ഗ്രേറ്റ് ഇന്ത്യൻ ഗേൾസ്

ഇന്ത്യൻ വനിതാ ക്രിക്കറ്റിൽ പുതിയ ചരിത്രംകുറിച്ചാണ് ഹർമൻപ്രീത് കൗറും സംഘവും നവി മുംബൈയിലെ ഡി വൈ പാട്ടീൽ സ്‌റ്റേഡിയത്തിൽ ഏകദിന ലോകകപ്പ് ഉയർത്തിയത്. വനിതാ ക്രിക്കറ്റിൽ ഇന്ത്യൻ ടീമിന്റെ ആദ്യ ലോകകിരീടം. ഫൈനലിൽ ശക്തരായ ദക്ഷിണാഫ്രിക്കയെ 52 റണ്ണിന് തോൽപ്പിച്ചായിരുന്നു നേട്ടം.
പുരുഷ ക്രിക്കറ്റിൽ ഇന്ത്യ നേട്ടങ്ങളുടെ കൊടുമുടി കയറുമ്പോൾ ഒന്നോ രണ്ടോ വ്യക്തിഗത പ്രകടനങ്ങളുടെ നിഴലിൽ മാത്രമായിരുന്നു വനിതാ ക്രിക്കറ്റ്. പടിപടിയായുള്ള ഉയർച്ചകൾക്കൊടുവിലാണ് ലോക കിരീടം. ഇൗ വിജയത്തിന്റെ അനുരണനങ്ങൾ വനിതാ ക്രിക്കറ്റിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കും.
ക്രിക്കറ്റ് ഇന്ത്യൻ ജനതയുടെ ഉത്സവമാണ്. 1983ൽ കപിൽദേവിന്റെ ‘ചെകുത്താൻമാർ’ വെസ്‌റ്റിൻഡീസിനെ തോൽപ്പിച്ച് ആദ്യമായി ലോക ജേതാക്കളായതാണ് പ്രധാന വഴിത്തിരിവ്. തുടർന്ന് ജയങ്ങൾക്കൊപ്പം സൂപ്പർ താരങ്ങളും പിറന്നു. കപിലും സുനിൽ ഗാവസ്‌കറും സച്ചിൻ ടെൻഡുൽക്കറും വിരാട് കോഹ്‌ലിയും തുടങ്ങി ശുഭ്‌മാൻ ഗിൽവരെ എത്തിനിൽക്കുകയാണ് ആ ശ്രേണി. ക്രിക്കറ്റിൽ അടിമുടി മാറ്റങ്ങൾ സംഭവിച്ചു. വിപണനം മുഖ്യമായി. കളിക്കാർ പരസ്യമുഖങ്ങളായി. പല രാജ്യങ്ങളിലെ കളിക്കാർ ഒന്നിച്ചുകൂടുന്ന ഐപിഎൽ ക്രിക്കറ്റ് പിറന്നു. ആ സമയത്തൊക്കെയും വനിതാ ക്രിക്കറ്റ് രംഗത്തുണ്ടായിരുന്നില്ല.
ഇന്ത്യയിൽ വൈകിയാണ് വനിതകളുടെ ക്രിക്കറ്റ് തുടങ്ങുന്നത്. 1973ലാണ് ഇന്ത്യൻ വനിതാ ക്രിക്കറ്റ് അസോസിയേഷൻ രൂപീകൃതമാകുന്നത്. 1976ൽ ആദ്യമായി ടെസ്‌റ്റ് കളിച്ചു. വെസ്‌റ്റിൻഡീസിനെതിരെയായിരുന്നു മത്സരം. 1978ൽ ആദ്യജയം. ശാന്ത രംഗസ്വാമി നയിച്ച ടീം വിൻഡീസിനെ തോൽപ്പിച്ചു. പിന്നാലെ വനിതാ ക്രിക്കറ്റ് അസോസിയേഷൻ രാജ്യാന്തര വനിതാ ക്രിക്കറ്റ് കൗൺസിലിന്റെ ഭാഗമായി മാറുകയായിരുന്നു. 2006 ൽ ഇന്ത്യൻ വനിതാ ക്രിക്കറ്റ് അസോസിയേഷൻ ബിസിസിഐയിൽ ലയിച്ചതോടെയാണ് ഇന്നത്തെ രൂപത്തിലേക്ക് വനിതാ ടീം മാറുന്നത്.
