Deshabhimani

print edition എന്ത് ഭയന്നാണ് ഈ അട്ടിമറി

deshabhimani editorial
വെബ് ഡെസ്ക്

Published on Oct 26, 2026, 01:31 AM | 2 min read

സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ അധികാരം കൈക്കലാക്കിയ ഭരണവർഗത്തിന്റെ അഴിമതിക്കും ദുഷ്‌പ്രഭുത്വത്തിനും എതിരായ ദീർഘകാല പോരാട്ടങ്ങളുടെ ഉൽപ്പന്നമായിരുന്നു വിവരാവകാശ നിയമം. ഇടതുപക്ഷത്തിന്റെ നിർണായക പിന്തുണയിൽ ഒന്നാം യുപിഎ സർക്കാർ 2005ൽ പാസാക്കിയ നിയമം രാജ്യത്ത്‌ ഭരണസംവിധാനം സുതാര്യമാക്കുന്നതിൽ വലിയ പങ്കാണ്‌ വഹിച്ചുവരുന്നത്‌. ഇടതുപക്ഷം നിരന്തര സമ്മർദം ചെലുത്തിയും വിട്ടുവീഴ്‌ചയില്ലാത്ത നിലപാട്‌ എടുത്തുമാണ്‌ വിവരാവകാശ നിയമം യാഥാർഥ്യമാക്കിയത്‌. അഴിമതിക്കും കൊള്ളയ്‌ക്കും ഒരുപരിധിയോളം പ്രതിബന്ധമായ ഇ‍ൗ നിയമം അട്ടിമറിക്കാൻ കേന്ദ്രവും വിവിധ സംസ്ഥാന സർക്കാരുകളും പലതവണ ശ്രമിച്ചിട്ടുണ്ടെങ്കിലും പൂർണമായി വിജയിച്ചിട്ടില്ല.


വിവരാവകാശ നിയമത്തിന്റെ പിതൃത്വം അവകാശപ്പെടുന്ന കോൺഗ്രസ്‌ നേതൃത്വം നൽകുന്ന യുഡിഎഫ്‌ സർക്കാരുകളും ഇ‍ൗ നിയമത്തിനു വഴങ്ങാൻ സന്നദ്ധരല്ല. മുമ്പ്‌ ഉമ്മൻചാണ്ടി സർക്കാർ വിവരാവകാശ നിയമത്തിന്റെ പരിധിയിൽനിന്ന്‌ വിജിലൻസിലെ പ്രധാന വകുപ്പുകളെ ഒഴിവാക്കിയിരുന്നു. അന്നത്തെ സർക്കാരിനെതിരെ അഴിമതിയാരോപണങ്ങൾ കത്തിനിന്ന സാഹചര്യത്തിലായിരുന്നു ആ നടപടി. പിന്നീട്‌ അധികാരത്തിൽ വന്ന എൽഡിഎഫ്‌ സർക്കാർ അത്‌ തിരുത്തുകയും വിവരാവകാശ നിയമത്തിന്റെ അന്തഃസത്ത സംരക്ഷിക്കുകയും ചെയ്‌തു.


​ഇപ്പോൾ വി ഡി സതീശൻ സർക്കാർ വിജിലൻസിന്റെ ടി1, ടി2 സെക്‌ഷനുകളെ വിവരാവകാശ നിയമത്തിന്റെ പരിധിയിൽനിന്ന്‌ ഒഴിവാക്കിയിരിക്കുന്നു. ഉന്നത രാഷ്‌ട്രീയ നേതാക്കൾക്കും ഉദ്യോഗസ്ഥർക്കും എതിരായ രഹസ്യവിവരങ്ങൾ കൈകാര്യം ചെയ്യുന്ന സെക്‌ഷനുകളാണ്‌ ഇവ. വി ഡി സതീശനെതിരായ പുനർജനി ഫണ്ട്‌ ക്രമക്കേട്‌ അന്വേഷണം അവസാനിപ്പിക്കാൻ വിജിലൻസ്‌ തീരുമാനിച്ചതിനെ തുടർന്നാണ്‌ ഇ‍ൗ നടപടിയും. പ്രതിപക്ഷ നേതാവായിരിക്കെ വി ഡി സതീശൻ പുനർജനി പദ്ധതിയുടെ പേരിൽ വിദേശത്തുനിന്ന്‌ സംഭാവന പിരിച്ചതുമായി ബന്ധപ്പെട്ട വിജിലൻസ്‌ അന്വേഷണ റിപ്പോർട്ടുകൾ ഇനി സർക്കാരിന്‌ പൂഴ്‌ത്തിവയ്‌ക്കാം. ഇ‍ൗ അന്വേഷണ റിപ്പോർട്ടുകൾ ആവശ്യപ്പെട്ട്‌ മാധ്യമപ്രവർത്തകരും പൊതുപ്രവർത്തകരും വിവരാവകാശ നിയമപ്രകാരം അപേക്ഷിച്ചിരുന്നു.


