ആൾക്കൂട്ട ആക്രമണത്തിന് കളമൊരുക്കുന്നത് സംഘപരിവാർ

ആൾക്കൂട്ട ആക്രമണം രാജ്യത്ത് പ്രകടമായത് ബിജെപിക്ക് തനിച്ച് ലോക്‌സഭയിൽ കേവല ഭൂരിപക്ഷം ലഭിച്ചതോടെയാണ്. രാജ്യതലസ്ഥാനത്തിന് തൊട്ടരികിൽ, ഉത്തർപ്രദേശിലെ ദാദ്രിയിൽ 2015 സെപ്‌തംബർ 28ന് വീട്ടിൽ ഉറങ്ങിക്കിടന്ന മുഹമ്മദ് അഖ്‌ലാക് എന്ന ഗൃഹനാഥനെ അക്രമികൾ തല്ലിക്കൊന്നത് തുടക്കംമാത്രമായിരുന്നുവെന്ന് പിന്നീടുണ്ടായ സംഭവങ്ങൾ തെളിയിച്ചു. പശുവിനെ കൊന്ന് മാംസം ഭക്ഷിച്ചുവെന്ന സംശയത്തിന്റെ പേരിലാണ് അയൽവാസികൾ അടക്കമുള്ള സംഘം അഖ്‌ലാക്കിനെ കൊലപ്പെടുത്തുകയും കുടുംബാംഗങ്ങളെ ആക്രമിക്കുകയും ചെയ്‌തത്. ഗോരക്ഷാസംഘങ്ങൾ എന്ന പേരിൽ പ്രവർത്തിക്കുന്നവർ ഇതിന്റെ തുടർച്ചയായി ഉത്തരേന്ത്യയിൽ വ്യാപകമായി അഴിഞ്ഞാടി.
ഹരിയാന, രാജസ്ഥാൻ, ഉത്തർപ്രദേശ്, ജാർഖണ്ഡ്, അസം തുടങ്ങിയ സംസ്ഥാനങ്ങളിൽ ഡസൻകണക്കിനുപേർ കൊല്ലപ്പെടുകയും ഭീതിയും അരക്ഷിതാവസ്ഥയും രൂപംകൊള്ളുകയും ചെയ്‌തു. മുഖ്യമായും ന്യൂനപക്ഷങ്ങളും ദളിതരുമാണ് ആക്രമണങ്ങൾക്ക് ഇരകളായത്. ക്രമേണ ഇത്തരം ആക്രമണങ്ങൾക്ക് പ്രേരകമാകുന്ന വിദ്വേഷപ്രചാരണത്തിന് തീവ്രത കൂടി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത്‌ഷായും അടക്കമുള്ള ബിജെപി നേതാക്കൾ പരസ്യമായി വർഗീയ–വിദ്വേഷ സ്വഭാവമുള്ള പ്രസ്‌താവനകൾ നടത്തിവരികയാണ്. നുഴഞ്ഞുകയറ്റക്കാർ രാജ്യത്ത് പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നുവെന്ന പരാമർശം പ്രധാനമന്ത്രി ആവർത്തിക്കുന്നത് അങ്ങേയറ്റം ആശങ്കാജനകമാണ്.
ഉപജീവനാർഥം ആഭ്യന്തര കുടിയേറ്റം അനിവാര്യമായ സാഹചര്യമാണ് രാജ്യത്ത് നിലനിൽക്കുന്നത്. മിക്കവാറും എല്ലാ സംസ്ഥാനങ്ങളിൽനിന്നും മറ്റ് സംസ്ഥാനങ്ങളിലേക്ക് ആളുകൾ താൽക്കാലികമായോ സ്ഥിരമായോ കുടിയേറുന്നു. സ്വന്തം സംസ്ഥാനം വിട്ട് കുടിയേറിയവർ ഏഴുകോടിയിൽപ്പരം വരുമെന്നാണ് ആധികാരികപഠനങ്ങൾ വ്യക്തമാക്കുന്നത്. മറ്റു നാടുകളിലേക്ക് തൊഴിൽ തേടി പോകുന്നവരിൽ ഏറിയപങ്കും ഉത്തർപ്രദേശ്, ബിഹാർ, രാജസ്ഥാൻ, ഒഡിഷ എന്നീ സംസ്ഥാനങ്ങളിൽനിന്നാണെന്ന് മനുഷ്യാവകാശ സംഘടനകളുടെ റിപ്പോർട്ടുകളിൽ പറയുന്നു. 2021ൽ നടക്കേണ്ടിയിരുന്ന സെൻസസ് കേന്ദ്രം നീട്ടിക്കൊണ്ടുപോകുന്നതിനാൽ ഒൗദ്യോഗിക കണക്ക് ലഭ്യമല്ല. ജീവിതം മുന്നോട്ടുനീക്കാൻ കുടിയേറുന്നവരിൽ മഹാഭൂരിപക്ഷവും ദരിദ്രരും നിരക്ഷരരുമാണ്. വിദ്വേഷപ്രചാരണം സൃഷ്ടിക്കുന്ന ആൾക്കൂട്ട ആക്രമണങ്ങളുടെ ഇരകളും ഇൗ വിഭാഗത്തിൽപ്പെടുന്നവരാണ്. മോഷ്ടാക്കളെന്നും നുഴഞ്ഞുകയറ്റക്കാരെന്നും ഗോമാംസം ഭക്ഷിക്കുന്നവരെന്നും ആരോപിച്ച് നിരപരാധികളെ തല്ലിക്കൊല്ലുന്നു. വിശപ്പടക്കാൻ തൊഴിൽ അന്വേഷിച്ചെത്തുന്ന, നാട്ടിലെ ഭാഷയോ രീതികളോ അറിയാത്ത നിസ്വർ ക്രൂരമായ പീഡനങ്ങൾക്ക് വിധേയരാകുന്നു.
