപ്രേക്ഷകരുടെ പിന്തുണ വർധിച്ചതോടെ ചിത്രത്തിന്റെ കളക്ഷനിലും വലിയ മുന്നേറ്റമുണ്ടായതായാണ് റിപ്പോർട്ടുകൾ. ഉർവശിയുടെ പ്രകടനത്തിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.


‘സ്ഫടികം 4കെ’യുടെ ഫസ്റ്റ് ഷോ കഴിഞ്ഞ് മകളെയും കൂട്ടി ഉർവശിയുടെ ആശ സ്റ്റൈലിൽ കാറോടിച്ച് പോകുന്ന രംഗം ചിത്രത്തിലുണ്ട്. ഈ രംഗം ഉൾപ്പെടെ ഉർവശിയുടെ പ്രകടനത്തെ പ്രശംസിച്ചുള്ള പ്രതികരണങ്ങൾ സമൂഹമാധ്യമങ്ങളിലും ശ്രദ്ധ നേടുന്നുണ്ട്. ചിത്രത്തിലെ കഥാപാത്രത്തെ അനായാസമായി അവതരിപ്പിച്ച ഉർവശിയുടെ അഭിനയ മികവിന് പ്രേക്ഷകരിൽനിന്നും നിരൂപകരിൽനിന്നും കൈയടിയാണ് ലഭിക്കുന്നത്.


ഉർവശിയുടെ അഭിനയജീവിതത്തിലെ തന്നെ ഏറെ സങ്കീർണവും പല തലങ്ങളുള്ളതുമായ കഥാപാത്രമാണ് ആശ. ലോക സിനിമയ്ക്ക് മുന്നിൽ മലയാളത്തിന് അഭിമാനത്തോടെ അവതരിപ്പിക്കാവുന്ന ചിത്രമെന്നാണ് നിരൂപകരടക്കം ‘ആശ’യെ വിലയിരുത്തുന്നത്.


ഭർത്താവിന്റെ മരണത്തോടെ ഒറ്റയ്ക്കായ ആശ രണ്ട് പെൺമക്കളെ വളർത്തി വലുതാക്കുകയാണ്. ഭർത്താവിൽനിന്ന് നേരിട്ട ദുരനുഭവങ്ങളും പീഡനങ്ങളും അവർക്ക് മാനസിക ആഘാതമുണ്ടാക്കിയിരുന്നെങ്കിലും അതെല്ലാം ഉള്ളിലൊതുക്കി അതിജീവിച്ചാണ് ആശ മുന്നോട്ടുപോകുന്നത്. പ്രതിസന്ധികളെ നേരിടാനുള്ള മനക്കരുത്തും അവർ നേടിയെടുക്കുന്നു. എന്നാൽ ഒരു രാത്രിയിൽ അപ്രതീക്ഷിതമായി സംഭവിക്കുന്ന ഒരു സംഭവം ആശയുടെ ജീവിതത്തെ തന്നെ കീഴ്മേൽ മറിക്കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.


വ്യത്യസ്ത മാനസികാവസ്ഥകളിലൂടെ കടന്നുപോകുന്ന കഥാപാത്രമായാണ് ഉർവശി ചിത്രത്തിൽ എത്തുന്നത്. ചില സന്ദർഭങ്ങളിൽ മാനസികനില തെറ്റിയതുപോലെ തോന്നിക്കുന്ന ആശയെ കാണാം. മറ്റുചിലപ്പോൾ മക്കളെ ചേർത്തുപിടിക്കുന്ന അമ്മയായും പിന്നീട് പൊലീസിനോടും നിയമവ്യവസ്ഥയോടും ചങ്കൂറ്റത്തോടെ നിൽക്കുന്ന സ്ത്രീയായും കഥാപാത്രം മാറുന്നു.


ഡാർക്ക് സസ്പെൻസ് ത്രില്ലർ വിഭാഗത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ ഉർവശിക്കൊപ്പം ജോജു ജോർജ്ജ്, ഐശ്വര്യ ലക്ഷ്മി, വിജയരാഘവൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഇവരുടെ പ്രകടനവും ചിത്രത്തിന് മുതൽക്കൂട്ടാണ്. നിർമാണം വിനായക അജിത്,


മധു നീലകണ്ഠനാണ് ഛായാഗ്രഹണം. ഷാൻ മുഹമ്മദ് എഡിറ്റിംഗും ഗോവിന്ദ് വസന്ത പശ്ചാത്തല സംഗീതവും ഗാനങ്ങളും ഒരുക്കിയിരിക്കുന്നു. സാങ്കേതിക മികവും ചിത്രത്തിന്റെ ത്രില്ലർ സ്വഭാവത്തിന് കൂടുതൽ കരുത്തേകുന്നുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home