ad
Deshabhimani

പ്രായമൊക്കെ വെറും നമ്പറല്ലേ! 91ലും വെള്ളിത്തിരയിൽ തിളങ്ങി നിലമ്പൂർ ആയിഷ

nilambur ayisha movie scene

ഉയിർ എന്ന സിനിമയിൽ നിലമ്പൂർ ആയിഷ അഭിനയിച്ച രംഗം

avatar
എം സനോജ്

Published on Aug 05, 2026, 09:38 PM | 2 min read

നിലമ്പൂർ: ഇരുട്ടിൽ സ്വയം തെളിഞ്ഞതായിരുന്നു ഓരോ യാത്രയും. ചോദ്യമുനകൾക്കെല്ലാം ഒറ്റ ഉത്തരം – "ജസ്റ്റ് നല്ല മനസ്നാകാന്‍ നോക്ക്." കാലത്തിന്റെ കാലുഷ്യങ്ങളെ ആത്മധൈര്യത്തോടെ അതിജീവിച്ച നടി നിലമ്പൂർ ആയിഷ വാർധക്യത്തിലും അഭിനയകലയിൽ സജീവമാണ്. പതിനഞ്ചാം വയസ്സിൽ ആരംഭിച്ച കലാപ്രയാണം 91-ാം വയസ്സിലും തുടരുകയാണ്.


സംവിധായകൻ എം പത്മകുമാറിന്റെ ഏറ്റവും പുതിയ ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രമായ 'ഉയിർ'ൽ ഗസ്റ്റ് റോളിൽ നിലമ്പൂർ ആയിഷയും അഭിനയിച്ചിട്ടുണ്ട്. പൊലീസ് സ്റ്റേഷനിൽ പരാതിയുമായി എത്തുന്ന വയോധികയുടെ വേഷമാണ് അവതരിപ്പിക്കുന്നത്. കുറച്ചുനേരത്തെ അഭിനയമാണെങ്കിലും അഭിനയപാടവം ഒട്ടും കൈവിടാതെ തന്റെ പ്രതിഭയുടെ കാലവൈഭവം വീണ്ടും തെളിയിക്കുകയാണ് അവർ.


nilambur aysha


"മരിക്കുന്നതുവരെ അഭിനയിക്കണം" എന്നതാണ് പ്രായത്തിന്റെ അവശതകളിലും ഊർജം ചോരാത്ത അവരുടെ വാക്കുകൾ. പലരും ഈ പ്രായത്തിൽ അഭിനയിക്കാൻ മടിക്കുകയോ ആരോഗ്യപരമായ പരിമിതികൾ കാരണം അഭിനയരംഗത്ത് നിന്ന് മാറിനിൽക്കുകയോ ചെയ്യുമ്പോഴും, 91-ാം വയസ്സിലും അതേ ആത്മാർഥതയോടെയും അഭിനയത്തോടുള്ള അടങ്ങാത്ത അഭിനിവേശത്തോടെയും ക്യാമറയ്ക്ക് മുന്നിലെത്തുകയാണ് നിലമ്പൂർ ആയിഷ. പ്രായം വെറും സംഖ്യ മാത്രമാണെന്ന് സ്വന്തം ജീവിതത്തിലൂടെ തെളിയിക്കുന്ന കലാകാരിയാണ് അവർ.


ഇ കെ അയമുവിന്റെ 'ജസ്റ്റ് നല്ല മനസ്നാകാന്‍ നോക്ക്' എന്ന നാടകത്തിലൂടെയാണ് നിലമ്പൂർ ആയിഷയുടെ അരങ്ങേറ്റം. 1961-ൽ പുറത്തിറങ്ങിയ 'കണ്ടംബെച്ച കോട്ട്'എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെ ആദ്യ മുസ്ലിം നടിയായി. 1935 സെപ്റ്റംബർ 18-ന് നിലമ്പൂർ മുക്കട്ടയിൽ മൂത്തേടത്ത് അഹമ്മദ്കുട്ടിയുടെയും എരഞ്ഞിക്കൽ കുഞ്ഞാച്ചുമ്മയുടെയും മൂന്നാമത്തെ മകളായാണ് ജനനം.


