30 March Thursday

വോഡഫോൺ ഐഡിയ ഓഹരി വാങ്ങൽ: കേന്ദ്രത്തിന്റെ ഇരട്ടത്താപ്പ്‌

വെബ് ഡെസ്‌ക്‌Updated: Tuesday Jan 18, 2022രാജ്യത്തെ സംബന്ധിച്ച്‌ ടെലികോം മേഖല തന്ത്രപ്രധാനമാണ്. എന്നാൽ, സർക്കാർ നിയന്ത്രണത്തിലുള്ള ബിഎസ്എൻഎൽ, എംടിഎൻഎൽ എന്നിവ ആധുനികവൽക്കരിച്ച്‌  കാര്യക്ഷമമാക്കുന്നതിനുപകരം ആസ്‌തികൾ വിറ്റ്‌ സ്വകാര്യവൽക്കരിക്കുകയാണ്‌ മോദി സർക്കാർ. സ്‌പെക്ട്രം അനുവദിക്കുന്നതിലും മറ്റ്‌ അടിസ്ഥാനസൗകര്യ വികസനത്തിലും ബിഎസ്‌എൻഎല്ലിനെ പാടെ അവഗണിച്ചു. സ്വകാര്യകമ്പനികളെ പ്രീണിപ്പിക്കുന്ന നയമാണ്‌ ദേശീയ കമ്യൂണിക്കേഷൻ ശൃംഖലയായ ബിഎസ്എൻഎല്ലിനെ നഷ്ടത്തിലേക്ക്‌ തള്ളിവിട്ടത്‌. ബിഎസ്‌എൻഎല്ലിനെ സഹായിക്കുന്നതിനുപകരം വൻസാമ്പത്തിക ബാധ്യതയുള്ള സ്വകാര്യ കമ്പനികളുടെ ഓഹരി വാങ്ങുകയാണ്‌ കേന്ദ്രസർക്കാർ. 1.75 ലക്ഷം കോടി രൂപയുടെ ബാധ്യതയുള്ള വോഡഫോൺ ഐഡിയയുടെ (വിഐ) 35.8 ശതമാനം ഓഹരി വാങ്ങാനാണ്‌ ധാരണയായത്‌. ടെലികോം രക്ഷാപദ്ധതിപ്രകാരം എജിആർ–- സ്‌പെക്‌ട്രം ചാർജ്‌ കുടിശ്ശികയുടെ പലിശയായി നൽകേണ്ട തുകയാണ്‌ ഓഹരിയാക്കുന്നത്‌. ടാറ്റ ടെലി സർവീസസ്‌ നൽകേണ്ട കുടിശ്ശികയും ഓഹരിയാക്കുന്നു. 16,000 കോടി രൂപയുടെ ഓഹരികളാണ്‌ വോഡഫോൺ ഐഡിയ കൈമാറുക. 35.8 ശതമാനമാണിത്‌.  ഇതോടെ കമ്പനിയിലെ ഏറ്റവും വലിയ ഓഹരി ഉടമ സർക്കാരാകുമെങ്കിലും മാനേജ്‌മെന്റ്‌ തീരുമാനങ്ങളിലും നയരൂപീകരണത്തിലും  ഇടപെടില്ല.