വിദ്വേഷപ്രചാരണത്തിന്റെ അപകടവും ഭവിഷ്യത്തും ചൂണ്ടിക്കാട്ടി ഇടതുപക്ഷപാർടികളും അഖിലേന്ത്യ കിസാൻസഭ പോലുള്ള കർഷകപ്രസ്ഥാനങ്ങളും തുടക്കംമുതൽ രംഗത്തുവന്നു. ഇടതുപക്ഷം താരതമ്യേന ദുർബലമായ ഉത്തരേന്ത്യയിൽ, ഇത്തരം ആക്രമണങ്ങളുടെ ഇരകൾക്കും കുടുംബങ്ങൾക്കും നീതി ലഭ്യമാക്കാനും കുറ്റവാളികൾക്ക് ശിക്ഷ ഉറപ്പാക്കാനും ഇടതുപക്ഷപാർടികൾ ശക്തമായി ഇടപെട്ടു. നിയമപോരാട്ടത്തിന് നേതൃത്വം നൽകുകയും പാർലമെന്റിന് അകത്തും പുറത്തും പ്രതിഷേധം ഉയർത്തുകയും ചെയ്‌തു. രാജ്യത്തെ മുഖ്യപ്രതിപക്ഷമായ കോൺഗ്രസ് അന്നൊക്കെ ഇൗ പ്രശ്‌നത്തിൽ നിസ്സംഗത പുലർത്തുകയാണ് ചെയ്‌തത്. ന്യൂനപക്ഷവിഭാഗങ്ങൾക്കുനേരെ ഗോരക്ഷാസംഘങ്ങൾ ആക്രമണങ്ങൾ നടത്തിയപ്പോൾ പ്രതിരോധം ഉയർത്താൻ കോൺഗ്രസ് തയ്യാറായില്ല. മാത്രമല്ല, പാലക്കാട്ടുണ്ടായ അങ്ങേയറ്റം അപലപനീയമായ ആൾക്കൂട്ട ആക്രമണത്തിൽ സംസ്ഥാന സർക്കാരിനെ പഴിചാരി സംഘപരിവാറിനെയും ബിജെപിയെയും സംരക്ഷിക്കാനാണ് കോൺഗ്രസ് നേതാക്കൾ ശ്രമിക്കുന്നത്.
പരിഷ്‌കൃതജനതയ്‌ക്ക് അംഗീകരിക്കാൻ കഴിയാത്തതാണ് ആൾക്കൂട്ട ആക്രമണങ്ങൾ. ദൗർഭാഗ്യവശാൽ മതത്തിന്റെയും ജാതിയുടെയും ഭാഷയുടെയും ആഹാരത്തിന്റെയും വേഷത്തിന്റെയും പേരിൽ ആക്രമണങ്ങൾ രാജ്യത്തെ പതിവുരീതിയായി മാറിയിരിക്കുന്നു. ബഹുസ്വരത ശക്തിയും സൗന്ദര്യവുമായ ഇന്ത്യ എന്ന ആശയത്തെ ദുർബലപ്പെടുത്തുന്ന വിദ്വേഷപ്രചാരണത്തിന് അറുതിവരുത്തേണ്ടത് അടിയന്തര ആവശ്യമാണ്. മതനിരപേക്ഷ–ജനാധിപത്യവാദികൾ ഒന്നിച്ചുനിന്നാലേ ഇത് സാധ്യമാകൂ. വിദ്വേഷപ്രചാരണത്തിനും ആൾക്കൂട്ട ആക്രമണങ്ങൾക്കും അടിത്തറപാകിയ സംഘപരിവാർ അജൻഡ തുറന്നുകാട്ടാതെ, സങ്കുചിതരാഷ്‌ട്രീയം കളിക്കുന്ന കോൺഗ്രസ് നിലപാട് വിനാശകരമാണ്.










0 comments