ഇതുവഴി വിവരങ്ങൾ പുറത്തുവന്നാൽ വിജിലൻസ്‌ അന്വേഷണം യുഡിഎഫ്‌ സർക്കാർ അട്ടിമറിച്ചതിന്റെ വിശദാംശങ്ങൾ വെളിച്ചത്തുവരുമെന്ന്‌ ഭയന്നാണ്‌ വിജിലൻസിലെ ടി1, ടി2 സെക്‌ഷനുകളെ വിവരാവകാശ നിയമപരിധിയിൽനിന്ന്‌ ഒഴിവാക്കിയത്‌. ഇത്‌ രണ്ടും ടോപ് സീക്രട്ട്‌ വിഷയങ്ങളാണ്‌ കൈകാര്യം ചെയ്യുന്നതെന്ന്‌ സർക്കാർ അവകാശപ്പെടുന്നു. അഴിമതിയാരോപണങ്ങളും അന്വേഷണങ്ങളും ഒരു സാഹചര്യത്തിലും വിവരാവകാശ നിയമത്തിന്റെ പരിധിയിൽനിന്ന്‌ ഒഴിവാക്കരുതെന്ന വിവരാവകാശ നിയമവ്യവസ്ഥയുടെ ലംഘനമാണ്‌ സംസ്ഥാന സർക്കാർ നടപടി.


രാജ്യരക്ഷയും പ്രതിരോധവുമടക്കമുള്ള വിഷയങ്ങൾ വിവരാവകാശ നിയമത്തിന്റെ പരിധിയിൽനിന്ന്‌ ഒഴിവാക്കാനാണ് സർക്കാരുകൾക്ക്‌ അധികാരമുള്ളത്‌. ക്രമക്കേടും അഴിമതിയും അന്വേഷിക്കുന്ന വിജിലൻസിനെ വിവരാവകാശ നിയമപരിധിയിൽനിന്ന്‌ ഒഴിവാക്കുന്നത്‌ ഭരണഘടനാവിരുദ്ധമാണ്‌. അഴിമതി ആരോപണങ്ങളുമായോ മനുഷ്യാവകാശ ലംഘനങ്ങളുമായോ ബന്ധപ്പെട്ട ഒരു വിവരവും വിവരാവകാശ നിയമത്തിന്റെ പരിധിയിൽനിന്ന് ഒഴിവാക്കാൻ പാടില്ലെന്നതാണ്‌ ഇ‍ൗ നിയമത്തിന്റെ 24 (4)ലെ നിബന്ധന. ദേശസുരക്ഷയൊഴികെയുള്ള വിഷയങ്ങൾ ഇ‍ൗ നിയമത്തിന്റെ പരിധിയിൽനിന്ന്‌ ഒഴിവാക്കരുതെന്ന്‌ സുപ്രീംകോടതി ഉത്തരവുണ്ട്‌.


അഴിമതിവിരുദ്ധ അന്വേഷണങ്ങൾ നടത്തുന്ന വിജിലൻസ്‌ രഹസ്യാന്വേഷണ ഏജൻസിയോ സുരക്ഷാസംവിധാനമോ അല്ല. അങ്ങനെയുള്ള സംവിധാനത്തിലെ സുപ്രധാന സെക്‌ഷനുകൾ വിവരാവകാശ നിയമത്തിന്റെ പരിധിയിൽനിന്ന്‌ മാറ്റിയത്‌ സദുദ്ദേശ്യത്തോടെയാണെന്ന്‌ കരുതാനാകില്ല. ഭരണാധികാരികളുടെയും ഉന്നതരുടെയും അഴിമതികൾ പൊതുജനങ്ങളിൽനിന്ന്‌ മറച്ചുപിടിക്കാനുള്ള തത്രപ്പാടിന്റെ ഭാഗമായാണ്‌ ഇ‍ൗ നിയമവിരുദ്ധ നടപടി.


യുഡിഎഫ്‌ സർക്കാരിന്‌ മറച്ചുവയ്‌ക്കാൻ അഴിമതിയും ക്രമക്കേടും സ്വാഭാവികമായും ധാരാളമായി ഉണ്ടാകും. ഉമ്മൻചാണ്ടി സർക്കാർ അവസാനകാലത്ത്‌ ചെയ്‌തത്‌ സതീശൻ തുടക്കത്തിൽത്തന്നെ ചെയ്‌തുവയ്‌ക്കുന്നുവെന്നതാണ്‌ പ്രധാനം. വിവരാവകാശ നിയമത്തെ ദുർബലപ്പെടുത്തുന്ന ബിജെപി സർക്കാരിന്റെ അതേ വഴിയിലൂടെയാണ് സതീശൻ സർക്കാരിന്റെ സഞ്ചാരം. ഡിജിറ്റൽ വ്യക്തിഗത ഡാറ്റാ സംരക്ഷണ നിയമത്തിന്റെ മറവിലും വിവരാവകാശ നിയമത്തി-ൽ വരുത്തിയ ഭേദഗതികളിലൂടെയും പൊതുതാൽപ്പര്യമുള്ള പല വിവരങ്ങളും "വ്യക്തിവിവരങ്ങൾ' എന്ന ലേബലിൽ കേന്ദ്ര സർക്കാർ മൂടിവയ്ക്കുകയാണ്. ഉദ്യോഗസ്ഥരുടെ ആസ്‌തി വിവരങ്ങൾ, ഔദ്യോഗിക നിയമനങ്ങൾ, ക്ഷേമപദ്ധതികളുടെ ഗുണഭോക്തൃ പട്ടികകൾ തുടങ്ങിയ വിവരങ്ങൾ പോലും പൗരന്മാരിൽനിന്ന് മറച്ചുവയ്‌ക്കുന്നു. സംസ്ഥാനത്ത്‌ ഭരണമാറ്റത്തിനായി നിലകൊണ്ടവർ ഇതൊക്കെ മനസ്സിലാക്കുന്നത്‌ നല്ലതാണ്‌. ഏതായാലും, വിവരാവകാശ നിയമത്തിന്റെ അടിത്തറ തോണ്ടുന്ന സർക്കാർ നടപടിക്കെതിരെ അതിശക്തമായ ജനവികാരവും പ്രക്ഷോഭവും ഉയരേണ്ടതുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home