പൊതുമേഖലാ സ്ഥാപനങ്ങളിലെ ഓഹരി വിറ്റഴിക്കുകയാണ്‌ സർക്കാരിന്റെ പ്രഖ്യാപിത നയം. ലാഭത്തിൽ പ്രവർത്തിക്കുന്നതും തന്ത്രപ്രാധാന്യവുമുള്ള ശാസ്‌ത്ര, പ്രതിരോധ, ധന സ്ഥാപനങ്ങളെല്ലാം വിൽപ്പനയ്‌ക്കുവച്ചിട്ടുണ്ട്‌.  പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കുമ്പോൾ വൻകിടകോർപറേറ്റുകളുടെ നഷ്ടത്തിലായ കമ്പനികളുടെ ഓഹരി വാങ്ങി ബാധ്യത ഏറ്റെടുക്കുന്നത്‌ മോദി സർക്കാരിന്റെ ഇരട്ടത്താപ്പാണ്‌ വ്യക്തമാക്കുന്നത്‌. തന്ത്രപരമായ മേഖല ഒഴികെയുള്ള എല്ലാ വാണിജ്യ പ്രവർത്തനത്തിൽനിന്നും  മാറിനിൽക്കുമെന്നും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്‌.  ബിഎസ്‌എൻഎല്ലിന്റെ പുനരുദ്ധാരണത്തിന്‌  60,000 കോടി രൂപ നീക്കിവയ്‌ക്കാൻ തീരുമാനിച്ചെങ്കിലും ഇതുവരെ ഒരു നടപടിയുമുണ്ടായില്ല. കെട്ടിടവും സ്ഥലവും ടവറുകളും വിൽക്കുകയാണ്‌ ഇപ്പോൾ. ബാധ്യതകൾ നിറവേറ്റുന്നതിനുപുറമെ, നിലവിലുള്ള 4ജി  നെറ്റ്‌വർക്കുകൾ ശക്തിപ്പെടുത്തുന്നതിനും  5ജി സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ള പുതിയ സേവനങ്ങൾ പുറത്തിറക്കുന്നതിനും സർക്കാർ ശ്രമിക്കുന്നില്ല. 4ജി റോൾഔട്ട് പ്ലാൻ നിർമിക്കാൻ  5000 കോടി രൂപയും  എജിആർ കുടിശ്ശിക ക്രമീകരിക്കാൻ  അധിക ധനസഹായവും ബിഎസ്‌എൻഎൽ ആവശ്യപ്പെട്ടിരുന്നു.  ഭാരത് ബ്രോഡ്‌ബാൻഡ് നെറ്റ്‌വർക്കിനെ (ബിബിഎൻഎൽ)  ബിഎസ്എൻഎല്ലിൽ ലയിപ്പിച്ച്‌ ആറ് ലക്ഷം ഗ്രാമത്തെ അതിവേഗ ഇന്റർനെറ്റുമായി ബന്ധിപ്പിക്കുന്നതിനുള്ള ഭാരത്‌നെറ്റ് പദ്ധതി അതിവേഗം നടപ്പാക്കാൻ ഇത് സഹായിക്കുമായിരുന്നു.  ഇതിനുപകരം മുകേഷ്‌ അംബാനിയുടെ റിലയൻസ്‌ ജിയോയെ രാജ്യത്തെ ഏക ഓപ്പറേറ്ററായി മാറ്റുകയാണ്‌ സർക്കാർ. വൈകി രംഗത്തെത്തിയ ഈ കമ്പനി  ഇന്ന്‌ ടെലികോം മേഖലയിൽ കുത്തകയാകുന്നത്‌ സർക്കാരിന്റെ  പ്രീണന നയംകൊണ്ടുമാത്രമാണ്‌.  

വോഡഫോൺ ഐഡിയ, ടാറ്റ ടെലി സർവീസ്‌ ഓഹരിവാങ്ങാനുള്ള സർക്കാർ തീരുമാനം തട്ടിപ്പാണ്‌.  സർക്കാർ ഓഹരി ഏറ്റെടുത്താലും വോഡഫോൺ ഐഡിയക്ക്‌ ഇനി വലിയ ആയുസ്സുണ്ടാകില്ലെന്നാണ്‌ വിലയിരുത്തൽ. ഓഹരി കേന്ദ്രം വാങ്ങിയതുകൊണ്ടുമാത്രം കടക്കെണിയിലായ  കമ്പനി രക്ഷപ്പെടില്ല. കേന്ദ്രത്തിന് ഓഹരി കൈമാറുന്നതിലൂടെ പലിശയിനത്തിലുള്ള  16,000 കോടി രൂപ ലാഭിക്കാമെന്നല്ലാതെ  മൊത്തത്തിലുള്ള കടബാധ്യത കുറയില്ല. പണമൊഴുക്ക് മെച്ചപ്പെടുത്താനും ഇത് കാരണമാകില്ല. കമ്പനിയുടെ നിലവിലുള്ള പ്രൊമോട്ടർമാർ പുതിയ ഓഹരി ഇറക്കാൻ  തയ്യാറാകുന്നില്ല. കുടിശ്ശിക ഉള്ളതിനാൽ ബാങ്കിൽനിന്ന്‌  കൂടുതൽ വായ്പയും ലഭിക്കില്ല. പ്രധാന ഓഹരി ഉടമയാകുന്നതോടെ കടബാധ്യതകൾ നിറവേറ്റാനുള്ള ഉത്തരവാദിത്വംകൂടി കേന്ദ്രസർക്കാരിനുമേൽ വന്നുവീഴും.  ഫലത്തിൽ ലഭിക്കാനുള്ള  തുക വാങ്ങുന്നതിനുപകരം ഓഹരി വാങ്ങി കമ്പനിയുടെ കടബാധ്യതകൂടി കേന്ദ്രം പങ്കിട്ടെടുക്കുകയാണ്‌. മൂന്ന് പതിറ്റാണ്ടിലെ വിപണി അനുകൂല, പരിഷ്‌കരണവാദ നയങ്ങൾ സൃഷ്ടിച്ച പ്രതിസന്ധിയിൽ ബുദ്ധിമുട്ടുന്ന നിരവധി കമ്പനികളുണ്ട്‌. ഇവയുടെ ബാധ്യതകൂടി ഏറ്റെടുക്കാൻ സർക്കാർ തയ്യാറാകുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top