ബോക്സ് ഓഫീസ് കത്തിച്ച് അർജുൻ സർജയുടെ 'ബ്ലാസ്റ്റ്'; 18 കോടി ബജറ്റിൽ നേടിയത് ഇരട്ടിയിലധികം കളക്ഷൻ!

കൊച്ചി: ആക്ഷൻ കിംഗ് അർജുൻ സർജയെ കേന്ദ്രകഥാപാത്രമാക്കി സുഭാഷ് കെ രാജ് സംവിധാനം ചെയ്ത 'ബ്ലാസ്റ്റ്' തെന്നിന്ത്യൻ തിയേറ്ററുകളിൽ വൻ തരംഗം സൃഷ്ടിക്കുന്നു. അർജുനൊപ്പം പ്രീതി മുകുന്ദൻ, അഭിരാമി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഇവരുടെ മൂവരുടെയും ഉജ്ജ്വല പ്രകടനമാണ് ചിത്രത്തിന്റെ പ്രധാന ആകർഷണമെന്ന് പ്രേക്ഷകർ ഒന്നടങ്കം സാക്ഷ്യപ്പെടുത്തുന്നു.
'കെജിഎഫ്', 'സലാർ' എന്നീ തെന്നിന്ത്യൻ വമ്പൻ ചിത്രങ്ങൾക്ക് സംഗീതം നൽകിയ രവി ബസ്‌റൂർ ആണ് ഈ ചിത്രത്തിന്റെയും സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. പ്രമുഖ ബോക്സ് ഓഫീസ് ട്രാക്കർമാരായ സാക്നിൽക്കിന്റെ റിപ്പോർട്ടുകൾ പ്രകാരം, ചിത്രം ഇതിനോടകം തന്നെ ആഗോള ബോക്സ് ഓഫീസിൽ നിന്ന് 37 കോടി രൂപയോളം സ്വന്തമാക്കി.
ഇന്ത്യയിൽ നിന്ന് മാത്രം 30 കോടി രൂപ നേടിയ ചിത്രം വിദേശ വിപണികളിൽ നിന്ന് 7 കോടിയോളം രൂപയും വാരിക്കൂട്ടി. വെറും 18 കോടി രൂപയുടെ ചെറിയ ബജറ്റിൽ നിർമ്മിച്ച ഒരു ചിത്രം റിലീസ് ചെയ്ത് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ മുതൽമുടക്കിന്റെ ഇരട്ടിയിലധികം കളക്ഷൻ നേടി വൻ ലാഭത്തിലേക്ക് കുതിക്കുകയാണ്.
മെയ് 28ന് ആഗോളതലത്തിൽ റിലീസ് ചെയ്ത ചിത്രത്തിന് എല്ലാ കേന്ദ്രങ്ങളിൽ നിന്നും ആവേശകരമായ പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പ്രമുഖ ചലച്ചിത്ര നിർമ്മാണ കമ്പനിയായ എജിഎസ് എന്റർടൈൻമെന്റാണ് ഈ ചിത്രം തിയേറ്ററുകളിൽ എത്തിച്ചിരിക്കുന്നത്.
അർജുൻ ചിദംബരം, ദിലീപൻ, ബാല ഹസൻ, ജോൺ കോക്കൻ, രമേശ് നാരായണൻ, പവൻ, വിവേക് പ്രസന്ന, വിനോദ് സാഗർ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. അരുൺ രാധാകൃഷ്ണൻ ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിങ് പ്രദീപ് രാഘവാണ് കൈകാര്യം ചെയ്തിരിക്കുന്നത്.










0 comments