വിവാഹശേഷം കുഞ്ഞിന് ഒന്നര വയസ്സുള്ളപ്പോഴാണ് നാടകവേദിയിലെത്തിയത്. ബാപ്പയുടെ അലക്കുകാരനായിരുന്ന വീരമുത്തു എന്ന തമിഴനിൽ നിന്നാണ് രാജാപാർട്ട് നാടകങ്ങൾ സ്വായത്തമാക്കിയത്. ഏറനാട്ടിൽ നാടകപ്രസ്ഥാനം വേരുറപ്പിക്കുന്ന കാലത്ത് ഇ കെ അയമു, നിലമ്പൂർ ബാലൻ, കെ ടി മുഹമ്മദ്, ഡോ. ഉസ്മാൻ, കെ ജി ഉണ്ണീൻ, കുഞ്ഞിക്കുട്ടൻ തമ്പുരാൻ എന്നിവർക്കൊപ്പം നിലമ്പൂർ യുവജന കലാസമിതിയിലൂടെ നാടകരംഗത്തെത്തി.

nilambur ayisha

ആദ്യ നാടകമായ 'ജസ്റ്റ് നല്ല മനസ്നാകാന്‍ നോക്ക്' വേദികൾ കീഴടക്കി. ആളുകൾ അറിയാതിരിക്കാൻ രാത്രികളിലായിരുന്നു റിഹേഴ്സൽ. തിരിച്ചെത്തിയത് പുലർച്ചെയായിരുന്നു. കോഴിക്കോട് ഫറോക്ക് ലക്ഷ്മി കൊട്ടകയിലായിരുന്നു ആദ്യ അവതരണം. കമ്മ്യൂണിസ്റ്റ് പാർടിയുടെ വളണ്ടിയർമാരുടെ കാവലിലായിരുന്നു നാടകം അരങ്ങേറിയത്. അന്ന് ജനസമുദ്രം ഒഴുകിയെത്തി ആയിഷയെ അഭിനന്ദിച്ചു.


എന്നാൽ പിന്നീട് കല്ലേറിന്റെയും വെടിവെപ്പിന്റെയും ആക്രമണങ്ങളുടെയും നടുവിലായിരുന്നു കലാജീവിതം. മണ്ണാർക്കാട്ട് മതമൗലികവാദികളുടെ മർദനമേറ്റു. കോഴിക്കോട് ഫറോക്കിൽ അഭിനയത്തിനിടെ കല്ലേറിൽ പരിക്കേറ്റു. മുട്ടത്തും നാദാപുരത്തും കല്ലേറുകൾ തുടർന്നു. മഞ്ചേരി മേലാക്കത്ത് വേദിയിലേക്ക് എയർഗൺ ഉപയോഗിച്ച് വെടിയുതിർന്നു. യാഥാസ്ഥിതികരുടെ കുപ്രചാരണങ്ങളും ഭീഷണികളും തുടർന്നപ്പോഴാണ് മലയാളക്കര 'കേരള നൂർജഹാൻ'എന്ന വിശേഷണം നൽകിയത്.


1983-ൽ എല്ലാം ഉപേക്ഷിച്ച് സൗദിയിലേക്ക് പോയി. അറബി വീടുകളിൽ ഗദ്ദാമയായി 18 വർഷം ജോലി ചെയ്തു. 2001-ൽ ഇബ്രാഹിം വേങ്ങരയുടെ 'ഉള്ളത് പറഞ്ഞാൽ' എന്ന നാടകത്തിലൂടെ വീണ്ടും അഭിനയരംഗത്തേക്ക് തിരിച്ചെത്തി. സത്യൻ, പ്രേം നസീർ, മധു, അടൂർ ഭാസി, മമ്മൂട്ടി, മോഹൻലാൽ തുടങ്ങി മലയാള സിനിമയിലെ പ്രമുഖർക്കൊപ്പം അഭിനയിച്ചു. തൊണ്ണൂറോളം സിനിമകളിൽ വേഷമിട്ടു.


മികച്ച നടിക്കുള്ള കേരള സംഗീത നാടക അക്കാദമി പുരസ്കാരം രണ്ടുതവണ നേടി. 2011-ൽ മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന സർക്കാർ പുരസ്കാരവും ലഭിച്ചു. സാമൂഹ്യനീതി വകുപ്പിന്റെ പ്രഥമ വയോജനക്ഷേമ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡും കരസ്ഥമാക്കി. കേരള സംഗീത നാടക അക്കാദമിയുടെ ഉപാധ്യക്ഷയായും പ്രവർത്തിച്ചു. നിലമ്പൂർ വല്ലപ്പുഴയിൽ മകളുടെ മകൻ സുനിൽ ബാബുവിനും കുടുംബത്തിനുമൊപ്പമാണ് ഇപ്പോൾ താമസം.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home