തിരിച്ചടികളിൽ ‘ജനനായകൻ’; ദൃശ്യങ്ങൾ ചോർന്നതിൽ ആശങ്ക, പ്രതികരണവുമായി ശിവകാർത്തികേയൻ

ചെന്നൈ : വിജയ്‌യുടെ അവസാന ചിത്രമെന്ന നിലയിൽ ആഗോളതലത്തിൽ വലിയ കാത്തിരിപ്പിലായിരുന്ന ‘ജനനായകൻ’ അപ്രതീക്ഷിത തിരിച്ചടികൾ നേരിടുന്നു. മൂന്ന് മണിക്കൂർ ദൈർഘ്യമുള്ള സിനിമയുടെ പ്രിന്റ് കഴിഞ്ഞ ദിവസം ഓൺലൈനിൽ പ്രചരിച്ചത് അണിയറപ്രവർത്തകരെയും ആരാധകരെയും ഒരുപോലെ ആശങ്കയിലാഴ്ത്തി. സംഭവത്തിൽ പ്രതികരണവുമായി നടൻ ശിവകാർത്തികേയൻ രംഗത്തെത്തി.
ഓരോ സിനിമയും നൂറുകണക്കിന് ആളുകളുടെ അഭിനിവേശം, രക്തം, വിയർപ്പ് എന്നിവ ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നതെന്നും അതിനാൽ പൈറസി ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രേക്ഷകർ തിയേറ്റർ റിലീസിനായി കാത്തിരിക്കണമെന്നും പൈറസിക്ക് പിന്നിൽ പ്രവർത്തിക്കുന്നവർ കർശന നടപടി നേരിടേണ്ടിവരുമെന്നും ശിവകാർത്തികേയൻ ഓർമ്മിപ്പിച്ചു. പ്രതിഭകളെയും കഠിനാധ്വാനത്തെയും വ്യവസായത്തെയും ബഹുമാനിക്കണമെന്നും കൂട്ടിച്ചേർത്തു.
വിജയ്‌യുടെ രാഷ്ട്രീയ പ്രവേശത്തിന് മുന്നോടിയായുള്ള അവസാന ചിത്രം കൂടിയാണ് എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ജനനായകൻ. തെലുങ്കിൽ ബാലയ്യ നായകനായ ഭഗവന്ത് കേസരി എന്ന ചിത്രത്തിന്റെ റീമേക്കാണ് ഇതെന്ന് റിപ്പോർട്ടുകളുണ്ട്. ബോബി ഡിയോൾ, പൂജാ ഹെഡ്ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ ബൈജു തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.
കെവിഎൻ പ്രൊഡക്ഷന്റെ ബാനറിൽ വെങ്കട്ട് നാരായണ നിർമിക്കുന്ന ചിത്രത്തിന് ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ കെയുമാണ് സഹനിർമാണം. ജനുവരി 9ന് പൊങ്കൽ റിലീസായി എത്തുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും സെൻസർ ബോർഡുമായുള്ള തർക്കങ്ങൾ റിലീസ് അനിശ്ചിതത്വത്തിലാക്കി. സിനിമയ്ക്ക് യുഎ സർട്ടിഫിക്കറ്റ് നൽകണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് മദ്രാസ് ഹൈക്കോടതി റദ്ദാക്കിയതും തിരിച്ചടിയായി. ഇതേത്തുടർന്നുണ്ടായ കാലതാമസം കാരണം ആമസോൺ പ്രൈം ഒടിടി കരാറിൽ നിന്ന് പിന്മാറി. പുതിയ ഒടിടി കരാറിനായുള്ള ചർച്ചകൾ നിർമ്മാതാക്കൾ ആരംഭിച്ചിട്ടുണ്ട്.










0 comments