1990 കളിൽ ടീമിനെ സ്‌പോൺസർ ചെയ്യാൻ വൻകിട കമ്പനികളെത്തി. പുരുഷ ടീമിനൊപ്പമല്ലെങ്കിലും വനിതാ ടീമും പരിഗണിക്കപ്പെട്ടു. ശാന്ത രംഗസ്വാമിക്ക് പിന്നാലെ ഡയാന എഡുൾജി, നീതു ഡേവിഡ്, അഞ്‌ജും ചോപ്ര തുടങ്ങിയ താരങ്ങൾ ഇന്ത്യൻ ടീമിനെ ഉയർത്തി. 1999 ൽ മിതാലി രാജിന്റെ വരവോടെയാണ് ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിൽ ഒരു സൂപ്പർ താരം ഉദിക്കുന്നത്. വനിതാ ക്രിക്കറ്റിലെ ഏറ്റവും മികച്ച റണ്ണടിക്കാരിലൊരാളായ മിതാലിക്കുകീഴിൽ രണ്ട് തവണ ഇന്ത്യ ഏകദിന ലോകകപ്പ് ഫൈനലിലെത്തി. 2005ലും 2017ലും. പക്ഷേ, രണ്ട് തവണയും കണ്ണീരോടെ മടങ്ങേണ്ടിവന്നു. ലോകകപ്പില്ലാതെ അപൂർണമായി മിതാലിയുടെ കളിജീവിതം അവസാനിക്കുകയും ചെയ്‌തു.
ഹർമൻപ്രീത് കൗർ എന്ന പഞ്ചാബുകാരിക്കായിരുന്നു അടുത്ത ചുമതല. വനിതാ ക്രിക്കറ്റിൽ വലിയ മാറ്റങ്ങൾ സംഭവിക്കുന്ന കാലഘട്ടത്തിലാണ് ഹർമൻപ്രീതിന്റെ വരവ്. ഫ്രാഞ്ചൈസി ക്രിക്കറ്റിലും വനിതകൾ പേരുചേർത്തു. 2023ൽ ബിസിസിഐ വനിതാ പ്രീമിയർ ലീഗിന് തുടക്കമിട്ടത് വലിയ മാറ്റത്തിനാണ് വഴിയൊരുക്കിയത്. ഒട്ടേറെ പ്രതിഭകൾ ആ വഴി കടന്നുവന്നു.
മിതാലിക്കുപോലും കൈവരിക്കാൻ കഴിയാത്ത നേട്ടമാണ് ഹർമൻപ്രീതിന് സാധിച്ചത്. ഇന്ത്യൻ ക്രിക്കറ്റിലെ മറ്റൊരു വീരഗാഥയായി അത് വാഴ്‌ത്തപ്പെടും. കപിൽ ദേവും മഹേന്ദ്ര സിങ് ധോണിയും രോഹിത് ശർമയും ഉൾപ്പെട്ട ലോക ജേതാക്കളുടെ നായകനിരയിലാണ് ഇനി പഞ്ചാബുകാരിയും. ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ റണ്ണടിക്കുന്ന ഇന്ത്യൻ താരമായ വൈസ് ക്യാപ്‌റ്റൻ സ്‌മൃതി മന്ദാനയും ലോകകപ്പിന്റെ താരമായി തെരഞ്ഞെടുക്കപ്പട്ട ദീപ്‌തി ശർമയും ലോകകപ്പ് ജയത്തിൽ നിർണായക പങ്കാളികളായി. 22 വിക്കറ്റും 215 റണ്ണുമാണ് ദീപ്‌തി ലോകകപ്പിൽ നേടിയത്. ഫൈനലിൽ മാത്രം അഞ്ച് വിക്കറ്റും 58 റണ്ണും. പുരുഷ ക്രിക്കറ്റിൽപ്പോലും സംഭവിക്കാത്ത നേട്ടം.
ഫൈനലിൽ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ട ഷഫാലി വർമയുടെ തിരിച്ചുവരവിന്റെ ഉജ്വല അധ്യായംകൂടി ചേർത്താൽ മാത്രമേ ലോകകപ്പ് വിജയത്തിന്റെ ചിത്രം പൂർത്തിയാകൂ. ഒരു വർഷത്തോളം ടീമിന് പുറത്തുണ്ടായിരുന്ന ഇരുപത്തൊന്നുകാരിക്ക് മറ്റൊരു താരം പ്രതിക റാവലിന്റെ പരിക്കാണ് തിരിച്ചുവരവിന് വഴിയൊരുക്കിയത്.
വനിതാ ക്രിക്കറ്റിലെ വലിയ മാറ്റങ്ങളുടെ ഫലം കേരളത്തിലും സംഭവിച്ചിട്ടുണ്ട്. മിന്നുമണിയും എസ് സജനയും ആശാ ശോഭനയും രാജ്യാന്തര താരങ്ങളായി. രാജ്യത്തെ ഓരോ പെൺകുട്ടിക്കും പ്രചോദനമാണ് ലോകകപ്പ് ജയം. ഇതിന് തുടർച്ചയുണ്ടാകട്ടെ, പുതിയ താരങ്ങൾ ഉദിച്ചുയരട്ടെ.










0 comments