ഹോക്കി ടീമിന്റെ ജേഴ്‌സിക്ക് കാവിനിറം; പ്രതിഷേധം ശക്തം

ന്യൂഡൽഹി: ഇന്ത്യൻ ഹോക്കി ടീമിന്റെ പരമ്പരാഗത നീല ജേഴ്‌സി കാവി നിറമാക്കിയതിൽ പ്രതിഷേധം ശക്തം. സാമൂഹിക മാധ്യമങ്ങളിലടക്കം വിവാദം കത്തിപ്പടരുകയാണ്. തന്നെ അറിയിക്കാതെയാണ് ജേഴ്സിയുടെ നിറം മാറ്റിയതെന്ന് ഹോക്കി ഇന്ത്യ പ്രസിഡന്റ് ദിലീപ് ടിർക്കെ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ആരാണ് ഇതിനൊക്കെ അനുമതി നൽകുന്നതെന്ന് ഫെഡറേഷന്റെ ഡയറക്ടർ ജനറൽ (ഡിജി) കമാന്റർ ആർ കെ ശ്രീവാസ്തവയ്ക്ക് എഴുതിയ കത്തിൽ ദിലീപ് ചോദിച്ചിരുന്നു.
ഫെഡറേഷന്റെ അറിവുപോലുമില്ലാതെ എടുത്ത തീരുമാനം വലിയ വിവാദങ്ങൾക്ക് വഴിവച്ചിരിക്കുകയാണ്. പുരുഷ-വനിതാ ദേശീയ ടീമുകളുടെ ജേഴ്‌സിയുടെ നിറം കാവിയാക്കിയത് താരങ്ങൾക്കിടയിലും അമർഷത്തിനിടയാക്കി. അടുത്ത മാസം നെതർലാൻഡ്‌സിലും ബെൽജിയത്തിലും നടക്കുന്ന എഫ്‌ഐഎച്ച് ലോകകപ്പിൽ ഇരു ടീമുകളും പുതിയ ജേഴ്സി ധരിക്കണമെന്നാണ് തീരുമാനം.
കാവി നിറം പൂശലിനെതിരെ വ്യാപകമായ പ്രതിഷേധങ്ങളാണ് ഉയരുന്നത്. ഹോക്കി മുൻ പുരുഷ ടീം ക്യാപ്റ്റൻ വീരൻ റാസ്ക്വിന ഈ തീരുമാനത്തെ ചോദ്യം ചെയ്തിരുന്നു. ഹോക്കി മത്സരം നടക്കുന്ന നീല സിന്തറ്റിക് പ്രതലവുമായി ലയിച്ചുപോകുന്നതിനാലാണ് ജേഴ്സിയുടെ നിറം മാറ്റിയതെന്നാണ് ഹോക്കി ഫെഡറേഷൻ നൽകുന്ന വിശദീകരണം.
ഭൂരിഭാഗം കായിക സംഘടനകളും ഭരണകക്ഷിയുമായി ബന്ധമുള്ളവരും രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് വഴങ്ങിയുമാണ് പ്രവര്‍ത്തിക്കുന്നതെന്നും ഈ നീക്കത്തിന് പിന്നാലെ വ്യക്തമായെന്ന വിമര്‍ശനവും ഉയരുന്നു. മുമ്പ് അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇന്ത്യയുടെ ജേഴ്സി നിറം കാവിയാക്കാൻ നീക്കം നടന്നിരുന്നു. നിലവിലെ ഐസിസി ചെയർമാനും ആഭ്യന്തര മന്ത്രി അമിത്ഷായുടെ മകനുമായ ജയ് ഷായായിരുന്നു നീക്കങ്ങൾക്ക് തുടക്കമിട്ടത്. എന്നാൽ ശക്തമായ എതിർപ്പുകൾക്ക് പിന്നാലെ തീരുമാനം ഒഴിവാക്കുകയായിരുന്നു.
2014ൽ ബിജെപി അധികാരത്തിലെത്തിയതു മുതൽ ഇന്ത്യയിലെ വിവിധയിടങ്ങളിലായി കാവിവൽക്കരണം നടപ്പിലാക്കുകയാണ് കേന്ദ്ര സർക്കാർ. സമീപകാലത്തായി ഇത് കായിക മേഖലയിലേക്കും കൈകടത്തുകയാണ്. ഇന്ത്യന്‍ ഹോക്കി പ്രസിഡന്റ് പോലുമറിയാതെയുള്ള ജേഴ്സിയുടെ നിറംമാറ്റം ഇതേ ദിശയിലേക്കാണ് വിരൽചൂണ്ടുന്നത്. ദേശീയ ചിഹ്നങ്ങളും നിറങ്ങളും ഉപയോഗിച്ച് ഹിന്ദുത്വ ലോകവീക്ഷണവും സാംസ്കാരിക ദേശീയതയും നടപ്പിലാക്കാനുള്ള ആർഎസ്എസ് - ബിജെപി തന്ത്രമായാണ് ഈ മാറ്റത്തെ വിലയിരുത്തുന്നത്. ഇത് ഇന്ത്യയുടെ വൈവിധ്യങ്ങളെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്ന വിമർശനവും ശക്തമാണ്.









0 comments